Begin typing your search above and press return to search.
വേദനാജനകമായ അനുഭവങ്ങളിലും ഒളിഞ്ഞിരിക്കുന്ന അനുഗ്രഹങ്ങളുണ്ട്!
നമ്മളെല്ലാവരും എങ്ങനെയും വേദന ഒഴിവാക്കാനാണ് ശ്രമിക്കുക.
എന്നാല്‍ വേദന അനുഭവിക്കുന്നത് ഏറെ അസുഖകരമാണെങ്കിലും നമ്മുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ചില നിമിഷങ്ങള്‍ വിലമതിക്കാനാവാത്ത അനുഗ്രഹമായും മാറിയേക്കാം.
ഇത്തരം വേദനാജനകമായ അനുഭവങ്ങള്‍ നമ്മുടെ വളര്‍ച്ചയ്ക്ക് എങ്ങനെ സഹായകരമാകാം? അതിനുള്ള മൂന്നു വഴികളാണ് ചുവടെ.
വേദന ശക്തമായ പ്രചോദനമാകാം
എന്റെ ജീവിതത്തിലെ ഒരു സംഭവം തന്നെ പറയാം. എന്റെ മുന്‍ ഗേള്‍ഫ്രണ്ട് എന്റെ തന്നെ ഒരു സുഹൃത്തിനൊപ്പം ഡേറ്റിംഗ് തുടങ്ങിയതിനു ശേഷം അവള്‍ അതേകുറിച്ച് എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി.
എനിക്ക് നേരെ ചിന്തിക്കാനോ ദിവസങ്ങളോളം ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിഞ്ഞിരുന്നില്ല. മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത വേദനയാണ് എനിക്ക് അനുഭവപ്പെട്ടത്.
എന്നാല്‍ ആ സമയത്ത് വളരെ അസുഖകരമായ അനുഭവമായിരുന്നു അതെങ്കിലും ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ആ അനുഭവം എന്നെ നല്ല രീതിയില്‍ മാറ്റിയതായി കാണാനാവും.
ഇത് ഒരു ആത്മപരിശോധനയ്ക്ക് കാരണമാകുകയും ഒരു സാധാരണ ജീവിതമല്ല ഞാന്‍ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സഹായിക്കുകയും ചെയ്തു. ജീവിതത്തില്‍ നിന്ന് കൂടുതല്‍ തേടാനുള്ള ആഗ്രഹം അതെന്നില്‍ സൃഷ്ടിച്ചു. അതിലൂടെ The Secret പോലെയുള്ള വിഖ്യാതമായ പുസ്തകങ്ങള്‍ വായിക്കാനുള്ള പ്രേരണ ഉണ്ടാവുകയും, സന്തോഷവും സാഫല്യവും എങ്ങനെ നേടാം എന്നതു സംബന്ധിച്ച അതീവ ജിജ്ഞാസ എന്നില്‍ ഉടലെടുക്കുകയും ചെയ്തു.
മറ്റുള്ളവരെ മനസ്സിലാക്കാന്‍ വേദന സഹായിക്കും
ലോകമെമ്പാടും അറിയപ്പെടുന്ന ലൈഫ് കോച്ചാണ് ടോണി റോബിന്‍സ്. എന്നാല്‍ അദ്ദേഹത്തിന്റെ ബാല്യം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു.
ദരിദ്രവും പ്രശ്‌നങ്ങള്‍ നിറഞ്ഞതുമായ ഒരു കുടുംബത്തിലാണ് റോബിന്‍സ് വളര്‍ന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന, അദ്ദേഹത്തിന്റെ മാതാവ് ശാരീരികമായി പോലും ഉപദ്രവിക്കുമായിരുന്നു.
അദ്ദേഹത്തിന്റെ 17ാം വയസ്സില്‍ അമ്മ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതോടെ റോബിന്‍സ് വീടു വിട്ടു.
