Begin typing your search above and press return to search.
യന്ത്രങ്ങളെ പോലെ ജീവിക്കാനാണോ നിങ്ങള്‍ വിദ്യാഭ്യാസം നേടിയത്?
'എല്ലാവരും പ്രതിഭകളാണ്. എന്നാല്‍ ഒരു മത്സ്യത്തെ മരത്തില്‍ കയറാനുള്ള അതിന്റെ കഴിവിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ അത് മരമണ്ടനാണെന്ന് വിശ്വസിച്ച് അതിന്റെ ജീവിതകാലം മുഴുവന്‍ ജീവിക്കും' അജ്ഞാത രചയിതാവ്.
എന്റെ മൂന്നു വര്‍ഷത്തെ കോളെജ് ജീവിതത്തിലെ ഒരു കാര്യം എന്നില്‍ തങ്ങി നില്‍ക്കുന്നുണ്ടെങ്കില്‍ അത്, ഒന്നാം വര്‍ഷ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഒരധ്യായമാണ്.
ഞാന്‍ കുട്ടിയായിരുന്ന കാലം മുതല്‍, ഞങ്ങള്‍ സ്‌കൂളില്‍ പഠിച്ച പല കാര്യങ്ങളുടെയും ആവശ്യകത എന്തെന്ന് മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല, അവിടെ എന്നെ പഠിപ്പിച്ച കാര്യങ്ങളില്‍ ഭൂരിഭാഗവും എന്റെ ജീവിതത്തില്‍ എങ്ങനെ സഹായകമാകുമെന്ന് ഒരിക്കലും എനിക്ക് മനസ്സിലായിരുന്നില്ല.
ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് എനിക്ക് പല ചിന്തകളും അഭിപ്രായങ്ങളുമുണ്ട്. ഞങ്ങളുടെ പാഠപുസ്തകത്തിലെ ആ അധ്യായം എന്റെ പല കാഴ്ചപ്പാടുകളും വ്യക്തമാക്കുന്നതായിരുന്നു.
ലോകപ്രശസ്ത ഇന്ത്യന്‍ തത്വചിന്തകനും പ്രഭാഷകനുമായ ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശത്തെ കുറിച്ചുള്ള 'Think on These Things' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു അധ്യായമായിരുന്നു അത്. അതിലെ ചില ഭാഗങ്ങളാണ് ഈ ലേഖനത്തില്‍ പങ്കുവെക്കുന്നത്. ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ വാക്കുകളിലേക്ക്...
' വിദ്യാഭ്യാസം എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് എപ്പോഴെങ്കിലും നമ്മള്‍ സ്വയം ചോദിച്ചിട്ടുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. എന്തിനാണ് നമ്മള്‍ സ്‌കൂളില്‍ പോകു ന്നത്, എന്തിനാണ് നമ്മള്‍ വിവിധ വിഷയങ്ങള്‍ പഠിക്കുന്നത്, പരീക്ഷകളില്‍ വിജയിക്കുകയും മെച്ചപ്പെട്ട ഗ്രേഡിനായി പരസ്പരം മത്സരിക്കുകയും ചെയ്യുന്നത് എന്തിനാണ്, വിദ്യാഭ്യാസം എന്ന് വിളിക്കപ്പെടുന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്? അത് എന്തിനെ കുറിച്ചുള്ളതാണ്? ഇത് ശരിക്കും വളരെ പ്രധാനപ്പെട്ട ചോദ്യമാണ്, വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഭൂമിയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും.
എന്തുകൊണ്ടാണ് നമ്മള്‍ വിദ്യാഭ്യാസം നേടാനുള്ള പോരാട്ടത്തിലൂടെ കടന്നു പോകുന്നത്? ചില പരീക്ഷകളില്‍ വിജയിക്കാനും ജോലി നേടാനും വേണ്ടി മാത്രമാണോ? അതോ ജീവിതത്തിന്റെ മുഴുവന്‍ പ്രക്രിയയും മനസ്സിലാക്കാന്‍ ചെറുപ്പത്തില്‍ തന്നെ നമ്മെ ഒരുക്കുകയെന്നതാണോ വിദ്യാഭ്യാസം?
