ശ്രദ്ധ പതറാതെ മാനസിക വ്യക്തത കൈവരിക്കാനുള്ള വഴികള്‍

നിങ്ങള്‍ക്ക് പലപ്പോഴും ശ്രദ്ധ പതറിപ്പോകുകയും ഏതെങ്കിലും ഒരു കാര്യത്തില്‍ തന്നെ ശ്രദ്ധപതിപ്പിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നതായി തോന്നിയിട്ടുണ്ടോ? അമിതമായി ചിന്തിച്ചു കൂട്ടുന്ന പ്രവണത കാരണം ദൈനംദിന ജീവിത കാര്യങ്ങളില്‍ പൂര്‍ണമായി മുഴുകാന്‍ കഴിയാതെ പോകുന്നുണ്ടോ?

ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അതെ എന്നാണെങ്കില്‍ സ്വയം സമചിത്തത(Grounding) നേടുന്നത് നിങ്ങള്‍ക്ക് ഒരുപാട് ഗുണം ചെയ്യും. എന്താണ് സമചിത്തത എന്നത് കൊണ്ട് ഉദ്ദേശിച്ചത് എന്ന ചോദ്യമുയരാം.
നിങ്ങള്‍ ഇതിനു മുമ്പ് വളരെ സ്വസ്ഥനും ശാന്തനുമായിരുന്ന ഒരു സന്ദര്‍ഭത്തെ കുറിച്ച് ആലോചിച്ചു നോക്കൂ. ആ അവസ്ഥ തന്നെയാണ് സമചിത്തത എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് സ്വസ്ഥനാവാനും അതാത് നിമിഷങ്ങളില്‍ ജീവിക്കാനും സഹായിക്കുന്ന പ്രവര്‍ത്തികളാണ് അത്.
നമ്മള്‍ സമചിത്തരല്ലാതിരിക്കുമ്പോള്‍ അസ്വസ്ഥത തോന്നുകയും ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ പോകുകയും ചെയ്യുന്നു. സമചിത്തരല്ലാതിരിക്കുന്നതിന്റെ ചില പൊതുവായ ലക്ഷണങ്ങളും അടയാളങ്ങളും ഇവയാണ്.
* അസ്വസ്ഥത
* സമ്മര്‍ദ്ദം
* ശ്രദ്ധ വ്യതിചലിക്കുക
* ഉത്കണ്ഠ
* ഒന്നില്‍ തന്നെ മുഴുകാന്‍ കഴിയാതിരിക്കുക
* മനസ് കുഴഞ്ഞുമറിയുന്ന അവസ്ഥ
* തിടുക്കം തോന്നുക (Sense of hurriedness)
നമ്മുടെ ചിന്തകളും വികാരങ്ങളും ശ്വസന രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സമചിത്തരാണോ എന്ന് മനസ്സിലാക്കാന്‍ നിങ്ങളുടെ ശ്വസനതാളം ശ്രദ്ധിച്ചാല്‍ മതിയാകും.
സമചിത്തരാണെങ്കില്‍ ആഴത്തിലും സാവധാനത്തിലുമായിരിക്കും ശ്വാസോച്ഛ്വാസം. അത് നമ്മുടെ മനസ്സിനെ ശാന്തമാക്കുന്നു. സമചിത്തരല്ലാതിരിക്കുമ്പോള്‍ നമ്മുടെ ശ്വാസോച്ഛ്വാസം ക്രമരഹിതവും വേഗതയുള്ളതുമായി മാറുന്നു. അത് നമ്മളെ അസ്വസ്ഥരാക്കുന്നു.
സമചിത്തരാകുന്നതിനുള്ള തടസ്സങ്ങള്‍
സ്മാര്‍ട്ട്‌ഫോണുകളും സാങ്കേതികവിദ്യയും നമ്മുടെ ജീവിതത്തില്‍ എല്ലാത്തരം സൗകര്യങ്ങളും നല്‍കുന്നുണ്ടെങ്കിലും അനാവശ്യവും അപ്രസക്തവുമായ കാര്യങ്ങളിലൂടെ നമ്മുടെ ശ്രദ്ധ നശിപ്പിക്കുകയും മനസ്സ് അലങ്കോലമാക്കുകയും ചെയ്യുന്നു. സമചിത്തത കൈവിടാന്‍ ഇടവരുത്തുന്ന സോഷ്യല്‍ മീഡിയ, വാര്‍ത്തകള്‍ പോലുള്ള കാര്യങ്ങളുടെ ഉപഭോഗം പരിമിതപ്പെടുത്തുന്നത് നല്ലതായിരിക്കും.
