ഉപഭോക്താവ് വീണ്ടും നിങ്ങളെ തേടിയെത്താന്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കണം!

റോഡിലൂടെ നിങ്ങള്‍ നടക്കുകയാണ്. സൂര്യന്‍ മുകളില്‍ കത്തിജ്വലിച്ചു നില്‍ക്കുന്നു. കൊടും വെയിലില്‍ അല്‍പ്പം നടന്നു കഴിഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് ദാഹിക്കാന്‍ തുടങ്ങി. വഴിയോരത്ത് കണ്ട കടയില്‍ നിന്നും പാനീയം വാങ്ങിക്കുടിച്ച് ദാഹം ശമിപ്പിച്ചതിനു ശേഷം നിങ്ങള്‍ നടപ്പ് തുടരുന്നു.

നിങ്ങള്‍ക്കു വിശക്കുന്നു. ഭക്ഷണം കഴിക്കുവാനായി റസ്‌റ്റോറന്റില്‍ കയറുന്ന നിങ്ങള്‍ ആഹാരം ഓര്‍ഡര്‍ ചെയ്യുന്നു. വെയ്റ്റര്‍ ആഹാരം വിളമ്പുകയും നിങ്ങള്‍ അത് കഴിക്കുകയും ചെയ്യുന്നു. വളരെ രുചിയുള്ള ആഹാരം കഴിച്ച സംതൃപ്തിയില്‍ ബില്‍ നല്‍കി നന്ദി പറഞ്ഞ് നിങ്ങള്‍ പുറത്തേക്കിറങ്ങുന്നു.

പാനീയം കുടിച്ചപ്പോള്‍ നിങ്ങളുടെ ദാഹവും ഭക്ഷണം കഴിച്ചപ്പോള്‍ വിശപ്പും ശമിച്ചു. ഇവിടെ ഈ രണ്ട് പ്രവൃത്തികളിലും നിങ്ങള്‍ തൃപ്തനാകുകയും അത് നിങ്ങളെ സന്തോഷിപ്പിക്കുകയും ചെയ്തു. നിങ്ങള്‍ക്കിഷ്ടപ്പെട്ട പാനീയം കുടിച്ചപ്പോഴും ഭക്ഷണം കഴിച്ചപ്പോഴും അവയുടെ രുചി (Taste)മാത്രമാണോ നിങ്ങളില്‍ സംതൃപ്തി(Satisfaction)ജനിപ്പിച്ചത്?

രുചിയുള്ള ആഹാരം മാത്രമല്ല മനസിനെ തൃപ്തിപ്പെടുത്തുന്നത്. എത്രമാത്രം അളവിലാണ് (Quantity) നിങ്ങള്‍ അത് കഴിക്കുന്നത് എന്നതും വളരെ പ്രധാനമാണ്. ഒരു വലിയബൗള്‍ ഐസ്‌ക്രീമിനെക്കാള്‍ നിങ്ങളെ സന്തോഷിപ്പിക്കുന്നതും തൃപ്തനാക്കുന്നതും ചിലപ്പോള്‍ ചെറിയൊരു ബൗള്‍ ഐസ്‌ക്രീം ആയിരിക്കും. ഒരു പരിധിയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ ഉല്‍പ്പന്നം അസംതൃപ്തിയിലേക്കും മടുപ്പിലേക്കും ഉപഭോക്താവിനെ നയിക്കാം. എന്നാല്‍ കൃത്യമായ അളവിലാണ് ഉപയോഗിക്കുന്നതെങ്കിലോ? ആ ഉല്‍പ്പന്നം ഉപഭോക്താവിനെ വീണ്ടും വീണ്ടും അതുപയോഗിക്കുവാന്‍ പ്രേരിപ്പിക്കും.