ഒരു ജോലിയും ഉപജീവനത്തിനുള്ളത് സമ്പാദിക്കുകയും ചെയ്യുകയെന്നത് ആവശ്യമാണ്. എന്നാല്‍ അതുകൊണ്ട് എല്ലാമായോ? അതിനു വേണ്ടി മാത്രമാണോ നമ്മള്‍ വിദ്യാസമ്പന്നരാകുന്നത്? തീര്‍ച്ചയായും ജീവിതം കേവലം ഒരു ജോലിയല്ല, ഒരു തൊഴിലല്ല; ജീവിതം അസാധരണമാം വിധം വിശാലവും അഗാധവുമായ ഒന്നാണ്. അതൊരു വലിയ നിഗൂഢതയാണ്.
ഉപജീവനത്തിനുള്ളത് സമ്പാദിക്കാനായി മാത്രമായാണ് നമ്മള്‍ തയാറെടുക്കുന്നതെങ്കില്‍ ജീവിതത്തിന്റെ എല്ലാ അര്‍ത്ഥവും നമുക്ക് നഷ്ടമാകും. പരീക്ഷകള്‍ക്കുള്ള തയാറെടുപ്പിനേക്കാളും കണക്ക്, ഫിസിക്‌സ് തുടങ്ങിയവയില്‍ പ്രാവീണ്യം നേടുക എന്നതിനേക്കാളും പ്രധാനമാണ് ജീവിതം അറിയുക എന്നത്.
അതുകൊണ്ട് നമ്മള്‍ അധ്യാപകരായാലും വിദ്യാര്‍ത്ഥികളായാലും എന്തിന് നമ്മള്‍ വിദ്യാഭ്യാസം നേടണം, വിദ്യാസമ്പന്നരായിരിക്കണം എന്ന് സ്വയം ചോദിക്കേണ്ടത് പ്രധാനമല്ലേ?
നമ്മള്‍ ചില പരീക്ഷകള്‍ വിജയിക്കുകയും ജോലി നേടുകയും വിവാഹിതനാകുകകയും കുട്ടികളുണ്ടാവുകയും പിന്നീട് കൂടുതല്‍ കൂടുതല്‍ യന്ത്രങ്ങളെ പോലാകുകയും ചെയ്യുന്നു. ജീവിതത്തെ കുറിച്ചുള്ള പേടിയും ആശങ്കയും ഉത്കണ്ഠയും നമ്മളില്‍ അവശേഷിക്കുന്നു. അതുകൊണ്ട് ജീവിതം മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുക എന്നതാണോ വിദ്യാഭ്യാസത്തിന്റെ ധര്‍മം അതോ മികച്ചൊരു ജോലിക്കായി നമ്മെ തയാറാക്കുക മാത്രമോ?
നിങ്ങള്‍ക്ക് ബിരുദങ്ങള്‍ സമ്പാദിക്കാം, നിങ്ങളുടെ പേരിനൊപ്പം അക്ഷരങ്ങളുടെ പരമ്പര തന്നെ ഉണ്ടായിരിക്കാം, വളരെ നല്ല ജോലി ലഭിക്കാം പക്ഷേ അതിനപ്പുറം എന്ത്? ഇതെല്ലാം ഉണ്ടായിട്ടും നിങ്ങളുടെ മനസ്സിനെ മന്ദതയും തളര്‍ച്ചയും ബാധിക്കുന്നുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥമെന്താണ്?
