നിങ്ങളുടെ ജീവിതം മാറ്റിമറിക്കും, ഈ അസാധാരണ ശീലം!

1952 ല്‍ നോബേല്‍ സമ്മാന ജേതാവായ ഡോ. ആല്‍ബര്‍ട്ട് ഷൈവ്റ്റ്‌സറുമായി അഭിമുഖം നടത്തുന്നതിനിടെ ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചു; ' ഡോക്ടറ്റര്‍, ആളുകള്‍ക്ക് ഇന്നെന്താണ് കുഴപ്പം? '

ഒരു നിമിഷം നിര്‍ത്തിയ ശേഷം അദ്ദേഹം പ്രതികരിച്ചു; ' ആളുകള്‍ ചിന്തിക്കുന്നില്ല, അത്രതന്നെ'
ഏകദേശം 70 വര്‍ഷം മുമ്പാണ് അദ്ദേഹം ഈ വാക്കുകള്‍ പറഞ്ഞിരിക്കുന്നതെങ്കിലും ഇന്നത്തെ കാലത്തും പ്രസക്തമാണ് ആ വാക്കുകള്‍.
ആളുകള്‍ സ്ഥിരം ഉത്തേജനം( constant stimulation) തേടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കുറച്ചു നിമിഷത്തേക്ക് ആണെങ്കില്‍ പോലും തങ്ങളുടെ ചിന്തകളുമായി ഒറ്റയ്ക്കിരിക്കാന്‍ മിക്കവര്‍ക്കും വലിയ ബുദ്ധിമുട്ടാണ്.
എന്നാല്‍ ആളുകള്‍ എല്ലാക്കാലത്തും സ്വയം ചിന്തിക്കുന്നതില്‍ മടികാട്ടുന്നുവെന്നത് കാലാതീതമായ സത്യമാണ്.
പ്രശസ്ത നാടകകൃത്ത് ജോര്‍ജ് ബര്‍ണാഡ് ഷാ രസകരമായി പറഞ്ഞതു പോലെ;
'രണ്ടു ശതമാനം ആളുകള്‍ ചിന്തിക്കുന്നു, മൂന്നു ശതമാനം ആളുകള്‍ അവര്‍ ചിന്തിക്കുന്നുണ്ടെന്ന് ചിന്തിക്കുന്നു, 95 ശതമാനം ആളുകള്‍ മരിച്ചാലും വേണ്ടില്ല ചി്ന്തിക്കാനാവില്ല എന്ന കൂട്ടരാണ്'
ചിന്തിക്കാത്തതിലെ അപകടം
'ആള്‍ക്കൂട്ടത്തെ പിന്തുടരുന്നയാള്‍ സാധാരണയായി ആള്‍ക്കൂട്ടത്തിനപ്പുറം പോകില്ല', ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
ചിന്തിക്കാനുള്ള കഴിവാണ് ഈ ഗ്രഹത്തിലെ മറ്റു ജീവികളില്‍ നിന്ന് നമ്മെ വ്യത്യസ്തരാക്കുന്നത്.
എന്നാല്‍ നമ്മുടെ ജീവിതത്തിലുടനീളം എന്താണ് ചിന്തിക്കേണ്ടതെന്ന് മറ്റുള്ളവര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ചെറുപ്പം തൊട്ടേ നമ്മുടെ മനസ്സില്‍ പരിമിതികളും ഭയത്തിലധിഷ്ഠിതമായ ചിന്തകളും നിറച്ചിരിക്കുകയാണ് സമൂഹം.
നമ്മള്‍ സ്‌കൂളുകളില്‍ നിന്ന് ബോധപൂര്‍വമല്ലാതെ ഉള്‍ക്കൊണ്ട പല മോശം ശീലങ്ങളില്‍ ഒന്ന്, ചെയ്യേണ്ടതും ചിന്തിക്കേണ്ടതും എന്തെന്ന് അധികാരികള്‍ പറയുന്നത് അനുസരിച്ച് അന്ധമായി ചെയ്യുക എന്നതാണ്.
മനുഷ്യര്‍ ആടുകളെ പോലെ കൂട്ടംകൂടുകയും ബോധപൂര്‍വമല്ലാതെ ഒരു ചെറിയ കൂട്ടം ആളുകളെ പിന്തുടരുകയും ചെയ്യുന്നുവെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടികാട്ടുന്നത്.
