റീടാര്‍ഗെറ്റിംഗ് തന്ത്രമുപയോഗിച്ച് ഉപഭോക്താക്കളെ തേടിപ്പിടിക്കാം

നിങ്ങള്‍ നോഡ്‌സ്‌ട്രോമിന്റെ (nordstrom.com വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നു. ഓണ്‍ലൈന്‍ സ്റ്റോറില്‍ കാണുന്ന മനോഹരമായൊരു ജാക്കറ്റ് ഉടനെ തന്നെ ഷോപ്പിംഗ് കാര്‍ട്ടിലേക്ക് ചേര്‍ക്കുകയാണ്. ജാക്കറ്റ് വാങ്ങുവാന്‍ തന്നെയാണ് തീരുമാനം. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ തീരുമാനം മാറ്റി ഓര്‍ഡര്‍ ചെയ്യാതെ വെബ്‌സൈറ്റില്‍ നിന്നും നിങ്ങള്‍ പുറത്തേക്ക് കടക്കുന്നു. ഷോപ്പിംഗ് കാര്‍ട്ടില്‍ ഇട്ട ജാക്കറ്റ് അനാഥനെപ്പോലെ അവിടെ കിടക്കുന്നു. നിങ്ങളത് മറന്നു പോവുകയും ചെയ്യുന്നു.

പിറ്റേന്ന് മുതല്‍ അതാ ഈ ജാക്കറ്റ് ഷോപ്പിംഗ് കാര്‍ട്ടില്‍ കിടക്കുന്നു, നിങ്ങളത് ഓര്‍ഡര്‍ ചെയ്തിട്ടില്ല എന്ന നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ലഭിച്ചു തുടങ്ങുന്നു. നോഡ്‌സ്‌ട്രോം ഇത് നിങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അതിന്റെ ഫലമായി പിന്നീട് നിങ്ങള്‍ വീണ്ടും ആ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും ഓര്‍ഡര്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു.
അതായത് നിങ്ങളെ അവര്‍ തേടിപ്പിടിക്കുകയാണ്. അവര്‍ ഉപഭോക്താവായ നിങ്ങളെ വിട്ടുകളയാന്‍ ഉദ്ദേശിക്കുന്നില്ല. വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന ഓരോരുത്തരേയും അവര്‍ ശ്രദ്ധിക്കുന്നു. നിങ്ങള്‍ എന്ത് ഉല്‍പ്പന്നങ്ങളാണ് തേടുന്നത്, ഇഷ്ടപ്പെടുന്നത്, വാങ്ങുന്നത് എന്നതൊക്കെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നു. ഓരോ ഉപഭോക്താവിനേയും പിന്തുടര്‍ന്ന് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ പ്രേരിപ്പിക്കുന്നു. ഉപഭോക്താവിന്റെ താല്‍പ്പര്യം തിരിച്ചറിഞ്ഞാല്‍ അതിനൊത്ത ഉല്‍പ്പന്നങ്ങള്‍ അവരുടെ ശ്രദ്ധയിലേക്ക് എത്തിക്കുന്നു.
നിങ്ങള്‍ ഒരു ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും സണ്‍ഗ്ലാസ് വാങ്ങുന്നു. പിന്നീട് സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ നിങ്ങള്‍ തുടര്‍ച്ചയായി പലതരത്തിലുള്ള സണ്‍ഗ്ലാസിന്റെ പരസ്യങ്ങള്‍ കാണുന്നു. നിങ്ങളുടെ അഭിരുചിക്കൊത്ത ഉല്‍പ്പന്നം നിങ്ങളുടെ മുന്നിലേക്ക് തുടര്‍ച്ചയായി എത്തുകയാണ്. നിങ്ങളൊരു ഷൂസ് വാങ്ങുകയാണ് എന്ന് വിചാരിക്കുക. അതിനോട് ബന്ധപ്പെടുത്തി വാങ്ങാവുന്ന മറ്റ് ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ അതിനു പിന്നാലെ നിങ്ങളെ തേടിയെത്തുന്നു.

