കൂടുതല്‍ ക്രിയേറ്റീവ് ആകാനുള്ള മൂന്ന് വഴികള്‍

ക്രിയേറ്റീവായ ഒരാളാണെന്ന് സ്വയം കരുതുക
സര്‍ഗാത്മകതയുടെ കാര്യത്തില്‍ പലര്‍ക്കും മാനസികമായ തടസ്സം നേരിടുന്നുണ്ട്. കലാകാരന്മാര്‍, സംഗീതജ്ഞര്‍, എഴുത്തുകാര്‍ തുടങ്ങിയവരുടെ കാര്യമാണത് എന്നതാണ് പലരുടെയും വിചാരം. എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇങ്ങനെത്തന്നെയായിരുന്നു ചിന്തിച്ചിരുന്നത്. ഞാന്‍ ഒരിക്കലും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല.
എന്നാല്‍ സര്‍ഗാത്മകത എന്നത് ചിലര്‍ക്ക് ജന്മനാ ലഭിക്കുന്നതും മറ്റു ചിലര്‍ക്ക് ഇല്ലാത്തതുമായ പ്രത്യേക കഴിവല്ല. മറ്റേതൊരു കഴിവുകളെയും പോലെ നിങ്ങള്‍ക്ക് വളര്‍ത്തിയെടുക്കാവുന്ന ഒന്നാണ്.
വ്യായാമത്തിലൂടെ മസില്‍ ഉണ്ടാകുന്നതു പോലെയാണ് ക്രിയേറ്റിവിറ്റിയും. എത്രത്തോളം പരിശ്രമിക്കുന്നുവോ അത്രത്തോളം ക്രിയേറ്റീവായ ആശയങ്ങളും ഉള്‍ക്കാഴ്ചയും കൊണ്ടുവരാനാകും.
നാം നമ്മെ സ്വയം എങ്ങനെ കാണുന്നു എന്നതിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രവണതയാണ് ഉപബോധമനസ്സ് കാട്ടുന്നത്. അതുകൊണ്ട് ക്രിയേറ്റീവായ ഒരാളാണെന്ന് നിങ്ങള്‍ സ്വയം കാണുകയാണെങ്കില്‍ നിങ്ങളുടെ സൃഷ്ടിപരമായ ശേഷി മെച്ചപ്പെടുത്താന്‍ കഴിയും.
പ്രചോദനത്തിനും മോട്ടിവേഷനുമായി കാത്തിരിക്കരുത്
നല്ല ക്രിയേറ്റീവായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദനവും മോട്ടിവേഷനും ലഭിച്ചിരിക്കണമെന്നതാണ് സര്‍ഗാത്മക പ്രക്രിയയെ കുറിച്ച് പൊതുവായുള്ള ധാരണ. അത് സത്യം തന്നെയെന്ന് ഞാനും വിശ്വസിച്ചു. അതുകൊണ്ടു തന്നെ ബ്ലോഗിംഗ് ആരംഭിക്കാന്‍ ഞാന്‍ ആദ്യം തീരുമാനിച്ചപ്പോള്‍, ലേഖനങ്ങള്‍ എഴുതേണ്ടത് പ്രചോദനം അനുഭവപ്പെടുമ്പോള്‍ മാത്രമാണെന്നാണ് കരുതിയത്.
എന്നാല്‍ പ്രചോദനവും മോട്ടിവേഷനും ലഭിക്കുമ്പോള്‍ മാത്രം എഴുതാം എന്നു കരുതിയാല്‍ ഒന്നും നടക്കില്ലെന്ന് പെട്ടെന്ന് തന്നെ ഞാന്‍ മനസ്സിലാക്കി. പ്രചോദനം എന്നത് കാറ്റിനെ പോലെ വന്നു പോകുന്ന ഒന്നാണെന്നും അവയെ ആശ്രയിക്കാനാവില്ലെന്നും ഞാന്‍ മനസ്സിലാക്കി.
ഞാന്‍ ബ്ലോഗിംഗ് ആരംഭിച്ച സമയത്ത്, എലിസബത്ത് ഗില്‍ബര്‍ട്ടിന്റെ ബിഗ് മാജിക് എന്ന സര്‍ഗാത്മക പ്രക്രിയകളെ കുറിച്ചുള്ള അത്ഭുതകരമായ പുസ്തകം വായിക്കാനിടയായി. ഒരു ദിനചര്യ ഉണ്ടായിരിക്കേണ്ടതിന്റെയും അച്ചടക്കം പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെ കുറിച്ചാണ് (പ്രചോദനത്തിനായി കാത്തിരിക്കുന്നതിന് പകരം) പുസ്തകത്തില്‍ ഊന്നിപ്പറയുന്നത്. ഈ ഉപദേശം എന്നെ സംബന്ധിച്ച് സഹായകരമാണെന്ന് തെളിയിക്കപ്പെട്ടു.
