ഒരു ദൈവിക ഇടപെടല്‍ അനുഭവിച്ച ദിവസം!

എന്റെ ജീവിതത്തിലെ ഏറ്റവും പരമമായ(Profound) ഒരു അനുഭവം എന്താണെന്ന് എന്റെയൊരു സുഹൃത്ത് അടുത്തിടെ ചോദിച്ചു. ആ ചോദ്യം എന്നെ ഒരുപാട് നേരം ഇരുത്തിച്ചിന്തിപ്പിച്ചു. (ഒരനുഭവം, മറ്റെല്ലാറ്റില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒന്നായി എനിക്ക് തോന്നി). എന്നെ അതിശയിപ്പിച്ച സ്തബ്ധനാക്കിയ ഒന്നായിരുന്നു അത്.

സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത്, ഞാന്‍ അത്‌ലറ്റിക്‌സില്‍ സജീവമായിരുന്നു. ഞാന്‍ പ്ലസ് വണില്‍ പഠിക്കുന്ന സമയത്ത് 800 മീറ്റര്‍ ഫൈനല്‍സില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഈ സംഭവം.

ആ വര്‍ഷം എന്തോ ചില കാരണങ്ങളാല്‍ 1500 മീറ്റര്‍ ഓട്ടത്തിനും (അതില്‍ പങ്കെടുത്ത എനിക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു) 800 മീറ്റര്‍ ഓട്ടത്തിനും ഇടയ്ക്ക് അരമണിക്കൂറോളം ഇടവേള മാത്രമാണ് ഉണ്ടായിരുന്നത്. സാധാരണ ഈ മത്സരങ്ങള്‍ക്കിടയില്‍ ഏതാനും മണിക്കൂറുകള്‍ തന്നെ ഇടവേള ഉണ്ടാകാറുണ്ട്.

1500 മീറ്റര്‍ മത്സരം കഴിഞ്ഞപ്പോഴേക്കും ഞാന്‍ നടക്കാന്‍ പോലും കഴിയാത്ത വിധം തളര്‍ന്നു. എനിക്ക് നന്നായി ചെയ്യാനാവില്ല എന്നതു കൊണ്ടു തന്നെ 800 മീറ്ററില്‍ മത്സരിക്കുന്നത് നിരത്ഥകമാണെന്ന് തോന്നി.

എന്തായാലും അവസാനം ഞാന്‍ ഓടാന്‍ തന്നെ തീരുമാനിച്ചു. ആദ്യ മൂന്നു ലാപുകളില്‍ എനിക്ക് എങ്ങനെയോ മറ്റുള്ളവരേക്കാള്‍ മുന്നിലെത്താന്‍ കഴിഞ്ഞു. പക്ഷേ ഞാന്‍ തളര്‍ന്നു പോയിരുന്നു. തുടര്‍ന്ന് ഇതേ വേഗത നിലനിര്‍ത്താനോ അവസാന ലാപില്‍ വേഗത കൂട്ടാനോ കഴിയില്ലെന്ന് എനിക്ക് തോന്നി.

എന്റെ സുഹൃത്തുക്കള്‍ ഞാന്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ എനിക്കായി ഹര്‍ഷാരവം മുഴക്കുന്നത് കാണാമായിരുന്നു. എന്നാല്‍ എന്റെ മനസ്സില്‍ അവരെ നിരാശപ്പെടുത്താന്‍ പോകുകയാണല്ലോ എന്ന ചിന്തയായിരുന്നു.

എന്നാല്‍ എവിടെ നിന്നറിയില്ല പെട്ടെന്ന് എന്നില്‍ ഒരു ഊര്‍ജം നിറയുകയും അവസാന ലാപ്പില്‍ വേഗത വര്‍ധിപ്പിച്ച് എളുപ്പത്തില്‍ വിജയത്തിലെത്താനും എനിക്ക് കഴിഞ്ഞു.

