ചാരിറ്റബ്ള്‍ ആശുപത്രികള്‍ നിലനില്‍ക്കാന്‍ നിരക്ക് ഉയര്‍ത്തണോ?

കേരളത്തിലെ ചാരിറ്റബ്ള്‍ ആശുപത്രികള്‍ക്ക് ഇപ്പോള്‍ വളരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ പറ്റിയ അനുകൂല സാഹചര്യമാണ്. കേരളം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ സാമ്പത്തിക പ്രശ്നത്തില്‍ അകപ്പെടുകയാണ്. അതുകൊണ്ട് തന്നെ ചികിത്സയ്ക്കായി കൂടുതല്‍ പേര്‍ സര്‍ക്കാര്‍ ആശുപത്രികളെ ശരണം പ്രാപിക്കുന്നു.

അങ്ങനെ വരുമ്പോള്‍ സാധാരണ ഗതിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ തിരക്ക് ക്രമാതീതമാവേണ്ടതാണ്. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മതിയായ ഫണ്ട് ലഭിക്കുന്നില്ല.

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് വാങ്ങല്‍, കെട്ടിടങ്ങള്‍ പുതുക്കിപ്പണിയല്‍, ആശുപത്രി ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യല്‍ തുടങ്ങിയവയൊന്നും നടക്കുന്നില്ല. അതുകൊണ്ട് തന്നെ അവിടങ്ങളിലെ ചികിത്സകളും ഓപ്പറേഷനുകളും മറ്റും ഗണ്യമായ തോതില്‍ കുറയുന്നു.

അതോടെ സാധാരണ സര്‍ക്കാര്‍ ആശുപത്രികളില്‍ പോകുന്ന രോഗികള്‍ ബദല്‍ ആശുപത്രികള്‍ തെരയാന്‍ തുടങ്ങുന്നു. കുറഞ്ഞ ചികിത്സാ നിരക്കുള്ള ചാരിറ്റബ്ള്‍ ആശുപത്രികളാണ് ഇവിടെ ഏറ്റവും മികച്ച ബദല്‍.

ഇതര സ്വകാര്യ, വലിയ ലാഭമെടുക്കുന്ന ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോള്‍ എങ്ങനെ ചാരിറ്റബ്ള്‍ ആശുപത്രികള്‍ക്ക് കുറഞ്ഞ നിരക്ക് ഈടാക്കാനാകും?എങ്ങനെ ഇത് സാധ്യമാക്കാമെന്ന് ഒരു ഉദാഹരണത്തിലൂടെ പറയാം.

വിജയരഹസ്യം

ഏതൊരു ആശുപത്രിയുടെ വിജയത്തിന് പിന്നിലും നിര്‍ണായകമായ ചില ഘടകങ്ങളുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍, അത് കെട്ടിടമോ മെഡിക്കല്‍ ഉപകരണങ്ങളോ എന്തുമാകട്ടെ അതിന്റെ കാലികമായ പരിഷ്‌കരണങ്ങളാണ് അതിലൊന്ന്. ഇത് ചെയ്യാന്‍ ഓരോ ആശുപത്രിയും അതിന്റെ ലാഭത്തില്‍ നിന്ന് ഗണ്യമായ തുക നീക്കിവെച്ച് പുനര്‍ നിക്ഷേപം നടത്തണം.

ചാരിറ്റബ്ള്‍ ആശുപത്രികളും ലാഭം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളും താരതമ്യം ചെയ്യുമ്പോള്‍ ഇത്തരം പുനര്‍നിക്ഷേപത്തിന്റെ കാര്യത്തില്‍ രണ്ട് പ്രധാന വ്യത്യാസമുണ്ട്. വരുമാന നികുതിയും ഡിവിഡന്റും. സ്വകാര്യ ആശുപത്രികള്‍ക്ക് ഇന്‍കം ടാക്സുണ്ട്. ഓഹരിയുടമകള്‍ക്ക് ഡിവിഡന്റും നല്‍കണം. ചാരിറ്റബ്ള്‍ആശുപത്രികള്‍ക്ക് ഇതുരണ്ടും വേണ്ട. യഥാര്‍ത്ഥത്തില്‍ ചാരിറ്റബ്ള്‍ ആശുപത്രികളുടെ ലാഭം അതില്‍ നിന്നെടുക്കാന്‍ പറ്റില്ല. മാത്രമല്ല അവിടെ തന്നെ പുനര്‍നിക്ഷേപിക്കുകയും ചെയ്യണം.

