Begin typing your search above and press return to search.
സെലിബ്രിറ്റി വ്യക്തികളിൽ നിന്നും സെലിബ്രിറ്റി ഉത്പന്നത്തിലേക്ക്, മാർക്കറ്റിംഗ് രംഗത്തെ പുതിയ മാറ്റങ്ങൾ ഇങ്ങനെ
'മാറുന്ന മാർക്കറ്റിംഗ് രീതികൾ' എന്ന വിഷയത്തിന് എന്നും പ്രാധാന്യവും പുതുമയുമുണ്ട്.
ബിസിനസ് ചെയ്യുന്ന രീതിയും മാർക്കറ്റിംഗ് തന്ത്രങ്ങളും നിരന്തരമായി മാറിക്കൊണ്ടിരിക്കുന്നു, അതിന് കാരണമാകുന്നതിൽ വലിയ പങ്കും വഹിക്കുന്നത് സാങ്കേതികവിദ്യയുടെ വളർച്ചയാണ്. സാങ്കേതികവിദ്യയുടെ വളർച്ച വളരെ വേഗത്തിലായതുകൊണ്ടുതന്നെ ഓരോ ഘട്ടത്തിലും അതിനനുസരിച്ച തന്ത്രങ്ങൾ പ്രയോഗിച്ചില്ലെങ്കിൽ സംരംഭം മാർക്കറ്റിൽ വളരെ പുറകോട്ടുപോകും.
അതിനാൽ സാങ്കേതിക വിദ്യയിൽ അപ്ഡേറ്റഡായിരിക്കുകയും അതിനെ അടിസ്‌ഥാനപ്പെടുത്തിയുള്ള മാർക്കറ്റിംഗ് രീതികൾ പ്രയോഗിക്കാനും സംരംഭകനും മാർക്കറ്റിംഗ് പ്രൊഫഷണലുകളും സജ്ജരായിരിക്കണം.
മാർക്കറ്റിംഗ് ലോകത്തെ ചില രീതികളിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഞാൻ ഇവിടെ അവതരിപ്പിക്കാം.
പരസ്യങ്ങളിൽ നിന്നും ഇൻഫോർടൈൻമെന്റിലേക്ക്:
ഉത്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അതേപോലെ വിവരിച്ച് പരസ്യം ചെയ്യുന്ന ആ കാലത്തിൽ നിന്നും ആളുകളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഇന്ഫോർറ്റൈന്മെന്റ് (അതായത് ഇൻഫൊർമേഷനും എന്റെർറ്റൈന്മെന്റും ചേർന്നത്)രീതിയിലേക്ക് മാറിയിട്ട് കുറച്ച് കാലമായി. ആർക്കും ഇന്ന് സൗജന്യമായി പരസ്യം നിർമിക്കാം എന്നതിനാൽത്തന്നെ പരസ്യങ്ങളുടെ കൂമ്പാരത്തിനിടയിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അവരെ രസിപ്പിക്കേണ്ടതും ആവശ്യമാണ്. അതായത് വിവരങ്ങളുടെയും വിനോദത്തിൻ്റെയും മിശ്രിതം.
ഉപയോക്താക്കളിൽ നിന്നും ആരാധകരിലേക്ക്:
ഒരു ഉത്പന്നത്തിന്റെ പരസ്യം കാണുന്നു, അത് വാങ്ങുന്നു. അടുത്ത ഉത്പന്നത്തിന്റെ പരസ്യം കാണുന്നു; ആദ്യത്തേത് വേണ്ടെന്ന് വച്ച് പുതിയത് വാങ്ങുന്നു. ഈ രീതിയിൽ നിന്നും നമ്മൾ വൈകാരികതലത്തിൽ ഉത്പന്നങ്ങളെ വാങ്ങുന്ന തലത്തിലേക്ക് ഒരു പരിധിവരെയെങ്കിലും മാറിയിട്ടുണ്ട്. അതായത് ഉപയോക്താക്കളിൽ നിന്നും ഉത്പന്നങ്ങളുടെ ആരാധകരായി ആളുകൾ മാറുന്നു. ഇത്തരം ആരാധകർ വൈകാരികമായി ആ ബ്രാൻഡിനെ നോക്കികാണുന്നതുകൊണ്ടുതന്നെ ആ ഉത്പന്നത്തിലെ പിഴവുകൾ അവർ സാരമായി എടുക്കുകയില്ല. റോയൽ എൻഫീൽഡ് എന്ന ബ്രാൻഡിനെ വൈകാരികമായി നോക്കിക്കാണുന്ന വ്യക്തി ഒരു ഉപയോക്താവ് മാത്രമല്ല, പകരം ആരാധകൻ കൂടിയാണ്. ഇത്തരം ആരാധകരെ സൃഷ്ടിക്കുക എന്ന ലക്ഷ്യവും ഇന്ന് സ്ഥാപനങ്ങൾക്കുണ്ട്.