അതുകൊണ്ട് നിങ്ങള്‍ ചെറുപ്പത്തില്‍ തന്നെ ജീവിതം എന്താണെന്ന് പഠിക്കേണ്ടതല്ലേ? ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്താനുള്ള ബുദ്ധി നിങ്ങളില്‍ വളര്‍ത്തിയെടുക്കുക എന്നതല്ലേ വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ധര്‍മം? എന്താണ് ബുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? തീര്‍ച്ചയായും ഭയവും ഒരു സാങ്കേതികത്വവും ഇല്ലാതെ സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷിയാണത്. എന്താണ് യഥാര്‍ത്ഥമെന്നും സത്യമെന്നും സ്വയം കണ്ടെത്താന്‍ തുടങ്ങും. എന്നാല്‍ നിങ്ങള്‍ ഭയപ്പെട്ടിരുന്നാല്‍ ഒരിക്കലും ബുദ്ധിമാനായിരിക്കില്ല.
നിങ്ങള്‍ക്കറിയാമോ, നിങ്ങള്‍ ചെറുപ്പത്തില്‍ ഭയമില്ലാത്ത ഒരന്തരീക്ഷത്തില്‍ ജീവിക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മളില്‍ ഭൂരിഭാഗത്തിനും പ്രായമാകുന്തോറും ഭയവും വളരുന്നു. ജീവിക്കാന്‍ ഭയപ്പെടുന്നു, ജോലി നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നു, പാരമ്പര്യത്തെ ഭയപ്പെടുന്നു, അയല്‍ക്കാര്‍ എന്തു പറയും അല്ലെങ്കില്‍ ഭാര്യയോ ഭര്‍ത്താവോ എന്തു പറയും എന്നതിനെയും, മരണത്തെയും ഭയപ്പെടുന്നു.
ജീവിതം ശരിക്കും വളരെ മനോഹരമാണ്. നമ്മള്‍ ആലോചിച്ചു കൂട്ടുന്നതു പോലെ വൃത്തികെട്ട കാര്യമല്ല ശരിക്കും അത്. സംഘടിത മതത്തിനും പാരമ്പര്യത്തിനും ഇന്നത്തെ ചീഞ്ഞളിഞ്ഞ സമൂഹത്തിനും എതിരെ നിങ്ങള്‍ കലാപം നടത്തുമ്പോള്‍ മാത്രമേ ജീവിതത്തിന്റെ സമ്പന്നതയും ആഴവും വിലമതിക്കാന്‍ കഴിയൂ. നിങ്ങള്‍ ഒരു മനുഷ്യനെന്ന നിലയില്‍, സ്വന്തം നിലയില്‍ സത്യം കണ്ടെത്തുക. അനുകരിക്കാനല്ല, കണ്ടുപിടിക്കാനാണ് വിദ്യാഭ്യാസം, അല്ലേ?
നിങ്ങളുടെ സമൂഹമോ മാതാപിതാക്കളോ അധ്യാപകരോ നിങ്ങളോട് പറയുന്ന കാര്യങ്ങളോട് പൊരുത്തപ്പെടുക എന്നത് വളരെ എളുപ്പമാണ്. നിലവിലുള്ള എളുപ്പവും സുരക്ഷിതവുമായ വഴി അതാണ്. പക്ഷേ അതല്ല ജീവിതം. കാരണം അതില്‍ ഭയമുണ്ട്, ജീര്‍ണതയും ഉണ്ട്.
എന്താണ് സത്യമെന്ന് സ്വയം കണ്ടെത്തുകയാണ് ജീവിതം. സ്വാതന്ത്ര്യം ഉണ്ടെങ്കിലേ നിങ്ങള്‍ക്കത് ചെയ്യാനാവൂ. മാത്രമല്ല, നിങ്ങളുടെ ഉള്ളില്‍ തന്നെ നിരന്തര വിപ്ലവം ഇതിനായി ഉണ്ടാകുകയും വേണം.