പട്ടിക നോക്കാം. ഒരു സ്വകാര്യ ആശുപത്രി നികുതിക്ക് മുമ്പുള്ള ലാഭമായി 100 രൂപ നേടിയാല്‍ അവര്‍ 20 രൂപ ആദായ നികുതിയായി നല്‍കണം. അതോടെനികുതിക്ക് ശേഷമുള്ള ലാഭം 80 രൂപയാകും. തേയ്മാന ചെലവ് 20 രൂപയും ലാഭം ലക്ഷ്യമിട്ടുള്ള സ്വകാര്യ ആശുപത്രികളുടെ ക്യാഷ് ഫ്ളോ 100 രൂപയെന്നും കണക്കാക്കാം. ആശുപത്രി നവീകരണത്തിന് 50 രൂപ പുനര്‍നിക്ഷേപിക്കണമെങ്കില്‍ ലാഭം ലക്ഷ്യമിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് 50 രൂപ ഡിവിഡന്റായി നല്‍കാനും സാധിക്കണം.


പുനര്‍നിക്ഷേപം

ചാരിറ്റബ്ള്‍ ആശുപത്രികള്‍ക്ക് ലാഭം ലക്ഷ്യമിട്ടുള്ള സ്വകാര്യ ആശുപത്രികളുമായി തുല്യം നില്‍ക്കാന്‍ അതേ അളവില്‍ പുനര്‍നിക്ഷേപം നടത്തേണ്ടിയിരിക്കുന്നു. പട്ടികയിലെ ഉദാഹരണത്തില്‍ ചാരിറ്റബ്ള്‍ ആശുപത്രികള്‍ എങ്ങനെ ലാഭം ലക്ഷ്യമിട്ടുള്ള സ്വകാര്യ ആശുപത്രികളുടേതിന് തുല്യമായ പുനര്‍നിക്ഷേപം നടത്താമെന്നാണ് പറയുന്നത്.

50 രൂപ പുനര്‍നിക്ഷേപം നടത്താന്‍ ലാഭം ലക്ഷ്യമിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് 100 രൂപ നികുതിക്ക് മുമ്പുള്ള ലാഭമായി നേടേണ്ടി വരുമ്പോള്‍ ഇന്‍കം ടാക്സും ഡിവിഡന്റും ഇല്ലാത്തതുകൊണ്ട് ചാരിറ്റബ്ള്‍ ആശുപത്രികള്‍ 30 രൂപ ലാഭമുണ്ടാക്കിയാല്‍ മതി. ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കുന്ന ചാരിറ്റബ്ള്‍ ആശുപത്രികള്‍ക്ക് ഇത് വളരെ വലിയൊരു കാര്യമാണ്.

ദൗര്‍ഭാഗ്യവശാല്‍ ചാരിറ്റബ്ള്‍ ആശുപത്രികള്‍ തെറ്റായ തീരുമാനത്താല്‍ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളുടേതിന് സമാനമായ വിധത്തില്‍ ചികിത്സാ നിരക്കുകള്‍ ഉയര്‍ത്തുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഇത്തരത്തില്‍ നിരക്ക് വര്‍ധന നടത്താന്‍ നിര്‍ബന്ധിതമാക്കുന്ന ചാരിറ്റബ്ള്‍ ആശുപത്രികളുടെ തെറ്റായ തീരുമാനങ്ങളില്‍ ചിലത് വരും ലക്കങ്ങളില്‍ നമുക്ക പരിശോധിക്കാം.

Tiny Philip
Tiny Philip  

ഇന്ത്യയിലും ജിസിസി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകൾ വളർത്തിയെടുക്കുന്നതിന് വേണ്ടി ദീർഘകാല അടിസ്ഥാനത്തിൽ സംരംഭകരുമായി ചേർന്ന് പ്രവർത്തിക്കുന്ന ബിസിനസ് അഡ്വൈസർ. 1992ൽ IIM (L) നിന്ന് PGDM എടുത്തതിന് ശേഷം ബിസിനസ് അഡ്വൈസർ ആയി പ്രവർത്തനം ആരംഭിച്ച അദ്ദേഹം റിസൾട്സ് കൺസൾട്ടിങ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ്

Related Articles

Next Story

Videos

Share it