ഒരുപാട് കാര്യങ്ങള്‍ ഒരേസമയം ചെയ്യുന്നത് (Multitasking), ഉറക്കത്തിന്റെ അപര്യാപ്തത, അമിതമായ ഫോണ്‍ ഉപയോഗം, നോട്ടിഫിക്കേഷന്‍ സംബന്ധിച്ച തുടരെയുള്ള ബീപ് ശബ്ദം തുടങ്ങി നമ്മുടെ ശ്രദ്ധ കവരുകയും അമിത ഉത്തേജനം നല്‍കുകയും ചെയ്യുന്ന കാര്യങ്ങളാണ് മറ്റ് തടസ്സങ്ങള്‍.
എന്തിന് സ്വയം സമചിത്തത കൈവരിക്കണം?
നമ്മുടെ ഗുഹാവാസികളായ പൂര്‍വികര്‍ കാട്ടിലെ കടുവകളെ കാണുന്നതു പോലുള്ള പേടിപ്പെടുത്തുന്നതോ സമ്മര്‍ദ്ദമുണ്ടാക്കുന്നതോ ആയ സാഹചര്യം നേരിട്ടപ്പോള്‍ അവരുടെ ശരീരം ' Fight or Flight' എന്ന അവസ്ഥയിലാകുമായിരുന്നു.
സ്വമേധയാ വരുന്ന ഈ പ്രകൃതം അവരെ താഴെ കൊടുത്തിരിക്കുന്ന തരത്തില്‍ ശരീരത്തില്‍ ഉണ്ടാകുന്ന നിരവധി മാറ്റങ്ങളിലൂടെ പോരാടാനോ അല്ലെങ്കില്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടാനോ സഹായിക്കുന്നു.
* മസിലുകളിലേക്കുള്ള ഓക്‌സിജനും രക്തവും വര്‍ധിപ്പിക്കുന്നതിനായി ഹൃദയമിടിപ്പും ശ്വസനവും വേഗത്തിലാകുന്നു.
* ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതിനായി മസിലുകള്‍ മുറുകുന്നു.
* ദഹനം പോലെ ഉടനടി പ്രാധാന്യമില്ലാത്ത ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്നു.
* ഊര്‍ജം പകരുന്നതിനായി അഡ്രിനാലിന്‍ പുറത്തുവിടുന്നു
* വേദന ഇല്ലാതിരിക്കാന്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. (ഇതിന്റെ ഫലമായി യുക്തിസഹമായ ചിന്ത തടയപ്പെട്ടേക്കാം)
ഇന്ന് ആധുനിക ലോകത്ത് കടുവയെ മുന്നില്‍ കാണുന്നതു പോലുള്ള സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ സാധാരണയായി ഉണ്ടാകുന്നില്ല. എന്നിട്ടും നമ്മള്‍ സമ്മര്‍ദ്ദത്തിലോ അസമചിത്തരോ ആകുമ്പോള്‍ ഗുഹാവാസികളായ പൂര്‍വികരില്‍ ഉണ്ടായതു പോലെ ശരീരം പ്രവര്‍ത്തിക്കുന്നു.
നമ്മള്‍ സാധാരണയായി പോരാടുക അല്ലെങ്കില്‍ രക്ഷപ്പെടുക എന്ന തരത്തിലുള്ള ശാരീരികമായ അപകടാവസ്ഥ നേരിടാത്തതിനാല്‍ നമ്മുടെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും വര്‍ധിക്കുന്നത് ഫലപ്രദമായും ശാന്തരായും പ്രവര്‍ത്തിക്കുന്നതിന് സഹായകമാകില്ല. പ്രത്യേകിച്ചും യുക്തിസഹമായ ചിന്തയെ തടസ്സപ്പെടുത്തുന്നതിനാല്‍.
