സ്റ്റീവ് ജോബ്‌സിന്റെ ഈ വാക്കുകള്‍ കേള്‍ക്കൂ, നിങ്ങള്‍ക്കും നയിക്കാം ഒരു അസാധാരണ ജീവിതം!!!

2011 ല്‍ സ്റ്റീവ് ജോബ്‌സ് അന്തരിച്ചതിന് ശേഷമാണ് ഞാന്‍ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയുന്നതെങ്കിലും നിരവധി പാഠങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ചിട്ടുണ്ട്.

ഞാനൊരു വലിയ ടെക് പ്രേമിയല്ല. ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ആരാധകനുമല്ല. പക്ഷേ സ്റ്റീവ് ജോബ്‌സ് സ്വയം തെരഞ്ഞെടുത്ത അദ്ദേഹത്തിന്റെ ജീവിതശൈലി എന്നെ വളരെയേറെ പ്രചോദിപ്പിച്ചിട്ടുണ്ട്.
എന്റെ കോളെജ് ജീവിതത്തിന്റെ ആദ്യവര്‍ഷത്തിലാണ് സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രം വായിക്കുന്നത്. ജീവിതത്തില്‍ അതൊരു നാഴികകല്ലായി മാറുകയും ചെയ്തു. ഈ ജീവചരിത്രത്തിലൂടെയാണ് ഞാന്‍ Autobiography of a Yogi എന്ന പുസ്തകത്തെ കുറിച്ച് അറിയുന്നത്. പിന്നീട് ഞാനാ പുസ്തകം വായിച്ചു. എന്നിലെ ആത്മീയമായ ചായ്‌വ് തിരിച്ചറിയപ്പെടാന്‍ എന്നെ സഹായിച്ചത് ആ പുസ്തകമാണ്.
വശീകരണ ശക്തിയുള്ള ഒന്നായിരുന്നു ജോബ്‌സിന്റെ ജീവചരിത്രം. അക്കാലത്ത്, എന്റെ അക്കാദമിക് പരീക്ഷകള്‍ക്കായി ഒരുങ്ങുന്നതിന് പകരം ഞാന്‍ അത് വായിച്ചുകൊണ്ടിരുന്നു.
സ്റ്റീവ് ജോബ്‌സിന്റെ പല വാക്കുകളും എനിക്ക് വ്യക്തത പകര്‍ന്നേകുക മാത്രമല്ല എന്റെ ജീവിതത്തെ മാറ്റി മറിക്കുകയും ചെയ്തു.
ആ വാക്കുകളിലേക്ക്, അദ്ദേഹത്തിന്റെ ഉദ്ധരണികളിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധയും ക്ഷണിക്കുകയാണ്. വായിക്കൂ; ആ ദര്‍ശനം ഉള്‍ക്കൊള്ളൂ...
''താമസിയാതെ ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന ചിന്തയാണ് ജീവിതത്തില്‍ ഏറ്റവും മികച്ച തെരഞ്ഞെടുക്കലുകള്‍ നടത്താന്‍ എന്നെ ഏറെ സഹായിച്ച ടൂള്‍. കാരണം ഏതാണ്ടെല്ലാ കാര്യങ്ങളും, അതായത് നമ്മെക്കുറിച്ചുള്ള എല്ലാവിധത്തിലുമുള്ള ബാഹ്യ പ്രതീക്ഷകള്‍, എല്ലാതരത്തിലുമുള്ള ഗര്‍വ് അഥവാ അഹംഭാവം, പരിഹസിക്കപ്പെടുമോ അല്ലെങ്കില്‍ പരാജിതനാകുമോ എന്ന ഭയം തുടങ്ങിയവയെല്ലാം, മരണത്തോട് മുഖാമുഖം നോക്കി നില്‍ക്കുന്ന വേളയില്‍ നമ്മില്‍ നിന്ന് അപ്രത്യക്ഷമാകും. എന്താണോ ഏറ്റവും സുപ്രധാനമായത് അത് മാത്രം ശേഷിക്കും.''
''നിങ്ങളുടെ ജീവിതത്തിലെ പല സംഭവങ്ങളുടെയും അര്‍ത്ഥം കണ്ടെത്താന്‍ മുന്നിലേക്ക് നോക്കി ചിന്തിച്ചിട്ട് കാര്യമില്ല. അതായത് മുന്നിലേക്ക് നോക്കികൊണ്ട് നിങ്ങളുടെ ജീവിതത്തിലെ ഡോട്ടുകളെ ബന്ധിപ്പിക്കാനാവില്ല. എന്നാല്‍ പിന്നീട് തിരിഞ്ഞുനോക്കുമ്പോള്‍ മാത്രമേ അതിന് കഴിയൂ. അതിനാല്‍ ഭാവിയില്‍ ഈ 'ഡോട്ടുകള്‍' എങ്ങനെയെങ്കിലും ബന്ധിപ്പിക്കാനാവും എന്ന് വിശ്വസിക്കുക. നിങ്ങള്‍ എന്തിലെങ്കിലും വിശ്വാസം അര്‍പ്പിച്ചിരിക്കണം - നിങ്ങളുടെ അന്തര്‍ജ്ഞാനം, വിധി, ജീവിതം, കര്‍മം - അങ്ങനെ എന്തിലെങ്കിലും. ഈ സമീപനമാണ് എന്നെ എക്കാലവും താങ്ങിനിര്‍ത്തിയത്. മാത്രമല്ല, ഇതാണ് എന്റെ ജീവിതത്തില്‍ വലിയ വ്യത്യാസം കൊണ്ടുവന്നതും.''
''എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യമുണ്ട്. വിജയികളായ സംരംഭകരെയും പരാജിതരായ സംരംഭകരെയും തമ്മില്‍ വേര്‍തിരിക്കുന്നതില്‍ ഏതാണ്ട് പകുതികാര്യവും സ്ഥിരോല്‍സാഹം മാത്രമാണ്.''
''നിങ്ങളുടെ സമയം പരിമിതമാണ്. അതുകൊണ്ട്, നിങ്ങളുടേതല്ലാത്ത ഒരു ജീവിതം നയിച്ച് അത് പാഴാക്കരുത്. മറ്റുള്ളവരുടെ സിദ്ധാന്തങ്ങളില്‍ കുടുങ്ങി അവരുടെ ആശയസംഹിതകള്‍ക്കനുസരിച്ച് ആകരുത് ജീവിതം. നിങ്ങളുടെ ആന്തരാത്മാവിന്റെ ശബ്ദം പുറത്തുനിന്നുള്ളവരുടെ അഭിപ്രായപ്രകടനങ്ങളില്‍ പെട്ട് മുങ്ങിത്താഴാന്‍ അനുവദിക്കരുത്. ഏറ്റവും പ്രധാനം, നിങ്ങളുടെ ഹൃദയവിചാരങ്ങളെയും സഹജാവബോധത്തെയും പിന്തുടരാന്‍ ധൈര്യം കാണിക്കണം. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ എന്താണോ ആയിത്തീരേണ്ടത് എന്ന വസ്തുത അവയ്ക്ക് കൃത്യമായി അറിയാം.
''നിങ്ങള്‍ വളരുന്ന പ്രായത്തില്‍ കേള്‍ക്കുന്നത് ഇങ്ങനെയൊക്കെയാണ് - ലോകം ഇതൊക്കെയാണ്, ഈ ലോകത്തിനുള്ളില്‍ നിന്ന് നിങ്ങള്‍ ജീവിക്കുക, നല്ലൊരു കുടുംബ ജീവിതം നയിക്കുക, കുറച്ച് പണം സമ്പാദിക്കുക, ജീവിതം ആസ്വദിക്കുക - ഇതൊരു പരിമിതമായ ജീവിതമാണ്. ഒരു ലളിതമായ വസ്തുത തിരിച്ചറിഞ്ഞാല്‍ ജീവിതം കുറേക്കൂടി വിശാലമാകും. നിങ്ങള്‍ ജീവിതമെന്ന് പേരിട്ട് വിളിക്കുന്ന നിങ്ങള്‍ക്ക് ചുറ്റിലുമുള്ളതെല്ലാം നിങ്ങളേക്കാള്‍ ഒട്ടും സ്മാര്‍ട്ടല്ലാത്ത മറ്റാരൊക്കെയോ സൃഷ്ടിച്ചതാണ്. അതുകൊണ്ട് നിങ്ങള്‍ക്കതിനെ വേണമെങ്കില്‍ മാറ്റാം. നിങ്ങള്‍ക്ക് സ്വാധീനം ചെലുത്താം. മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വിധം നിങ്ങള്‍ക്ക് നിങ്ങളുടേതായ വസ്തുക്കള്‍ സൃഷ്ടിക്കാം. ഇക്കാര്യം നിങ്ങള്‍ തിരിച്ചറിഞ്ഞാല്‍, നിങ്ങള്‍ ഒരിക്കലും പഴയതുപോലെയാകില്ല.''
''നിങ്ങള്‍ പ്രവര്‍ത്തിക്കുക. പരാജയം സ്വീകരിക്കാന്‍ തയ്യാറാകുക. തകര്‍ന്നടിയാനും അകംപൊള്ളിയടരാനും സ്വയം സജ്ജരാകുക. പരാജയത്തെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഏറെ അകലങ്ങളിലേക്ക് സഞ്ചരിക്കാന്‍ സാധിക്കില്ല.''
''എന്റെ അന്തര്‍ജ്ഞാനത്തെയും ജിജ്ഞാസയെയും പിന്തുടരുന്ന ശീലമാണ് പില്‍ക്കാലത്ത് അമൂല്യമായി ഭവിച്ചത്.''