വിന്‍ഡോ ഷോപ്പിംഗ് നടത്തുന്ന ഒരാളെ പണം നല്‍കി ഉല്‍പ്പന്നം വാങ്ങുന്ന ഉപഭോക്താവാക്കി മാറ്റുക എന്നതും ഇത്തരമൊരു തന്ത്രത്തിന്റെ ഭാഗമാണ്. വെറുതെ വെബ്സൈറ്റില്‍ ഒന്ന് കയറിയിറങ്ങിപ്പോയാല്‍ മതി. നിങ്ങള്‍ ഏത് ഉല്‍പ്പന്നങ്ങളാണ് തെരച്ചില്‍ നടത്തിയതെന്ന് വിശകലനം ചെയ്ത് നിങ്ങളെത്തേടി അത്തരം ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളും നോട്ടിഫിക്കേഷനുകളും എത്തിത്തുടങ്ങും.

നിങ്ങള്‍ ക്ലിയറന്‍സ് സെയില്‍സ് സെക്ഷന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് കരുതുക. ഉടനെ തന്നെ ഡിസ്‌കൗണ്ടുകളും ഓഫറുകളുമുള്ള വില്‍പ്പനയുടെ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചു തുടങ്ങുന്നു. നിങ്ങള്‍ ലക്ഷ്വറി കാറുകളെക്കുറിച്ചുള്ള ഒരു ബ്ലോഗ് പോസ്റ്റ് ക്ലിക്ക് ചെയ്താല്‍ അതാ ഒട്ടും സമയം കളയാതെ നിങ്ങളെത്തേടി എത്തുകയാണ് ലക്ഷ്വറി കാറുകളെക്കുറിച്ചുള്ള കൂടുതല്‍ പോസ്റ്റുകളുടെ വിവരങ്ങള്‍. നിങ്ങളുടെ അഭിരുചികളെ പിന്തുടര്‍ന്ന്, പ്രലോഭിപ്പിച്ച് ഉപഭോക്താവാക്കി മാറ്റുന്ന തന്ത്രമാണ് റീടാര്‍ഗെറ്റിംഗ് (Retargeting).
ഉപഭോക്താവിനെ റീടാര്‍ഗെറ്റ് ചെയ്ത് കൂടുതല്‍ വില്‍പ്പന സൃഷ്ടിക്കാന്‍ ബിസിനസുകള്‍ക്ക് സാധിക്കും. ഓരോ ഡാറ്റയും വളരെ പ്രധാനപ്പെട്ടതാണ്. തങ്ങളിലേക്ക് എത്തുന്ന ഉപഭോക്താവിനെ നഷ്ടപ്പെടുത്താതെ വില്‍പ്പന ഉറപ്പുവരുത്താന്‍ ഈ തന്ത്രം ബിസിനസുകളെ സഹായിക്കുന്നു. തങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ഉപഭോക്താക്കളിലേക്ക് തുടര്‍ച്ചയായി പുത്തന്‍ ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ എത്തിക്കുവാനും അവരെ വീണ്ടും സന്ദര്‍ശിക്കുവാന്‍ പ്രേരിപ്പിക്കുവാനും ഉപഭോക്താക്കളായി നിലനിര്‍ത്തുവാനും ഈ തന്ത്രം ഉപയോഗിക്കാം.
റീടാര്‍ഗെറ്റിംഗ് (Retargeting) വളരെ സൂക്ഷ്മമായി പ്ലാന്‍ ചെയ്യേണ്ട തന്ത്രമാണ്. ഓരോ ഉപഭോക്താവിന്റേയും ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് അത് വിശകലനം ചെയ്ത് നിരന്തരം അവരിലേക്ക് എത്തിച്ചേരുക എന്നതാണ് ഈ തന്ത്രത്തിന്റെ കാതല്‍. പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി റീടാര്‍ഗെറ്റിംഗ് നിരന്തരം നവീകരിക്കുവാനും ബിസിനസുകള്‍ക്ക് സാധിക്കണം.


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it