മാത്രമല്ല, സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ വാര്‍ത്തയില്‍ സമ്മര്‍ദ്ദമുളവാക്കുന്ന എന്തെങ്കിലും കാണുന്നതിലൂടെയോ ചിന്തിക്കുന്നതിലൂടെയോ പോലും നമ്മുടെ ഉള്ളില്‍ ' Fight or Flight' മോഡിലെ ചിന്താഗതി ഉണരാം.
സമചിത്തരായിരിക്കാനുള്ള വഴികള്‍ ശ്വസനം
ഒരേ താളത്തിലുള്ള ശ്വാസോച്ഛ്വാസം സമചിത്തരാവാനുള്ള പ്രധാന ഘടകമാണ്. നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകുമ്പോള്‍ കൈ വയറില്‍ വെച്ച് ശ്വാസോച്ഛ്വാസത്തിനനുസരിച്ച് അത് പൊങ്ങുകയും താഴുകയും ചെയ്യുന്നതില്‍ മനസ്സ് കേന്ദ്രീകരിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വിചാരങ്ങളില്‍ നിന്നും വികാരങ്ങളില്‍ നിന്നും ശ്രദ്ധ മാറുകയും ശ്വാസോച്ഛ്വാസം സാവധാനത്തിലും ആഴത്തിലുമാകാന്‍ സഹായിക്കുകയും ചെയ്യുന്നു. (ഇപ്പോള്‍ തന്നെ പരീക്ഷിച്ച് എങ്ങനെ അനുഭവപ്പെടുന്നു എന്ന് നോക്കുക)
നിങ്ങള്‍ക്ക് ഉയര്‍ന്ന സമ്മര്‍ദ്ദമോ ഉത്കണ്ഠയോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ 4-7-8 പോലുള്ള ശ്വസന വ്യായാമങ്ങള്‍ക്കായി 5-10 മിനുട്ട് മാറ്റിവെക്കുക.
നാലു വരെ എണ്ണുന്ന സമയം മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് എടുക്കുക, ഏഴ് എണ്ണുന്നതു വരെ പിടിച്ചു വെക്കുക, എട്ട് എണ്ണുന്നതു വരെ വായിലൂടെ പുറത്തു വിടുക എന്നതാണ് ഈ വ്യായാമ രീതി.
നിങ്ങളുടെ ശ്വസനം ആഴം കുറഞ്ഞതും ക്രമരഹിതവുമാണെന്ന് കണ്ടാല്‍ ബോധപൂര്‍വം ആഴത്തില്‍ ശ്വസിക്കുന്നത് മനസ്സ് ശാന്തമാകാന്‍ സഹായിക്കും.
ധ്യാനിക്കുക (Meditate)
ധ്യാനം പരിശീലിച്ചതിലൂടെ എന്റെ മനസ്സ് ശുദ്ധമാകാനും ഏകാഗ്രത മെച്ചപ്പെടുത്താനും സമചിത്തത നേടാനും സഹായിച്ചിട്ടുണ്ട്. മനസ്സില്‍ ഉയരുന്ന അനാവശ്യമായ ചിന്തകള്‍ ഗണ്യമായി കുറയ്ക്കാനും ദൈനം ദിന ജീവിതത്തിലേക്ക് കൂടുതല്‍ അലിയാനും അതെന്നെ സഹായിച്ചിട്ടുണ്ട്.
എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതിനോ നിരന്തരമായ ഉത്തേജനത്തിനോ ഉള്ള ആഗ്രഹം കൂടാതെ തിരക്കേറിയ ജീവിതത്തില്‍ നിന്ന് മാറാനും ജീവിതം ആസ്വദിക്കാനും അത് എന്നെ സഹായിച്ചു.
ജേര്‍ണലിംഗ് (Journaling)
മനസ്സ് പല ചിന്തകളാൽ അസ്വസ്ഥമായിരിക്കുമ്പോള്‍ അതില്‍ നിന്ന് മോചനം നേടാനായി ഞാന്‍ പലപ്പോഴും ഉപയോഗിക്കുന്ന രീതിയാണ് ജേര്‍ണലിംഗ്.
എന്നെ അലോസരപ്പെടുത്തുന്ന എന്തെങ്കിലും കാര്യത്തെ കുറിച്ച് എഴുതുമ്പോള്‍ വിചാരങ്ങളുടെയും വികാരങ്ങളുടെയും എൻ്റെ മേലുള്ള ശക്തമായ പിടി അയഞ്ഞു തുടങ്ങുകയും ഏകാഗ്രത നേടാനാവുകയും ചെയ്യുന്നു.
