ഒരു നല്ല പ്രവൃത്തി മതി മറ്റുള്ളവരുടെ ജീവിതം തന്നെ മാറും

കഴിഞ്ഞ രണ്ടു വര്‍ഷമായി, ചുരുങ്ങിയത് എന്റെ അടുത്ത ആറ് സുഹൃത്തുക്കളെങ്കിലും അവര്‍ കടുത്ത വിഷാദാവസ്ഥയിലായ സമയമുണ്ടായിരുന്നെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.

അതെന്നെ ആശ്ചര്യപ്പെടുത്തി. പ്രത്യേകിച്ചും ഒരു സുഹൃത്തിന്റെ കാര്യത്തില്‍. അവള്‍ എപ്പോഴും സന്തോഷവതിയായാണ് കാണപ്പെട്ടിരുന്നത്. അതുകൊണ്ടു തന്നെ അവള്‍ വിഷാദത്തിന് അടിമപ്പെട്ടുവെന്നും ഒരുവേള ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ചിരുന്നുവെന്നും സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമായിരുന്നു.
അടുത്തിടെ, ധനം മാഗസിനില്‍ പ്രസിദ്ധീകരിക്കുന്ന എന്റെ ലേഖനം വായിക്കാറുള്ള ഒരാള്‍, അദ്ദേഹം വിഷാദരോഗത്തിന് അടിമയാണെന്നും ആത്മഹത്യയെ കുറിച്ചു പോലും ചിന്തിക്കാറുണ്ടെന്നും പറഞ്ഞ് എനിക്ക് മെയ്ല്‍ അയക്കുകയുണ്ടായി.
ഒരു ഡോക്ടറെ സമീപിച്ചപ്പോള്‍ മരുന്ന് കുറിച്ചു നല്‍കിയിരുന്നു. എങ്കിലും അതുകൊണ്ട് കാര്യമായ ഫലമുണ്ടായില്ലത്രെ. എനിക്ക് ഏതെങ്കിലും നല്ല മനഃശാസ്ത്രജ്ഞനെ അറിയാമെങ്കില്‍ നിര്‍ദ്ദേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
അദ്ദേഹം ഒരു ഗ്രാമവാസിയായതിനാല്‍ ഒരു സൈക്കോളജിസ്റ്റിന്റെ ചികിത്സ തേടി എന്നറിഞ്ഞാല്‍ ആളുകള്‍ എന്തു വിചാരിക്കും എന്നതിനെ കുറിച്ച് അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു.
അദ്ദേഹത്തിൻ്റെ മെയ്ല്‍ വായിച്ചപ്പോള്‍, ഞാന്‍ ഓര്‍ത്തു, പുറമേ യാതൊരു കുഴപ്പവും തോന്നാത്ത ആളുകള്‍- അടുത്ത സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ആയാലും- കടന്നു പോകുന്ന വേദനകളെ കുറിച്ച് നമുക്ക് പലപ്പോഴും അറിയാനേ കഴിയുന്നില്ലല്ലോ എന്ന്.
ഇത് തന്നെ എല്ലാവരോടും ദയയോടെ പെരുമാറാന്‍ നമുക്ക് പ്രേരണയാകുന്ന നല്ല കാരണമാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങളോട് ദയയില്ലാതെ പെരുമാറുന്നവര്‍ ഒരു പക്ഷേ കടുത്ത പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നവരായിരിക്കാം.
നിങ്ങള്‍ കണ്ടുമുട്ടുന്ന എല്ലാവരോടും നന്നായി പെരുമാറാൻ, അവര്‍ വൈകാരികമായി ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുകയാണെന്ന് (പുറമേ അങ്ങനെയല്ലെന്ന് തോന്നിയാലും) സങ്കല്‍പ്പിച്ചാല്‍ മതി.
എന്റെ ജീവിതത്തില്‍ തന്നെ, തിരിഞ്ഞു നോക്കുമ്പോള്‍, ഉള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നപ്പോഴാണ് ചുറ്റുമുള്ള ആളുകളോട് മോശമായി പെരുമാറിയിരുന്നതെന്ന് കാണാനാവും.
നമ്മള്‍ മനസ്സിലാക്കിയാലും ഇല്ലെങ്കിലും നമ്മുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും വളരെയേറെ ശക്തിയുണ്ട്.
ഇനി പറയുന്ന യഥാര്‍ത്ഥ കഥ കാണിക്കുന്നതു പോലെ അതിന്് ആളുകളുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയും.