പ്രൊമോഷനിൽ നിന്നും കൊളാബ്രേഷനിലേക്ക്:
ഇൻസ്റ്റാഗ്രാമിന്റെ വളർച്ചയ്ക്ക് ശേഷമായിരിക്കും കൊളാബ്രേഷൻ(Collabration) എന്ന വാക്ക് ഇത്രയും പ്രചാരത്തിലെത്തിയത്. ഒരു ബിസിനസ് ലക്ഷ്യം വയ്ക്കുന്ന പ്രേക്ഷകരുടെ കൂട്ടം, അവർ ഇഷ്ടപ്പെടുകയും പിന്തുടരുകയും ചെയ്യുന്ന ഒരു ഇൻഫ്ലുൻസർ ഇന്ന് ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും. ആ ഇൻഫ്ലുൻസറുടെ സഹകരണത്തിൽ ലക്ഷ്യം വയ്ക്കുന്ന ജനങ്ങളിലേക്ക് സ്ഥാപങ്ങൾക്ക് വളരെ എളുപ്പത്തിൽ കടന്നുചെല്ലാൻ കഴിയും. ഇത് മാർക്കറ്റിംഗ് ചെലവ് ഗണ്യമായി കുറയ്ക്കാൻ ബിസിനസ്സുകളെ സഹായിക്കുന്നുണ്ട്. പ്രൊമോഷൻ എന്ന പരമ്പരാഗതമായി ഉപയോഗിക്കുന്ന വാക്കിനെക്കാളും കൂടുതൽ ഇന്ന് പ്രചാരത്തിലുള്ള വാക്കാണ് കൊളാബ്രേഷൻ(Collabration).
ശ്രദ്ധയിൽ നിന്ന് വികാരങ്ങളിലേക്ക്:
ഉപയോക്തൃ ശ്രദ്ധ ഉറപ്പാക്കുക എന്നത് ഒരു കാലത്ത് പരസ്യത്തിൻ്റെ പ്രാഥമിക ലക്ഷ്യമായിരുന്നു. എന്നാൽ, ശ്രദ്ധാകേന്ദ്രങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ബ്രാൻഡുകൾ ഇപ്പോൾ വികാരങ്ങൾ ഉണർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുൻപ് സൂചിപ്പിച്ച ഇൻഫൊർടൈന്മെന്റ് രീതിയിൽ വൈകാരിക അംശം കൂടി കലർത്താൻ ഇന്ന് ബ്രാൻഡുകൾ ശ്രമിക്കുന്നുണ്ട്. എങ്കിലേ അത് ആളുകളുടെ ഓർമയിൽ നിൽക്കുകയുള്ളൂ.
സന്തോഷം, ഗൃഹാതുരത്വം, പ്രചോദനം തുടങ്ങിയവയാണ് ഇന്ന് കച്ചവട സാധ്യത കൂടുതലുള്ള വികാരങ്ങൾ.
സെലിബ്രിറ്റി വ്യക്തികളിൽ നിന്നും സെലിബ്രിറ്റി ഉത്പന്നത്തിലേക്ക്:
പ്രശസ്ത സിനിമ നടനെ കണ്ടാൽ ഓടിച്ചെന്ന് ഒരു സെൽഫി എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിടുന്നതുപോലെതന്നെ ഇന്ന് നമ്മുക്ക് ചില പ്രത്യേക ബ്രാൻഡിന്റെ ഉത്പന്നങ്ങൾ അണിയാനും ചില ബ്രാൻഡഡ് സ്ഥാപങ്ങളുടെ മുന്നിൽ നിന്നോ സെൽഫി എടുത്ത് അത് പങ്കിടാനുമുള്ള ഒരു സ്വഭാവം വളർന്നുവരുന്നുണ്ട്. അതായത് ഉത്പന്നങ്ങൾ തന്നെസെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു. ഉപയോക്താക്കളിൽ നിന്നും നമ്മൾ ആരാധകരായി
മാറുന്നതുപോലെതന്നെ ചില ഉത്പന്നങ്ങൾ സെലിബ്രിറ്റി പദവിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങൾ മനസിലാക്കിയാവണം ബ്രാൻഡിന് മാർക്കറ്റിംഗ് തന്ത്രങ്ങൾ ഒരുക്കേണ്ടത്.
എല്ലാ ബ്രാൻഡുകൾക്കും ഒരേ രീതിയിലുള്ള മാർക്കറ്റിംഗ് ഫലപ്രദമാകില്ല. ഓരോ ഉത്പന്നത്തിനും അഥവാ ബ്രാൻഡിനും അതിന്റേതായ ഒരു വ്യക്തിത്വം (Character) ഉണ്ട്.
അതിനനുസരിച്ചാണ് മാർക്കറ്റിംഗ് രീതികൾ തയ്യാറാക്കേണ്ടത്.
Next Story
Videos