വില്‍പ്പനയുടെ രസതന്ത്രം, മാഗി സ്റ്റൈല്‍

അടുക്കളയില്‍ അമ്മ തിരക്കിട്ട പണിയിലാണ്. വീട്ടിലുള്ളവര്‍ക്ക് പ്രഭാത ഭക്ഷണം പാചകം ചെയ്യണം, കുട്ടികളെ ഒരുക്കി സ്‌കൂളില്‍ അയയ്ക്കണം, ഭര്‍ത്താവിനും തനിക്കും ഉച്ചഭക്ഷണം തയ്യാറാക്കി പായ്ക്ക് ചെയ്യണം. എന്നിട്ടു വേണം ഓഫീസിലേക്ക് പോകുവാന്‍. അമ്മ തിരക്കിട്ട് പാചകം ചെയ്യുമ്പോള്‍ കുട്ടി ഓടിയെത്തുന്നു. ''അമ്മേ എനിക്ക് വിശക്കുന്നു'' അവന്‍ പറയുന്നു. ''രണ്ടു മിനിറ്റ് ക്ഷമിക്കൂ, അമ്മ ഇപ്പോള്‍ തന്നെ തയ്യാറാക്കാം'' അമ്മ ചിരിച്ചുകൊണ്ട് അവനെ ആശ്വസിപ്പിക്കുന്നു.

കുട്ടി തലയാട്ടുന്നു. അവന്‍ ഡൈനിംഗ് ടേബിളില്‍ ഇരിപ്പുറപ്പിക്കുന്നു. അമ്മ മാഗിയുടെ (Maggi) പാക്കറ്റ് എടുത്ത് പൊട്ടിക്കുന്നു. വെറും രണ്ട് മിനിട്ടിനുള്ളില്‍ കുട്ടിയുടെ ഭക്ഷണം റെഡി. ആവി പറക്കുന്ന നൂഡില്‍സ് കുട്ടിയുടെ മുന്നിലെത്തുന്നു. കുട്ടിയുടെ മുഖം വിടരുന്നു. അവന്‍ ആവേശത്തോടെ ഭക്ഷണം കഴിക്കുന്നു. ഭക്ഷണം കഴിഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കി അവന്‍ സ്‌കൂളിലേക്ക് ഓടുന്നു.

പല ഇന്ത്യന്‍ കുടുംബങ്ങളിലും കാണുന്ന കാഴ്ച. എണ്‍പതുകള്‍ക്ക് മുന്‍പേയുള്ള കാലഘട്ടത്തില്‍ ഇങ്ങിനെയൊരു കാഴ്ച നാം കണ്ടിരുന്നില്ല. അല്ലെങ്കില്‍ നൂഡില്‍സ് എന്നൊന്ന് നമ്മള്‍ കേട്ടിട്ടുണ്ടായിരുന്നില്ല. തികച്ചും പരമ്പരാഗതമായ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു ശീലിച്ച നമുക്ക് പുതിയതൊന്നും പരീക്ഷിക്കണമെന്ന് തോന്നിയിരുന്നില്ല. അതായത് നമുക്കൊരു ഭക്ഷണ ശീലം ഉണ്ടായിരുന്നു. തലമുറകളായി നമ്മള്‍ അത് പിന്തുടരുന്നു.

ഇഡ്ഡലി, ദോശ, പുട്ട്

ഒരു ചായയിലോ കാപ്പിയിലോ പ്രഭാതം ആരംഭിക്കുന്ന തെക്കന്‍ ഇന്ത്യക്കാര്‍ ഇഡ്ഡലി, ദോശ, പുട്ട് തുടങ്ങിയ വിഭവങ്ങളാണ് പ്രധാനമായും ബ്രേക്ക്ഫാസ്റ്റിനായി കരുതുന്നത്. നോര്‍ത്ത് ഇന്ത്യയില്‍ അത് റൊട്ടിയോ പൊറാത്തയോ ആകും. വീട്ടിലെ സ്ത്രീകള്‍ അതിരാവിലെ അടുക്കളയില്‍ കയറും. പിന്നെ യുദ്ധമാണ്. ഒരു ദിവസത്തെ ഭക്ഷണം മുഴുവന്‍ വെച്ചുണ്ടാക്കണം. ഓരോ ദിവസവും ഇങ്ങിനെ കടന്നുപോകുന്നു.