ഒരു ജനക്കൂട്ടത്തിന്റെ ദിശയെ സ്വാധീനിക്കാന്‍ അഞ്ചു ശതമാനം പേര്‍ മതി. മറ്റ് 95 ശതമാനം പേരും അത് മനസ്സിലാക്കാതെ ആ ന്യൂനപക്ഷത്തെ പിന്തുടരുന്നു. ഇതിലെ അപകടം എന്തെന്നാല്‍ നമ്മള്‍ സ്വയം ചിന്തിക്കുന്നില്ലെങ്കില്‍ നമ്മുടെ താല്‍പ്പര്യത്തിന് നിരക്കാത്തതാണെങ്കില്‍ പോലും അന്ധമായി മറ്റുള്ളവരെ പിന്തുടരും എന്നതാണ്.
ചിന്തിക്കാന്‍ സമയം നിശ്ചയിക്കുക
മറ്റൊന്നും ചെയ്യാതെ ചിന്തിക്കുന്നതിനായി മാത്രം നിങ്ങള്‍ അവസാനമായി സമയം ചെലവഴിച്ചത് എപ്പോഴാണ്? മിക്ക ആളുകളെയും പോലെയാണ് നിങ്ങളെങ്കില്‍, നിങ്ങള്‍ എന്തെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴോ ജോലികള്‍ക്കിടയിലോ ആകും മിക്ക ചിന്തയും നടക്കുന്നത്.
ഒരു സമൂഹമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിനിവേശം ഉള്ളവരാണ് നമ്മളെല്ലാം. കോടീശ്വരനായ നിക്ഷേപകന്‍ നാവല്‍ രവികാന്ത് പറയുന്നതു പോലെ; 'ആളുകള്‍ വളരെ കൂടുതല്‍ നേരം കാര്യങ്ങള്‍ ചെയ്യുന്നു. എന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കാന്‍ മതിയായ സമയം ചെലവഴിക്കുന്നില്ല'
മികച്ച ചിന്തയ്ക്ക് സമയവും ക്ഷമയും വേണം. മാത്രമല്ല, ബാഹ്യമായ ശല്യപ്പെടുത്തലുകളില്ലാത്ത സാഹചര്യവും ഉണ്ടാവണം. ദിവസവും അല്ലെങ്കില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ചിന്തിക്കുന്നതിന് കുറച്ചു സമയം മാറ്റിവെച്ചാല്‍ നമ്മുടെ ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്താനാവുമെന്നാണ് എന്റെ വിശ്വാസം.
നന്നായി ചിന്തിക്കാനുള്ള വഴികള്‍
മികവോടെ ചിന്തിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഏതാനും കാര്യങ്ങളാണ് ഇനി പറയുന്നത്.
1. ജേര്‍ണലിംഗ് (Journaling)
നിങ്ങളുടെ ചിന്തകളും വികാരങ്ങളും ആശയങ്ങളും നിരീക്ഷണങ്ങളും പേപ്പറില്‍ എഴുതിയിടുന്ന പ്രക്രിയയാണ് ജേര്‍ണലിംഗ്. ലിയനാര്‍ഡോ ഡാവിഞ്ചി, മാര്‍ക്ക് ട്വയ്ന്‍, തോമസ് ആല്‍വ എഡിസണ്‍ തുടങ്ങിയവര്‍ അവരുടെ ചിന്തകള്‍ രേഖപ്പെടുത്താന്‍ ജേര്‍ണല്‍ എഴുതി സൂക്ഷിച്ചിരുന്ന പ്രമുഖ വ്യക്തിത്വങ്ങളാണ്.
മനസ്സില്‍ വന്ന കാര്യങ്ങള്‍ എഴുതിയിടുന്നത് എന്റെ ചിന്തകളില്‍ വ്യക്തത വരാനും മനസ്സ് മറ്റെവിടെയും അലഞ്ഞു തിരിയാതെ കുറേ നേരം ശ്രദ്ധയോടെ ചിന്തിക്കാനും എന്നെ സഹായിക്കാറുണ്ട്.
2. ചിന്താ പ്രേരണ (Thinking prompts)കളെ പ്രയോജനപ്പെടുത്തുക
ഒരു വിഷയത്തെ കുറിച്ച് ചിന്തിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചോദ്യങ്ങളാണ് ചിന്താ പ്രേരണകള്‍. നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ചില ചിന്താ പ്രേരണകള്‍ ഇതാ...
* മറ്റുള്ളവരുടെ അഭിപ്രായത്തെ പേടിച്ച് ഞാന്‍ ജീവിതത്തില്‍ എന്താണ് ചെയ്യുന്നത്/ചെയ്യാത്തത് ?