എന്നാല്‍ അമ്മയോടൊപ്പം വളര്‍ന്നു വന്ന അനുഭവം തന്റെ വ്യക്തിത്വ രൂപീകരണത്തില്‍ വലിയ പങ്കുവഹിച്ചുവെന്ന് അദ്ദേഹം ഊന്നി പറയുന്നുണ്ട്. അദ്ദേഹം പറയുന്നു
'ഞാന്‍ ആഗ്രഹിച്ച തരത്തിലുള്ള അമ്മയായിരുന്നു എനിക്കുണ്ടായിരുന്നതെങ്കില്‍ ഞാന്‍ ഇത്തരത്തില്‍ പ്രചോദിതനാകുമായിരുന്നില്ല. ഞാന്‍ ഇത്രയേറെ കഷ്ടപ്പെടുമായിരുന്നില്ല, മറ്റുള്ളവരുടെ കഷ്ടപ്പാടുകളെ കുറിച്ച് ഞാന്‍ ചിന്തിക്കുമായിരുന്നില്ല. ആളുകളെ മനസ്സിലാക്കാനും അവരില്‍ മാറ്റമുണ്ടാക്കാന്‍ സഹായിക്കാനും അതെന്നെ പ്രേരിപ്പിച്ചു.'
നമുക്കാര്‍ക്കും അത്തരത്തിലൊരു വേദനാജനകമായ ബാല്യകാലം സഹിക്കേണ്ടി വന്നിട്ടില്ലായിരിക്കാം. എന്നാല്‍ ടോണി റോബിന്‍സിനെ പോലെ, നിങ്ങളുടെ ജീവിതത്തില്‍ അനുഭവിച്ച വേദന, മറ്റുള്ളവരെ മനസ്സിലാക്കാനും നിങ്ങള്‍ കടന്നു പോയ അനുഭവത്തിന് സമാനമായ അവസ്ഥയിലുള്ളവരെ സഹായിക്കാനും ഇടയാക്കും.
വേദന നിങ്ങളുടെ ജീവിതം കൂടുതല്‍ പൂര്‍ണമാക്കും
വൈരുദ്ധ്യമെന്ന് തോന്നുമെങ്കിലും, വേദന നിങ്ങളെ കൂടുതല്‍ പൂര്‍ണതയുള്ള ജീവിതം നയിക്കാന്‍ സഹായിക്കും. പക്ഷേ നിങ്ങള്‍ വേദനയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണത്. ഭക്ഷണം, വിനോദം, ലഹരി വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അത് നമ്മുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഉപകരിക്കണമെന്നില്ല. എന്നാല്‍ വേദനയുടെ മൂലകാരണം കണ്ടെത്തി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജീവിതം മാറ്റിമറിക്കപ്പെടാം.
ബാഹ്യ സാഹചര്യങ്ങളെയും മറ്റു ആളുകളേയുമാണ് നാം സാധാരണയായി വേദനയ്ക്ക് കാരണമായി കുറ്റപ്പെടുത്തുകയെങ്കിലും നാം അനുഭവിക്കുന്ന മിക്ക വൈകാരിക വേദനയുടെയും കാരണം നമ്മുടെ തന്നെ മനസ്സിന്മേലുള്ള നിയന്ത്രണമില്ലായ്മയാണ്. കാരണം, നമ്മുടെ ചിന്തകളിന്മേല്‍ സമ്പൂര്‍ണ നിയന്ത്രണം ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ ജീവിതത്തിലെ മിക്കവാറും വൈകാരിക വേദനകളെല്ലാം അപ്രത്യക്ഷമായിരിക്കും.
ഏറ്റവും മോശമായ കാര്യങ്ങള്‍ പ്രതീക്ഷിക്കാനും ജീവിതത്തിലെ അസുഖകരമായ സംഭവങ്ങള്‍ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്താനുമുള്ള പ്രവണത കൊണ്ട് നമ്മുടെ മനസ്സ് അനാവശ്യമായി നമ്മെ കഷ്ടപ്പെടുത്തുകയാണ്.
തീവ്രമായ വേദന അനുഭവിക്കുന്നത് നിങ്ങളുടെ ഉള്ളിലേക്ക് തന്നെ നോക്കാനും മെഡിറ്റേഷന്‍, പ്രാണായാമ (ആഴത്തിലുള്ള ശ്വസനം), ജേര്‍ണലിംഗ് തുടങ്ങിയ ശീലങ്ങള്‍ സ്വീകരിക്കാനും നിങ്ങളെ പ്രേരിപ്പിക്കാം. അവ നിങ്ങളുടെ മനസ്സിന്മേല്‍ മികച്ച നിയന്ത്രണം കൊണ്ടു വരാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
വേദനാജനകമായ കാര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അസ്വസ്ഥരാകുകയും പരാതിപ്പെടുകയും സ്വയം സഹതാപം തോന്നുകയുമൊക്കെ ചെയ്യുക മനുഷ്യസഹജമാണ്.