ഇത്തരമൊരു യാഥാസ്ഥിതിക, പരമ്പരാഗത ഭക്ഷണ സംവിധാനത്തിലേക്കാണ് നൂഡില്‍സ് കടന്നുവന്നത്. ഒരു പ്രത്യേക ഭക്ഷണ ക്രമം സ്വഭാവമായി മാറിയ മുതിര്‍ന്നവരെ മാറ്റിയെടുക്കുക എളുപ്പമല്ല. പുതിയ ഭക്ഷണം പരീക്ഷിക്കുവാന്‍ കൂടുതല്‍ ആളുകളും മടിക്കും (എണ്‍പതുകളിലെ കാര്യമാണെട്ടോ). ഉപഭോക്താക്കളുടെ മനശാസ്ത്രം വളരെ രസകരമാണ്, മനസ്സിലാക്കുവാന്‍ അല്‍പ്പം ബുദ്ധിമുട്ടുള്ളതും. ആഴത്തില്‍ വേരൂന്നിയ ഈ ശീലത്തില്‍ വ്യത്യാസം വരുത്തണം, എങ്ങിനെ?

ലക്ഷ്യം കുട്ടികള്‍

ഭക്ഷണ ശീലം ഉറഞ്ഞുപോയ മുതിര്‍ന്നവരെ ലക്ഷ്യം വെക്കുന്നതിനേക്കാള്‍ നല്ലത്. അത്തരമൊരു ശീലത്തിലേക്ക് മാറ്റിയെടുക്കപ്പെട്ടിട്ടില്ലാത്ത കുട്ടികളെ ലക്ഷ്യം വെക്കുന്നതാണ്. ശരിയല്ലേ? അവര്‍ പുതിയതെന്തും സ്വീകരിക്കാന്‍ തയ്യാറാകും, രുചി പിടിച്ചുപോയാല്‍ അതില്‍ തുടരും, അമ്മമാരെ അത് പാചകം ചെയ്തു തരാനായി അവര്‍ നിര്‍ബന്ധിക്കും, പിന്നെയോ വിശക്കുമ്പോള്‍ തന്നെ പെട്ടെന്ന് ആഹാരം കിട്ടണം. പരമ്പരാഗത വിഭവങ്ങള്‍ തയ്യാറാക്കുന്ന കാലതാമസം കുട്ടികളുടെ വിശപ്പ് കെടുത്താന്‍ സമയമെടുക്കും.

കുട്ടികള്‍ക്ക് എപ്പോഴാണ് വിശക്കുന്നതെന്നും പറയാന്‍ പറ്റില്ല. സ്‌കൂളിലേക്ക് പോകുമ്പോള്‍, പഠനമൊക്കെ കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോള്‍, വൈകുന്നേരം കൂട്ടുകാരൊത്തുള്ള കളികള്‍ കഴിയുമ്പോള്‍, രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ്. അങ്ങിനെയങ്ങിനെ അവര്‍ക്ക് പ്രത്യേക സമയമൊന്നുമില്ല. വയര്‍ കത്തിക്കാളുമ്പോള്‍ അമ്മ ആഹാരം തയ്യാറാക്കാന്‍ കൂടുതല്‍ സമയം എടുത്താലോ. പുകില്‍ പറഞ്ഞറിയിക്കേണ്ട.

മാഗിയുടെ മനശാസ്ത്രം

പരമ്പരാഗത ഭക്ഷണ ശീലങ്ങളില്‍ അടിയുറച്ച ഇന്ത്യന്‍ കുടുംബങ്ങളിലേക്ക് മാഗി നൂഡില്‍സ് കടന്നുകയറിയത് ഈ മനശാസ്ത്രം ഉപയോഗിച്ചാണ്. വെറും രണ്ടുമിനിട്ടിനുള്ളില്‍ ചൂടുള്ള, സ്വാദിഷ്ടമായ സ്‌നാക്ക്. അമ്മമാര്‍ക്ക് തയ്യാറാക്കുവാന്‍ എന്തെളുപ്പം, കുട്ടികള്‍ക്ക് എത്രയിഷ്ടം. നൂഡില്‍സ് കുട്ടികളുടെ ഭക്ഷണമേശയിലെ രാജാവാകുവാന്‍ അധിക താമസം വേണ്ടിവന്നില്ല.

മാഗിയുടെ പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ മനശാസ്ത്രത്തെ എത്ര സമര്‍ത്ഥമായാണ് അവര്‍ ഉപയോഗിച്ചിരിക്കുന്നത് എന്നറിയാം. അമ്മ നൂഡില്‍സ് പാക്കറ്റില്‍ നിന്നുമെടുത്ത് പൊട്ടിച്ച് വെള്ളത്തിലേക്കിടുന്നു. വെറുതെ നൂഡില്‍സ് മാത്രമല്ല നുറുക്കിയ പച്ചക്കറികളും കൂടെ ചേര്‍ക്കുന്നു. അമ്മയ്ക്ക് തന്റെ കുഞ്ഞിനായി പാചകം ചെയ്യുന്ന സംതൃപ്തി ഇതില്‍ നിന്നും ലഭിക്കുന്നു. രണ്ട് മിനിറ്റില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഈ ഭക്ഷണത്തിന് അമ്മമാരുടേയും കുട്ടികളുടേയും ഇഷ്ടവിഭവമാകുവാന്‍ അധികം കാത്തിരിക്കേണ്ട ആവശ്യം വന്നില്ല.