* എന്റെ ജീവിതത്തില്‍ ഒരുപകാരവുമില്ലാത്ത കാര്യങ്ങള്‍ക്കായി കുറേയേറെ സമയം ചെലവഴിക്കുന്നുണ്ടോ?
* എല്ലാ ദിവസവും എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം ഞാന്‍ എങ്ങനെ പരിപാലിക്കുന്നു?
* എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണ്? എനിക്ക് ശരിക്കും പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ എങ്ങനെ സമയം ക്രമീകരിക്കാനാകും?
3. മനസ്സിനെ ഉണര്‍ത്തല്‍ (Mindstorming)
ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും മനസ്സിനെ ഉണര്‍ത്തല്‍ എന്നു വിളിക്കുന്ന അത്ഭുകരമായ ചിന്താ വ്യായാമം, എഴുത്തുകാരനായ ബ്രയാന്‍ ട്രേസി ശുപാര്‍ശ ചെയ്യുന്നു.
അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ അത് ഇങ്ങനെയാണ്;
* ഒരു വൃത്തിയുള്ള പേപ്പര്‍ എടുത്ത് മനസ്സിനെ ഉണര്‍ത്താനുള്ള പ്രവര്‍ത്തനം ആരംഭിക്കാം.
* പേപ്പറിന്റെ ഏറ്റവും മുകളില്‍ നിങ്ങളുടെ ലക്ഷ്യം അല്ലെങ്കില്‍ പ്രശ്‌നം ചോദ്യരൂപത്തില്‍ എഴുതാം. ലളിതവും വ്യക്തവുമായ ചോദ്യമാണെങ്കില്‍ അതിന് നിങ്ങള്‍ നല്‍കുന്ന ഉത്തരവും മികച്ചതായിരിക്കും.
ഉദാഹരണത്തിന്, 'എങ്ങനെ എനിക്ക് കൂടുതല്‍ പണം ഉണ്ടാക്കാനാവും?' എന്നു ചോദിക്കുന്നതിനു പകരം 'എങ്ങനെ അടുത്ത 24 മാസത്തിനുള്ളില്‍ എന്റെ വരുമാനം ഇരട്ടിയാക്കാനാകും?' എന്ന് ചോദിക്കുക.
ഒരിക്കല്‍ നിങ്ങളുടെ ചോദ്യം പേജിന്റെ മുകളില്‍ എഴുതിയാല്‍ അതിന് ചുരുങ്ങിയത് 20 ഉത്തരങ്ങളെങ്കിലും എഴുതാന്‍ തയാറാവണം. എത്ര നേരം അതിനായി ചെലവഴിക്കുന്നു എന്നത് പ്രശ്‌നമല്ല. പ്രത്യേകിച്ച്, ഇത് പരിശീലിക്കുന്ന ആദ്യ കുറച്ചു പ്രാവശ്യം 20 ഉത്തരങ്ങള്‍ ലഭിക്കുന്നതു വരെ എഴുതിക്കൊണ്ടേയിരിക്കണം. ചിലപ്പോള്‍ ഇരുപതാമത്തേതായിരിക്കും ആയിരക്കണക്കിന് രൂപയും കുറേ കഠിനാധ്വാനവും ലാഭിക്കാന്‍ നിങ്ങളെ പ്രാപ്തമാക്കുന്ന ഉത്തരം.
പലപ്പോഴും അവസാന ഉത്തരം, നിങ്ങളുടെ കരിയറും ജീവിതവും മാറ്റിമറിക്കുന്ന വലിയ ആശയമായിരിക്കും.
പ്രവൃത്തികളില്‍ നിരന്തരം ഏര്‍പ്പെടുന്നത് ഒഴിവാക്കി പകരം ദിവസവും, അല്ലെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസം ചിന്തിക്കുന്നതിനായി കുറച്ചു സമയം മാറ്റിവെക്കുന്നത് നല്ലതാണ്. ആഴത്തില്‍ ചിന്തിക്കുന്നതിലൂടെ, പലപ്പോഴും ഉത്തരം കണ്ടെത്താനാകുകയോ ഹ്രസ്വകാലം കൊണ്ടു തന്നെ പോസിറ്റീവായ ഫലം ഉണ്ടാവുകയോ ചെയ്യണമെന്നില്ല. എന്നാല്‍ ലക്ഷ്യബോധത്തോടെ ചിന്തിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കും.

For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.comAnoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it