ഉപഭോക്താവിന് സംതൃപ്തി പകരുന്ന ഈ അളവാണ്(Quantity) ബ്ലിസ് പോയിന്റ് (Blssi Point). ഒട്ടും കൂടുതലല്ലാത്ത എന്നാല്‍ ഒട്ടും കുറവുമല്ലാത്ത അളവ്. ഉപഭോക്താവില്‍ അസംതൃപ്തി ജനിപ്പിക്കാതെ, അവരെ സമ്മര്‍ദ്ദത്തിലാക്കാതെ ആവശ്യത്തെ നിറവേറ്റാന്‍ ബ്ലിസ് പോയിന്റിന് കഴിയുന്നു. ഉല്‍പ്പന്നവും ഉപഭോക്താവും തമ്മില്‍ ഗാഢമായ ബന്ധം ഉടലെടുക്കാന്‍ ബ്ലിസ് പോയിന്റ് ഒരു കാരണമാകുന്നു. ഉല്‍പ്പന്നം ഏതുമാവട്ടെ അതിന്റെ ബ്ലിസ് പോയിന്റ് കണ്ടെത്തുവാന്‍ സാധിച്ചാല്‍ ഉപഭോക്താവിനെ പരമാവധി തൃപ്തനാക്കുവാന്‍ സാധിക്കും. ബ്ലിസ് പോയിന്റ് കണ്ടെത്തുക വളരെ ശ്രമകരമായ പ്രവൃത്തിയാണ് എന്നതും അറിഞ്ഞിരിക്കണം.

നിങ്ങള്‍ പാനീയം കുടിച്ചപ്പോള്‍ അതിന്റെ അളവ് ശ്രദ്ധിച്ചിരുന്നോ? തീര്‍ച്ചയായും ഉണ്ടാവില്ല. ആ ബോട്ടിലില്‍ കൊള്ളുന്ന പാനീയത്തിന്റെ് അളവ് ബ്ലിസ് പോയിന്റ് ആയിരിക്കും. നിങ്ങളുടെ ദാഹം ശമിപ്പിക്കുമ്പോള്‍ തന്നെ അതിന്റെ അളവ് നിങ്ങളുടെ സംതൃപ്തിയെ ഉറപ്പുവരുത്തുകയും ചെയ്യുന്നു. കോളയുടെ അളവ് നിങ്ങളുടെ ആവശ്യത്തിനേക്കാള്‍ അധികമായിരുന്നെങ്കിലോ? ഒന്നുകില്‍ നിങ്ങള്‍ അത് മുഴുവന്‍ അനാവശ്യമായി അകത്താക്കും അല്ലെങ്കില്‍ ബാക്കി ഉപേക്ഷിക്കും. ആഹാരത്തിന്റെ കാര്യത്തിലും ഇതു തന്നെ സംഭവിക്കാം.

തുടര്‍ച്ചയായ ധാരാളം യാത്രകളെക്കാള്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ സംതൃപ്തിയേകുന്നത് മാസത്തില്‍ ഒരു തവണ നടത്തുന്ന യാത്രകളാകാം. കൂടുതല്‍ യാത്രകള്‍ മുഷിച്ചിലുണ്ടാക്കാം, മടുപ്പുളവാക്കാം. എന്നാല്‍ വല്ലപ്പോഴുമുള്ള യാത്രകള്‍ കൂടുതല്‍ ആനന്ദകരങ്ങളാകും. ഈ ബ്ലിസ്‌പോയിന്റ് കണ്ടെത്തിയാല്‍ യാത്രകള്‍ കൂടുതല്‍ അര്‍ത്ഥവത്തും ഊര്‍ജ്ജസ്വലങ്ങളുമാകും

ഉപഭോക്താവിന്റെ ബ്ലിസ് പോയിന്റ് കണ്ടെത്തുകയും അതിനനുസൃതമായി സംരംഭകന്‍ ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വേണം. Lay's ബ്രാന്‍ഡിന്റെ പൊട്ടറ്റോ ചിപ്‌സ് വാങ്ങി ഉപയോഗിക്കുന്ന ഉപഭോക്താവ് എന്തുകൊണ്ട് അതിലേക്ക് ആകൃഷ്ടനാകുകയും തുടര്‍ച്ചയായി വാങ്ങുകയും ചെയ്യുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? രുചി മാത്രമല്ല അളവിലുമുണ്ട് കാര്യം. നിങ്ങളുടെ ഉല്‍പ്പന്നം ഏതളവില്‍ നല്‍കിയാല്‍ ഉപഭോക്താവിന് പരമാവധി സംതൃപ്തി നല്‍കാന്‍ കഴിയും എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്.


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it