നിങ്ങള്‍ക്ക് പറ്റുമോ ഇതുപോലെ ചെയ്യാന്‍; എങ്കില്‍ നേട്ടം നിങ്ങളുടെ കൈവെള്ളയില്‍

മകളുടെ ബര്‍ത്ത്‌ഡേയാണ്. ഒരു കേക്ക് വാങ്ങേണ്ടതുണ്ട്. നിങ്ങള്‍ കേക്ക് ഷോപ്പില്‍ എത്തുന്നു. അവിടെ ധാരാളം കേക്കുകള്‍ ഡിസ്‌പ്ലേ ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് ഏതെങ്കിലുമൊരു കേക്ക് തിരഞ്ഞെടുക്കാം എന്നിട്ട് അതില്‍ ബര്‍ത്ത്‌ഡേ ആശംസകള്‍ എഴുതിക്കാം. എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടത് അവിടെ തയ്യാറാക്കി വെച്ചിരിക്കുന്ന ഒരു കേക്ക് അല്ല. മറിച്ച് നിങ്ങളുടെ മനസ്സിലുള്ള ഡിസൈന്‍ അനുസരിച്ച് തയ്യാറാക്കുന്ന ഒന്നാണ്. അവര്‍ നിങ്ങള്‍ക്കാവശ്യമുള്ള കേക്ക് തയ്യാറാക്കി നല്‍കാമെന്ന് അറിയിക്കുന്നു. നിങ്ങള്‍ സന്തോഷവാനാകുന്നു.

നിങ്ങള്‍ ഓണ്‍ലൈനില്‍ ഷൂ വാങ്ങുവാന്‍ ശ്രമിക്കുകയാണ്. പല ബ്രാന്‍ഡുകളുടേയും വെബ്‌സൈറ്റിലൂടെ നിങ്ങള്‍ കടന്നു പോകുന്നു. എന്നാല്‍ ഡിസൈനുകള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ല. അപ്പോഴതാ ഒരു ബ്രാന്‍ഡ് പറയുന്നു ഡിസൈന്‍ തരൂ. നിങ്ങളുടെ മനസ്സിലുള്ള ഷൂ ഞങ്ങള്‍ നിര്‍മ്മിച്ചു നല്‍കാം. ഇതില്‍പ്പരം ആനന്ദം എന്തുവേണം? നിങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന ഷൂ അവര്‍ നിര്‍മ്മിച്ച് അയച്ചു തരുന്നു. ലോകത്ത് മറ്റാര്‍ക്കും ഇല്ലാത്ത നിങ്ങളുടെ മാത്രമായ ഷൂ. ഏതൊരു വികാരമായിരിക്കും നിങ്ങളില്‍ ഉടലെടുക്കുക.

ഇന്ന് ആളുകള്‍ കൂടുതല്‍ വ്യത്യസ്തത ആഗ്രഹിക്കുന്നു. തങ്ങള്‍ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിഭിന്നമാവണം എന്ന് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റൊന്നുമില്ല. വളരെ അപൂര്‍വ്വമായ ഉല്‍പ്പന്നങ്ങള്‍ക്കായി എത്ര പണം മുടക്കാനും ആളുകള്‍ തയ്യാറാവുന്നത് ഈ മാനസികാവസ്ഥ മൂലമാണ്. കോടികള്‍ മുടക്കി ഒരു ആഭരണമോ വാച്ചോ കാറോ വാങ്ങുന്നത് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരായിരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ്.

