പിരമിഡ് വാലി: ഇന്ത്യയിലെ മറഞ്ഞിരിക്കുന്ന രത്‌നം

ഏകദേശം മൂന്നു വര്‍ഷം മുമ്പ് മൂന്നു മാസത്തെ ഏകാന്ത യാത്രയ്ക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്പ് ധ്യാനം (Meditation) പരിശീലിക്കുന്നതിനായി ഒരു ആശ്രമം/ആത്മീയ കേന്ദ്രം അന്വേഷിക്കുകയായിരുന്നു ഞാന്‍. എന്നിരുന്നാലും, മിക്ക ആശ്രമങ്ങളിലും ഉള്ള പോലെ കര്‍ക്കശമായ ടൈംടേബിളുകളോ ദിനചര്യകളോ

പാലിക്കാന്‍ ഞാന്‍ തയാറായിരുന്നില്ല താനും. അയവുള്ള രീതികളാണ് ഞാന്‍ ആഗ്രഹിച്ചത്.
ഇന്ത്യയില്‍ അങ്ങനെയൊരു ആശ്രമം നിലവിലുണ്ടോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നെങ്കിലും ഞാന്‍ മനസ്സില്‍ കരുതിയതു പോലെയുള്ള ഒരു സ്ഥലം കണ്ടെത്താന്‍ കഴിയണേ എന്ന് പ്രപഞ്ചത്തോട് ഞാന്‍ ആവശ്യപ്പെട്ടു.
കുറച്ചു മാസങ്ങള്‍ക്കു ശേഷം, ഞാന്‍ ഉദയ്പൂരില്‍ ആയിരുന്നപ്പോള്‍ കണ്ടുമുട്ടിയ ഒരാള്‍ ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശത്തുള്ള പിരമിഡ് വാലി എന്ന സ്ഥലത്തെ കുറിച്ച് എന്നോട് പറയുകയുണ്ടായി.
ആ സ്ഥലത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവരണം കേട്ടപ്പോള്‍ എന്നില്‍ താല്‍പ്പര്യമുണര്‍ന്നു. എന്റെ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരമാണോ അതെന്ന് ഞാന്‍ ചിന്തിച്ചു.
ഏകദേശം അഞ്ച് മാസങ്ങള്‍ക്ക് ശേഷം, ഞാന്‍ പിരമിഡ് വാലി സന്ദര്‍ശിച്ചു. ഞാന്‍ ആഗ്രഹിച്ചതും അതിലേറെയും അവിടെയുണ്ടെന്ന് ഞാന്‍ കണ്ടെത്തി.
28 ഏക്കറില്‍ പരന്നു കിടക്കുന്ന മനോഹരമായ പച്ചപ്പും തടാകങ്ങളും ചെറിയ കുന്നുകളും ഉള്‍പ്പെടുന്ന, ധ്യാനത്തിനായി മാത്രം നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ പിരമിഡ് ഘടന (100 അടി/ 30 മീറ്റര്‍) ഇവിടെയുണ്ട്.
ലോകത്തിലെ എന്റെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് പിരമിഡ് വാലി. ഇത് യഥാര്‍ത്ഥത്തില്‍ ഒരു സാധാരണ ആശ്രമം അല്ലെങ്കില്‍ ആത്മീയ കേന്ദ്രം എന്നതിനേക്കാള്‍ ഒരു റിസോര്‍ട്ട് പോലെയാണ് തോന്നുക.
കുറച്ചു സമയം ചെലവഴിക്കാനോ ഏതാനും ദിവസം താമസിക്കാനോ പറ്റിയ മനോഹരമായ സ്ഥലമാണിത്. ഞാന്‍ മുമ്പ് പോയിട്ടുള്ള മറ്റു സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ശക്തമായ ഒരു പോസിറ്റീവ് എനര്‍ജി ഉണ്ട്. താല്‍പ്പര്യമുള്ള സന്ദര്‍ശകരെ അവര്‍ സൗജന്യമായി ധ്യാനം പഠിപ്പിക്കുന്നു. മാത്രമല്ല, എല്ലാവര്‍ക്കും രാവിലെയും ഉച്ചയ്ക്കും രാത്രിയിലും സൗജന്യ ഭക്ഷണവും നല്‍കുന്നു.
കുറഞ്ഞ ചെലവില്‍ താമസ സൗകര്യവും കിട്ടും. ഡോര്‍മിറ്ററികള്‍ 150 രൂപ മുതല്‍ പ്രതിദിന വാടകയ്ക്ക് ലഭ്യമാണ്. ഡീലക്‌സ് മുറികളുമുണ്ട്.
മറ്റു നിരവധി സൗകര്യങ്ങള്‍ക്കൊപ്പം ആകര്‍ഷകവും അപൂര്‍വവുമായ നിരവധി ആത്മീയ പുസ്തകങ്ങളടങ്ങിയ മികച്ച ലൈബ്രറിയും ഇവിടെയുണ്ട്. ഞാന്‍ മൂന്നാഴ്ചയോളം അവിടെ താമസിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മൂന്നാഴ്ചയായിരുന്നു അത്. മുമ്പെന്നത്തേക്കാളും എന്നോട് തന്നെ ചേര്‍ന്നു നില്‍ക്കാനും സ്വയം മനസ്സിലാക്കാനും കഴിയുന്നതായി എനിക്ക് തോന്നി.
ഞാന്‍ അവിടെ താമസിക്കുന്ന കാലത്ത്, വളരെ താല്‍പ്പര്യമുണര്‍ത്തുന്ന, പ്രചോദനമേകുന്ന പല ആളുകളെ കണ്ടുമുട്ടാന്‍ കഴിഞ്ഞു.
ഞാന്‍ ജീവിതത്തില്‍ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന ചോദ്യം അഞ്ചു വര്‍ഷത്തിലേറെയായി എന്നെ അലട്ടിയിരുന്നു. ഞാന്‍ പിരമിഡ് വാലിയില്‍ ആയിരിക്കുമ്പോഴാണ് ബ്ലോഗിംഗ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള സൂചനകള്‍ പ്രപഞ്ചത്തില്‍ നിന്ന് എനിക്ക് ലഭിച്ചത്.
അതിശയകരമെന്നു പറയട്ടെ, 2004 മുതല്‍ പിരമിഡ് വാലി അവിടെയുണ്ടെങ്കിലും ബാംഗളൂരിലെ ഭൂരിഭാഗം ആളുകളും ഈ സ്ഥലത്തെ കുറിച്ച് കേട്ടിട്ടുപോലുമില്ല. അവിടെ ജോലി ചെയ്യുന്ന ഒരാളോട് സംസാരിച്ചപ്പോള്‍, മറ്റ് ആത്മീയ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പിരമിഡ് വാലി നടത്തുന്ന പിഎസ്എസ്എം (പിരമിഡ് സ്പിരിച്വല്‍ സൊസൈറ്റീസ് മൂവ്‌മെന്റ്) എന്ന സംഘടന വലിയ പരസ്യപ്രചാരണമൊന്നും നടത്താറില്ല എന്നു പറഞ്ഞു. കേട്ടറിഞ്ഞ് എത്തുന്നവരാണ് സന്ദര്‍ശകരിലേറെയും.
പിരമിഡ് വാലി സന്ദര്‍ശിക്കുന്നത് നന്നായിരിക്കും; പ്രത്യേകിച്ചും നിങ്ങള്‍ ആത്മീയതയും ധ്യാനവും ഇഷ്ടപ്പെടുന്നവരാണെങ്കില്‍.
For more simple and practical tips to live better and be happier visit anoop's website:


Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles
Next Story
Videos
Share it