എന്നാല്‍ ഇത് ചെയ്യാന്‍ ആരും നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. ദൈവം എന്താണെന്ന് സ്വയം കണ്ടെത്താനും ചോദ്യം ചെയ്യാനും ആരും നിങ്ങളോട് പറയുന്നില്ല. കാരണം, നിങ്ങള്‍ ഒരു റിബല്‍ ആയിരുന്നാല്‍ വ്യാജമായ എല്ലാ കാര്യങ്ങള്‍ക്കും നിങ്ങളൊരു ഭീഷണിയായി മാറും.
നിങ്ങളുടെ മാതാപിതാക്കളും സമൂഹവും നിങ്ങള്‍ സുരക്ഷിതമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളും സ്വയം അങ്ങനെ ആഗ്രഹിക്കുന്നു. സുരക്ഷിതമായി ജീവിക്കുക എന്നതിനര്‍ത്ഥം അനുകരണത്തിലും അതിനാല്‍ ഭയത്തിലും ജീവിക്കുക എന്നതാണ്. തീര്‍ച്ചയായും വിദ്യാഭ്യാസത്തിന്റെ ധര്‍മം നമ്മെ ഓരോരുത്തരെയും സ്വതന്ത്രമായും ഭയമില്ലാതെയും ജീവിക്കാന്‍ സഹായിക്കുക എന്നതാണ്. അല്ലേ? ഭയമില്ലാത്ത ഒരന്തരീക്ഷം സൃഷ്ടിക്കണമെങ്കില്‍ നിങ്ങളുടെ ഭാഗത്തും അതുപോലെ അധ്യാപകരുടെ ഭാഗത്തും വലിയ ചിന്ത ആവശ്യമാണ്.
പരസ്പര വിരുദ്ധമായ വിശ്വാസങ്ങളാലും ജാതി, വര്‍ഗ വ്യത്യാസങ്ങളാലും വിഭജിത ദേശീയതകളാലും അതുപോലുള്ള സകലവിധ വിഡ്ഢിത്തങ്ങളാലും ക്രൂരതകളാലും ലോകം കീറിമുറിക്കപ്പെടുന്നു. ഈ ലോകവുമായി പൊരുത്തപ്പെടാനാണ് നിങ്ങളെ പഠിപ്പിക്കുന്നത്. ഈ വിനാശകരമായ സമൂഹത്തിന്റെ ചട്ടക്കൂടിലേക്ക് പാകപ്പെടാനാണ് നിങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ മാതാപിതാക്കളും അതാണ് ആവശ്യപ്പെടുന്നത്. അതുമായി പൊരുത്തപ്പെടാനാണ് നിങ്ങളും ആഗ്രഹിക്കുന്നത്.
ഈ മോശമായ സാമൂഹ്യക്രമത്തിന്റെ ഘടനയുമായി പൊരുത്തപ്പെടാന്‍ സഹായിക്കുക മാത്രമാണോ വിദ്യാഭ്യാസത്തിന്റെ ധര്‍മം? അതോ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം - വ്യത്യസ്തമായ ലോകവും സമൂഹവും സൃഷ്ടിക്കാനും വളര്‍ത്താനുമുള്ള സമ്പൂര്‍ണ സാതന്ത്ര്യം- നല്‍കാനാണോ ?
നാം ഉടനെ സ്വാതന്ത്ര്യത്തിന്റെ ഒരന്തരീക്ഷം സൃഷ്ടിക്കണം. അതുവഴി നിങ്ങള്‍ക്ക് ജീവിക്കാനും സത്യം എന്താണെന്ന് സ്വയം കണ്ടെത്താനും ബുദ്ധിമാനാകാനും അതുവഴി ലോകത്തെ മനസ്സിലാക്കാനും അഭിമുഖീകരിക്കാനും കഴിയും. അല്ലാതെ വെറുതെ അതുമായി പൊരുത്തപ്പെടുകയല്ല വേണ്ടത്.
For more simple and practical tips to live better and be happier visit anoop's website: https://www.thesouljam.com
Next Story
Videos