പ്രോഡക്റ്റ് കസ്റ്റമൈസേഷന്‍ (Product Customisation) എന്ന തന്ത്രം ബിസിനസുകള്‍ക്ക് വിശ്വസ്തരായ (Loyal) കസ്റ്റമേഴ്‌സിനെ നല്‍കുന്നതും അവരുടെ ലാഭം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നതും നിങ്ങള്‍ക്ക് കാണാം. ഒരു കാറിന്റെ ഉള്‍ഭാഗം (interior) നിങ്ങളുടെ മനസ്സിലെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്യുന്നത് സങ്കല്‍പ്പിക്കുക. നിറം, ഉപയോഗിക്കുന്ന വസ്തുക്കള്‍ (Materials), മേന്മ (Quality), മറ്റുള്ള കാറുകളില്‍ നിന്നും വ്യത്യസ്തമായ ചില പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ കസ്റ്റമൈസ് ചെയ്യാവുന്ന കാര്യങ്ങളൊക്കെ ഉപഭോക്താക്കള്‍ക്ക് ചെയ്യാം. മറ്റാര്‍ക്കും കൈവശമാക്കാനാവാത്ത ഒരാള്‍ക്ക് മാത്രം സ്വന്തമായ ഒരു കാര്‍. എത്ര പണം വേണമെങ്കിലും മുടക്കാന്‍ ഉപഭോക്താവ് തയ്യാറാകും.

പ്രോഡക്റ്റ് കസ്റ്റമൈസേഷനിലൂടെ (Product Customisation) ബ്രാന്‍ഡിന് വിപണിയില്‍ മേല്‍ക്കൈ നേടാന്‍ കഴിയും. വലിയ വിലയുള്ള പ്രീമിയം ഉല്‍പ്പന്നങ്ങളിള്‍ മാത്രമാണ് പ്രോഡക്റ്റ് കസ്റ്റമൈസേഷന്‍ സാധ്യമാകുക എന്ന ധാരണ വിപണി തിരുത്തിക്കുറിച്ചിരിക്കുന്നു. ഒരു റെഡിമെയ്ഡ് സ്യൂട്ട് വാങ്ങുന്നതിന് പകരം നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള വളരെ വ്യത്യസ്തമായ ഒരെണ്ണം നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. അതിന്റെ തുണി, ബട്ടണുകള്‍, ഡിസൈന്‍ എന്നിവ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. മികച്ച ബ്രാന്‍ഡുകള്‍ വരെ ഇപ്പോള്‍ ഇത് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. വീട്ടിലേക്ക് നിങ്ങള്‍ക്കൊരു ഫര്‍ണിച്ചര്‍ വേണം. നിങ്ങളുടെ മനസ്സിലുള്ള ഡിസൈന്‍ നല്‍കൂ. കമ്പനികള്‍ അത് നിങ്ങളുടെ വീട്ടില്‍ എത്തിക്കും.

ഉപഭോക്താക്കള്‍ വ്യത്യസ്തത ആഗ്രഹിക്കുന്നു. തങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്ന ബിസിനസുകള്‍ തേടി പോകുന്നു. കുട്ടിക്ക് ഒരു കളിപ്പാട്ടത്തില്‍ മാറ്റങ്ങള്‍ വരുത്തി വേണമെന്ന് ആഗ്രഹിക്കുമ്പോള്‍ ഒരു കമ്പനി അത് ചെയ്തു നല്കുന്നത് ചിന്തിക്കുക. ഉപഭോക്താവിനേയും ബിസിനസിനേയും പരസ്പരം അടുപ്പിക്കുവാന്‍ പ്രോഡക്റ്റ് കസ്റ്റമൈസേഷന് സാധിക്കും.

പ്രോഡക്റ്റ് കസ്റ്റമൈസേഷനിലൂടെ ബിസിനസില്‍ വ്യത്യസ്തത കൊണ്ടുവരാനും എതിരാളികളെക്കാള്‍ ബഹുദൂരം മുന്നില്‍ സഞ്ചരിക്കാനും സാധ്യമാകുന്നു. നിങ്ങളുടെ ബിസിനസ് ഏതുമാവട്ടെ പ്രോഡക്റ്റ് കസ്റ്റമൈസേഷന്‍ (Product Customisation) സാധ്യമാണോ എന്ന് ചിന്തിക്കുക. സാധ്യമെങ്കില്‍ നടപ്പിലാക്കാന്‍ മടിക്കേണ്ടതില്ല.


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it