സംഗീതം കേള്‍ക്കുക
പതിഞ്ഞ താളത്തിലുള്ള സ്വസ്ഥത പകരുന്ന സംഗീതം കേള്‍ക്കുന്നത് സംഗീതം കേട്ടുകൊണ്ട് വിശ്രമിക്കുന്നത് നിങ്ങളുടെ ഹൃദയമിടിപ്പ്, ശ്വസന വേഗത, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
സംഗീതം കേള്‍ക്കുന്നതിലൂടെ മനസ്സിലെ നെഗറ്റീവ് ചിന്തകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും.
ദീര്‍ഘനേരം കുളിക്കുക
നിങ്ങളില്‍ ശാന്തത കൈവരാനും ആശ്വാസം നിറയ്ക്കാനുമുള്ള എളുപ്പവഴിയാണ് ദീര്‍ഘനേരമുള്ള കുളി. ദീര്‍ഘനേരമുള്ള കുളിക്ക് ചികിത്സാപരമായി തന്നെ പ്രാധാന്യമുണ്ട്. നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും അലട്ടുന്ന ചിന്തകള്‍ ഇല്ലാതാക്കാനും ഇത്തരത്തിലുള്ള കുളി സഹായിക്കും.
ഇടവേളകളെടുക്കുക/ഒന്നും ചെയ്യാതിരിക്കാന്‍ സമയം കണ്ടെത്തുക
പകല്‍ സമയങ്ങളില്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ നിന്ന് കുറച്ചു നേരം ഇടവേളയെടുക്കുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നതിലൂടെ മനസ്സിനെ ശാന്തമാക്കാനും അമിത ഉത്തേജനം അനുഭവപ്പെടാതിരിക്കാനും സഹായിക്കും.
നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാറ്റിവെച്ച് ഒരു കാര്യവും ചെയ്യാതെ കുറച്ചു സമയം ചെലവിടുക.
നടക്കുക
സാധാരണയായി ദീര്‍ഘനേരം ഇരിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ അത് നമ്മുടെ മനസ്സിനും ശരീരത്തിനും ഹാനികരമാണ്. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഇരുന്നാല്‍ പോലും കാലില്‍ നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം 50 ശതമാനം കുറയുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ഇരിക്കുന്നതിനിടയില്‍ ഓരോ മണിക്കൂറിലും അഞ്ചു മിനുട്ട് നേരം നടക്കുന്നതിലൂടെ ദീര്‍ഘനേരം ഇരിക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളില്‍ ഊര്‍ജം നിറയുകയും ശ്രദ്ധ വര്‍ധിക്കുകയും ചെയ്യും.
ഉറക്കം( Power nap), പ്രകൃതിയുമായി സമയം ചെലവിടുക, ശാരീരിക വ്യായാമം/യോഗ എന്നിവ ചെയ്യുന്നത് സമചിത്തത കൈവരിക്കാന്‍ സഹായിക്കും.
അവസാനമായി
സമചിത്തത കൈവിടുമ്പോഴാണ് നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന ഒരു പാട് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. സ്വയം സമചിത്തത കൈവരിക്കുന്നത് ഏറെ ഗുണം ചെയ്യും. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ മാനസികമായും വൈകാരികമായും ആത്മീയമായും അതുണ്ടാക്കുന്ന സ്വാധീനം മനസ്സിലാക്കുന്നവര്‍ കുറവാണ്.
നമ്മള്‍ സമചിത്തരായിരിക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചിന്തകള്‍ സമചിത്തരല്ലാതിരിക്കുമ്പോഴുള്ളതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. നിങ്ങള്‍ അസ്വസ്ഥരായിരിക്കുമ്പോള്‍ സമചിത്തത കൈവരിക്കാന്‍ മേല്‍പ്പറഞ്ഞ പോലെ ലളിതമായ പല മാര്‍ഗങ്ങളുംഉണ്ട് എന്നത് ഒരു അനുഗ്രഹമാണ്.
For more simple and practical tips to live better and be happier visit Anoop's website: https://www.thesouljam.comAnoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it