ഒരു ദിവസം മാര്‍ക്ക് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു. അപ്പോഴാണ് മുന്നില്‍ നടന്നിരുന്ന ഒരു കുട്ടി കാലിടറി വീഴുന്നത്. അവന്റെ കൈയിലുണ്ടായിരുന്ന പുസ്തകങ്ങള്‍ക്കൊപ്പം സ്വെറ്ററുകള്‍, ബേസ് ബോള്‍ ബാറ്റ്, ഗ്ലൗസ്, ഒരു ചെറിയ ടേപ്പ് റെക്കോര്‍ഡര്‍ എന്നിവയെല്ലാം താഴെ വീണു.
മാര്‍ക്ക് മുട്ടുകുത്തിയിരുന്ന് ചിതറി വീണ വസ്തുക്കള്‍ എടുക്കാന്‍ കുട്ടിയെ സഹായിച്ചു. അവര്‍ ഒരേ വഴിക്ക് പോകുന്നതു കൊണ്ട് അവയില്‍ കുറച്ച് സാധങ്ങള്‍ മാര്‍ക്ക് കൈയില്‍ പിടിച്ച് സഹായിച്ചു.
നടക്കുന്നതിനിടയില്‍ കുട്ടിയുടെ പേര് ബില്‍ എന്നാണെന്ന് മാര്‍ക്ക് മനസ്സിലാക്കി. വീഡിയോ ഗെയ്മുകളും ബേസ്‌ബോളും ചരിത്രവും ഒക്കെ ഇഷ്ടപ്പെടുന്ന ഒരു കുട്ടിയായിരുന്നു അവന്‍. എന്നാല്‍ മറ്റു പല വിഷയങ്ങളും ഏറെ ബുദ്ധിമുട്ടായിരുന്നു. അടുത്തിടെ അവന്റെ ഗേള്‍ഫ്രണ്ടുമായുള്ള ബന്ധം തകര്‍ന്നതായും മാര്‍ക്ക് മനസ്സിലാക്കി.
നടന്ന് നടന്ന് ബില്ലിന്റെ വീട്ടിലേക്ക് അവരെത്തി. കോള കുടിക്കാനും ടിവി കാണാനുമായി ബില്‍ മാര്‍ക്കിനെ അകത്തേക്ക് ക്ഷണിച്ചു. കളിയും ചിരിയുമായി സന്തോഷത്തോടെ ഉച്ച മുതല്‍ വൈകുന്നേരം വരെ കടന്നു പോയി. അതിനു ശേഷം മാര്‍ക്ക് വീട്ടിലേക്ക് പോയി.
അവര്‍ പിന്നീട് പലപ്പോഴും സ്‌കൂളില്‍ വെച്ച് കാണുകയും ഒന്നോ രണ്ടോ തവണ ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. അങ്ങനെ അവര്‍ ജൂനിയര്‍ ഹൈസ്‌കൂളിലെ പഠനം പൂര്‍ത്തിയാക്കി. പിന്നീട് അവര്‍ ഒരേ ഹൈസ്‌കൂളില്‍ തന്നെയാണ് പഠിച്ചത്. അവിടെ വല്ലപ്പോഴുമൊക്കെ തമ്മില്‍ കാണാറുണ്ടായിരുന്നു.
ഒടുവില്‍, സീനിയര്‍ ഇയര്‍ സമാഗതമായി. പഠനം പൂര്‍ത്തിയാകുന്നതിന് മൂന്നാഴ്ച മുമ്പ് ഒന്നു സംസാരിക്കാന്‍ പറ്റുമോ എന്ന് ബില്‍ മാര്‍ക്കിനോട് ചോദിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ പരസ്പരം ആദ്യമായി കണ്ട ദിവസത്തെ കുറിച്ച് ബില്‍ അവനെ ഓര്‍മപ്പെടുത്തി.
' ഞാന്‍ എന്തിനാണ് അത്രയും സാധനങ്ങള്‍ ആ ദിവസം വീട്ടിലേക്ക് കൊണ്ടുപോയിരുന്നതെന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ' ബില്‍ ചോദിച്ചു.
' മറ്റാര്‍ക്കും പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ഞാനെന്റെ ലോക്കര്‍ വൃത്തിയാക്കുകയും അമ്മയുടെ ഉറക്കഗുളികകളില്‍ കുറച്ച് കൈക്കലാക്കി ആത്മഹത്യ ചെയ്യാനായി വീട്ടിലേക്ക് പോകുകയുമായിരുന്നു. എന്നാല്‍ നമ്മള്‍ കുറച്ചു നേരം ഒരുമിച്ചിരിക്കുകയും സംസാരിക്കുകയും ചിരിക്കുകയുമൊക്കെ ചെയ്തപ്പോള്‍ ഞാനൊരു കാര്യം മനസ്സിലാക്കി, ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ആ നല്ല നിമിഷങ്ങളും പിന്നീട് വരാവുന്ന അതുപോലെയുള്ള നല്ല അനുഭവങ്ങളും നഷ്ടമാകുമായിരുന്നുവല്ലോ എന്ന് ഞാന്‍ ചിന്തിച്ചു. മാര്‍ക്ക്, നിങ്ങള്‍ അന്ന് ആ പുസ്തകങ്ങള്‍ എടുക്കാന്‍ സഹായിച്ചതിലൂടെ വളരെ വലിയ കാര്യമായിരുന്നു ചെയ്തത്. എന്റെ ജീവന്‍ നീ രക്ഷിച്ചു!'
For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com


*The story mentioned in the post was originally published in Chicken Soup for the Soul by John W. Schlatter*


Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it