എല്ലാറ്റിനുമുപരി, നമ്മള്‍ക്ക് വേദനിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള പോസിറ്റീവ് സ്വാധീനം ഉണ്ടാക്കുമെന്ന് ഒരിക്കലും ചിന്തിക്കില്ല.
മിക്ക കേസുകളിലും വേദന നേട്ടമാക്കുന്നതിന്, ഒരു ഇരയായി സ്വയം കാണുന്നത് അവസാനിപ്പിക്കുകയും ഭൂതകാല വേദനകള്‍ നമ്മെ ശക്തിപ്പെടുത്താനുള്ളവയാണെന്ന കാഴ്ചപ്പാട് ഉണ്ടാക്കുകയുമാണ് വേണ്ടത്. ജീവിതത്തില്‍ എല്ലാ സാഹചര്യങ്ങളെയും നമുക്ക് നിയന്ത്രിക്കാന്‍ കഴിയണമെന്നില്ല. പക്ഷേ, നമ്മുടെ കാഴ്ചപ്പാട് നിയന്ത്രിക്കാന്‍ നമുക്കാവും. വേദനയില്‍ കഷ്ടപ്പെടണോ അതില്‍ നിന്ന് സമാധാനം കണ്ടെത്തി വളരണോ എന്ന് തീരുമാനിക്കുന്നത് നമ്മുടെ കാഴ്ചപ്പാടാണ്.
നിങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താനും വേദനയെ ഒരു ഗുരുവായി കാണാനും ചുവടെയുള്ള ചോദ്യങ്ങള്‍ നിങ്ങളെ സഹായിക്കും.
എന്റെ ഭൂതകാല വേദനകള്‍ പഠിപ്പിച്ച പാഠങ്ങളെന്തൊക്കെയാണ്? /എന്റെ വേദനകള്‍ എന്നെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ത്?
വേദനകളിലൂടെ കടന്നു പോയത് എന്നില്‍ എന്തൊക്കെ ഗുണങ്ങളുണ്ടാക്കി?
എന്റെ വളര്‍ച്ചയ്ക്ക് വേദന സഹായിച്ചതെങ്ങനെ?/ എന്റെ വേദന എന്നെ വളരാന്‍ സഹായിക്കുന്നതെങ്ങനെ?
ഭാവിയില്‍ കൂടുതല്‍ വേദന ഇല്ലാതിരിക്കാന്‍, വേദനയില്‍ നിന്ന് എനിക്ക് എന്ത് പഠിക്കാനാകും?
ഈ ഓരോ ചോദ്യങ്ങളെ കുറിച്ചും സമയമെടുത്ത് ആലോചിക്കാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.
കുറിപ്പ്: വേദന അനുഭവിക്കല്‍ ഒറ്റപ്പെടലിന്റെ അനുഭവമാകും സൃഷ്ടിക്കുക. ഈ വികാരങ്ങള്‍ നിങ്ങള്‍ മാത്രമാണ് അനുഭവിക്കുന്നത് എന്നു തോന്നും. എന്നാല്‍ സത്യത്തില്‍ ഓരോരുത്തരും വ്യത്യസ്തമായ വേദനകളിലൂടെ കടന്നു പോകുന്നുണ്ട്. പുറമേ നിന്ന് നോക്കിയാലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലുമൊന്നും അത് കാണണമെന്നില്ല.
ദുഷ്‌കരമായ ഒരു സമയത്തിലൂടെയാണ് നിങ്ങള്‍ കടന്നു പോകുന്നതെങ്കിൽ അതേ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയും ആ വേദന മറികടക്കുകും ചെയ്തവരെ കുറിച്ച് വായിക്കുന്നത് നന്നായിരിക്കും.
അത് എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. മാത്രമല്ല, വേദനയിലും അത് പ്രതീക്ഷ പകരുന്നു.
To Read More Articles by Anoop Abraham, click here
Next Story
Videos