'' കഴിഞ്ഞ 33 വര്‍ഷമായി, എല്ലാ പ്രഭാതത്തിലും കണ്ണാടിയില്‍ നോക്കി ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന ഒരു കാര്യമുണ്ട്. ''ഇന്ന് എന്റെ ജീവിതത്തിലെ അവസാന ദിവസമാണെങ്കില്‍, ഇന്ന് ഞാന്‍ ചെയ്യാനിരിക്കുന്ന അതേ കാര്യങ്ങള്‍ തന്നെയാവുമോ ചെയ്യുക?'' ദിവസങ്ങളോളം ഈ ചോദ്യത്തിന് അല്ല' എന്ന ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ എന്നിലെ എന്തോ മാറ്റേണ്ടതുണ്ടെന്ന കാര്യം മനസ്സിലാകും.''
'' വിരസതയില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്. വിരസത വരുമ്പോള്‍ ഉള്ളിലെ ജിജ്ഞാസ ഉണരും. ജിജ്ഞാസയില്‍ നിന്ന് മറ്റെല്ലാം പിറക്കും. എല്ലാ ടെക്‌നോളജി ഉല്‍പ്പന്നങ്ങളും അത്ഭുതകരമായ സൃഷ്ടികളാണ്. എന്നാല്‍ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയും മനോഹരമാകാം''
''നിങ്ങള്‍ ചുമ്മാ ഒരിടത്തിരുന്ന് വെറുതെ നിരീക്ഷിക്കുക; നിങ്ങള്‍ക്കപ്പോള്‍ മനസ്സിലാകും നിങ്ങളുടെ മനസ്സ് എത്രമാത്രം അശാന്തമാണെന്ന്. നിങ്ങള്‍ അതിനെ ശാന്തമാക്കാന്‍ ശ്രമിക്കുന്തോറും അത് കൂടുതല്‍ അശാന്തമാകും. പക്ഷേ കുറച്ചുകഴിയുമ്പോള്‍ ശാന്തമായി തുടങ്ങും. അപ്പോള്‍ പെട്ടെന്ന് നാം അറിയാത്ത, എവിടെയോ മറഞ്ഞിരുന്ന കാര്യങ്ങള്‍ കൂടി ഉള്ളില്‍ തെളിഞ്ഞുവരും. നമ്മുടെ സഹജാവബോധം ഉണരാന്‍ തുടങ്ങും. കാര്യങ്ങളെ കുറേക്കൂടി വ്യക്തതയോടെ കാണാന്‍ സാധിക്കും. നിങ്ങള്‍ ആയിരിക്കുന്ന നിമിഷത്തില്‍ തുടരാന്‍ സാധിക്കും. നിങ്ങളെ മനസ്സ് അശാന്തതകളെ വെടിഞ്ഞ് ശാന്തവും ചീറിപായാതെ മന്ദതാളത്തിലുമാകും. ആ നിമിഷം നിങ്ങളുടെ ലോകവും വിശാലമാകും. നിങ്ങള്‍ മുന്‍പെങ്ങും കാണാത്തതെല്ലാം അപ്പോള്‍ കാണാന്‍ സാധിക്കും. ഇതൊരു ചിട്ടയാണ്; അത് നിങ്ങള്‍ പരിശീലിക്കേണ്ടിയിരിക്കുന്നു.''
''ചിലപ്പോള്‍ ജീവിതം നിങ്ങളുടെ തലയില്‍ കല്ലുകൊണ്ടൊരു കിഴുക്കുതരും. അപ്പോഴും വിശ്വാസം കൈവെടിയരുത്.''
''നിങ്ങളുടെ ജീവിതത്തിന്റെ സിംഹഭാഗവും ജോലിയിലാണ് മുഴുകുന്നത്. അപ്പോള്‍ യഥാര്‍ത്ഥ സംതൃപ്തി അനുഭവിക്കാന്‍ ഏറ്റവും മഹനീയമെന്ന് നിങ്ങള്‍ വിശ്വസിക്കുന്ന കാര്യം ചെയ്യുക. മഹത്തായ ജോലി ചെയ്യാന്‍ ഒരു വഴിയേയുള്ളൂ, നിങ്ങള്‍ ചെയ്യുന്നതെന്താണോ അതിനെ സ്‌നേഹിക്കുക. നിങ്ങള്‍ക്ക് അതുപോലൊന്നിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കില്‍ നോക്കിക്കൊണ്ടേയിരിക്കുക. ചെയ്തുകൊണ്ടിരിക്കുന്ന പൂര്‍ണതൃപ്തിയില്ലാത്ത കാര്യങ്ങള്‍ കൊണ്ട് കാലം കഴിക്കരുത്.''

To Read More Articles by Anoop : https://www.thesouljam.com


Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it