എഴുത്തുകാരനായ ജെയിംസ് ക്ലിയര്‍ തന്റെ ബ്ലോഗില്‍ അഭിപ്രായപ്പെട്ടത്; 'മോട്ടിവേഷന്‍ എന്നത് പലപ്പോഴും പ്രവര്‍ത്തനത്തിന്റെ ഫലമാണ്, അതിന്റെ കാരണമല്ല.' എന്നാണ്.
മോട്ടിവേഷന്‍ എന്നതു പോലെ പ്രചോദനം എന്നത് പലപ്പോഴും പ്രവര്‍ത്തനത്തിന്റെ ഫലമാണ്, അതിന്റെ കാരണമല്ല എന്നാണ് എഴുത്തിന്റെ കാര്യത്തില്‍ എന്റെ അനുഭവവും.
ഒന്നുകൂടി ജെയിംസ് ക്ലിയറിനെ ഉദ്ധരിച്ചാല്‍, ' തുടങ്ങുക എന്നത്, അത് വളരെ ചെറിയ രൂപത്തില്‍ ആണെങ്കില്‍ പോലും സ്വാഭാവികമായി ആക്കം കൂടി വരുന്ന സജീവമായ ഒരു തരം പ്രചോദനമാണ്.'
ഏകാന്തതയും നിശബ്ദതയും സ്വീകരിക്കുക
ഏകാന്തതയിലും നിശബ്ദതയിലും ക്രിയാത്മകമായ ചിന്തയെ ഉദ്ദീപിപ്പിക്കുന്ന എന്തോ ചിലതുണ്ട്. ഞാന്‍ തനിച്ചിരിക്കുമ്പോഴാണ് എനിക്ക് ചില മികച്ച ആശയങ്ങളും ഉള്‍ക്കാഴ്ചകളും ലഭിക്കുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിലെ മഹാനായ ശാസ്ത്രജ്ഞന്‍ നിക്കോള ടെസ്ല അത് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്;
' ഏകാകിയായിരിക്കുമ്പോഴും തടസ്സമില്ലാത്ത ഏകാന്തതയിലും മനസ്സ് കൂടുതല്‍ മൂര്‍ച്ചയുള്ളതും തീക്ഷ്ണവുമാണ്. ഏകാകിയായിരിക്കുമ്പോള്‍ ക്രിയാത്മകമായ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന ബാഹ്യ സ്വാധീനങ്ങളുടെ ശല്യമില്ലാതെ മൗലികത(Originality) വളരുന്നു. തനിച്ചായിരിക്കുക, അതാണ് കണ്ടുപിടുത്തങ്ങളുടെ രഹസ്യം, തനിച്ചായിരിക്കുക, അപ്പോഴാണ് ആശയങ്ങള്‍ ജനിക്കുന്നത്'.
നമ്മള്‍ തനിച്ചായിരിക്കുകയും മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുമ്പോള്‍ മനസ്സ് സ്വതന്ത്രമാക്കാനും പകല്‍ക്കിനാവ് കാണാനും കഴിയുന്നു.
നാം പകല്‍ക്കിനാവ് കാണുമ്പോള്‍ ഡിഎംഎന്‍ (Default Mode Network) എന്നു വിളിക്കുന്ന മസ്തിഷ്‌കത്തിന്റെ ഒരു ഭാഗം തെളിയുകയും നമ്മുടെ സാധാരണ ബോധാവസ്ഥയില്‍ സംഭവിക്കാനിടയില്ലാത്ത വ്യത്യസ്ത ആശയങ്ങളും ബന്ധിപ്പിക്കാന്‍ സൃഷ്ടിപരമായ എല്ലാത്തരം കാര്യങ്ങളും ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.
ആശയങ്ങള്‍ വരുന്ന നിമിഷം തന്നെ രേഖപ്പെടുത്തി വെക്കുന്നതാണ് നല്ലത്. കാരണം അവ ഒരു മിന്നായം പോലെ വരുന്നതാണ്. ആ നിമിഷത്തില്‍ നിങ്ങള്‍ അത് രേഖപ്പെടുത്തി വെച്ചില്ലെങ്കില്‍ പിന്നീട് അത് ഓര്‍ത്തെടുക്കാന്‍ കഴിയണമെന്നില്ല.
For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.com


Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it