സൗകര്യത്തിലും രുചിയിലും ഊന്നല്‍

വിപണിയില്‍ ഭക്ഷണം ലഭ്യമായിരുന്നു. ഭക്ഷണത്തിന്റെ ആവശ്യകതയെ (Demand) മുന്‍നിര്‍ത്തിയായിരുന്നില്ല മാഗി മാര്‍ക്കറ്റിംഗ് രൂപകല്‍പ്പന ചെയ്തത്. ഞങ്ങള്‍ നിങ്ങള്‍ക്ക് രുചിയുള്ള ഭക്ഷണം നല്‍കുന്നു നിങ്ങളിത് കഴിക്കൂ എന്നായിരുന്നു മാഗി പരസ്യം ചെയ്തിരുന്നതെങ്കിലോ? പരമ്പരാഗത ഭക്ഷണത്തെ സ്‌നേഹിച്ചിരുന്ന, ശീലമാക്കിയ ഇന്ത്യക്കാര്‍ നൂഡില്‍സിനെ സ്വീകരിക്കുമായിരുന്നില്ല. എന്നാല്‍ മാഗി പാചകം ചെയ്യുവാനുള്ള സൗകര്യത്തിലും (Convenience) രുചിയിലുമാണ് (Taste) ഊന്നല്‍ നല്‍കി ഉല്‍പ്പന്നം മാര്‍ക്കറ്റ് ചെയ്തത്. കുട്ടികളെ ലക്ഷ്യം വയ്ക്കുക എന്ന തന്ത്രത്തിലൂടെ മാഗി വിപണിയില്‍ വിജയം നേടി.

വിപണന തന്ത്രത്തിന് രൂപം നല്‍കുന്നത് ആഴത്തിലുള്ള ഗവേഷണത്തിന് ശേഷമാണ്. ഉല്‍പ്പന്നം എത്ര നല്ലതാവട്ടെ ഉപഭോക്താക്കളെ കൃത്യമായി ടാര്‍ഗറ്റ് ചെയ്ത് പൊസിഷന്‍ ചെയ്തില്ലെങ്കില്‍ അത് വലിയ പരാജയമായി മാറും. ഇന്ത്യക്കാരുടെ ഭക്ഷണ വിഭവങ്ങള്‍, ഭക്ഷണ ക്രമങ്ങള്‍, ഭക്ഷണ ശീലങ്ങള്‍, പാചകം ചെയ്യുമ്പോളുള്ള പ്രശ്‌നങ്ങള്‍ എന്നിവ വിശദമായി പഠിച്ചിട്ടാണ് മാഗി നൂഡില്‍സ് ഇന്ത്യന്‍ വിപണിയിലേക്ക് അവതരിപ്പിച്ചത്. ഓരോ ഉല്‍പ്പന്നവും വിപണിയിലേക്ക് വില്‍പ്പനയ്ക്ക് എത്തും മുന്‍പേ വിപണിയെ ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. മാര്‍ക്കറ്റിംഗില്‍ സംഭവിക്കുന്ന പാളിച്ച മികച്ചൊരു ഉല്‍പ്പന്നത്തിന്റെ പരാജയത്തിന് കാരണമാകും.

ഇപ്പോള്‍ നോക്കൂ, നൂഡില്‍സ് കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടേയും പ്രിയപ്പെട്ട ഭക്ഷണമായിരിക്കുന്നു. നേരമില്ലാത്ത ലോകത്ത് പെട്ടെന്ന് തയ്യാറാക്കുവാനും കഴിക്കാനും എളുപ്പം. ഒറ്റയ്ക്ക് താമസിക്കുന്ന അവിവാഹിതര്‍ക്ക് വലിയ തലവേദനകളൊന്നും കൂടാതെ ഉണ്ടാക്കി വയറു നിറയ്ക്കാന്‍ പറ്റിയ ഭക്ഷണം. മാഗി ഇന്ത്യന്‍ ഭക്ഷണ ശീലത്തില്‍ വലിയൊരു മാറ്റം കൊണ്ടുവന്നു. മാര്‍ക്കറ്റിംഗ് ഒരു കലയായി മാറുന്നത് ഇവിടെയാണ്.

Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it