വിചിത്രമെന്നു പറയട്ടെ, ഓട്ടം അവസാനിച്ചപ്പോള്‍ ഞാന്‍ വലിയ തോതില്‍ തളര്‍ന്നില്ല. എന്റെ വര്‍ഷങ്ങളുടെ ഓട്ടത്തിനിടയില്‍ മറ്റൊരിക്കല്‍ പോലും ഇതുപോലൊരു അനുഭവം ഉണ്ടായിരുന്നില്ല.

എന്താണ് സംഭവിച്ചതെന്ന് എനിക്ക് വിശ്വസിക്കാനായില്ല. പള്‍പ്പ് ഫിക്ഷന്‍ എന്ന സിനിമയില്‍ വെടിയുണ്ടകള്‍ യാതൊരു പരിക്കുമേല്‍പ്പിക്കാതെ ശരീരത്തിലൂടെ കടന്നു പോയ ജ്യൂള്‍സിന്റെ അനുഭവം പോലൊരു ദൈവിക ഇടപെടല്‍ ഉണ്ടായതു പോലെയാണ് എനിക്ക് തോന്നിയത്.

ഡേവിഡ് ഹോക്കിന്‍സി (David Hawkins)ന്റെ പവര്‍ Vs ഫോഴ്‌സ് എന്ന പുസ്തകത്തിലെ ഒരു ഭാഗം ഈയിടെ വായിക്കുന്നതു വരെ എനിക്ക് അനുഭവപ്പെട്ട പോലൊന്ന് ഞാന്‍ കേട്ടിരുന്നില്ല. അത് എനിക്കുണ്ടായ അനുഭവത്തിന് സമാനമായിരുന്നു. പുസ്തകത്തിലെ ആ ഭാഗം ഇതാണ്;

' ഉയര്‍ന്ന ബോധാവസ്ഥ (Higher state of consciousness) അത്‌ലറ്റുകള്‍ക്ക് പലപ്പോഴും അനുഭവപ്പെടാറുണ്ട്. ദീര്‍ഘദൂര ഓട്ടക്കാര്‍ പലപ്പോഴും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഉദാത്തമായ അവസ്ഥകള്‍ കൈവരിക്കാറുണ്ടെന്ന് വ്യാപകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബോധത്തിന്റെ ഈ ഉയര്‍ച്ച സത്യത്തില്‍, ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനം കൈവരിക്കുന്നതിനാവശ്യമായ, വേദനയ്ക്കും ക്ഷീണത്തിനും അതീതമായ പ്രചോദനം നല്‍കുന്നു.

ഈ പ്രതിഭാസം സാധാരണയായി, ഒരു പ്രകടനത്തിനുള്ള തടസ്സം പെട്ടെന്ന് തകരുകയും പ്രവര്‍ത്തനം അനായാസമായി മാറുകയും ചെയ്യുന്ന രീതിയിലാണ് വിവരിക്കുന്നത്. അദൃശ്യ ശക്തി സന്നിവേശിച്ചതു പോലെ ശരീരം സ്വയം എളുപ്പത്തിലും മനോഹരമായും ചലിക്കുന്നു.'

അവസാന ലാപ്പില്‍ ഏതോ അദൃശ്യ ശക്തി എന്നില്‍ സന്നിവേശിച്ചതു പോലെ ശരിക്കും എനിക്ക് തോന്നിയിരുന്നു. അതിനു ശേഷം പല പ്രാവശ്യം, ആ ലാപ്പ് ഓടിയത് യഥാര്‍ത്ഥത്തില്‍ ഞാന്‍ തന്നെയാണോ എന്ന് ചിന്തിച്ച് അത്ഭുതം കൂറിയിട്ടുണ്ട്.

ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ആ സംഭവത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, പലപ്പോഴും നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ കഴിവുള്ളവരാണ് നമ്മളെന്ന് തോന്നിയിട്ടുണ്ട്.

ആ വര്‍ഷം അത്‌ലറ്റിക്‌സിലെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടുന്നതിലായിരുന്നു എന്റെ ശ്രദ്ധ. അവസാനം ഒറ്റ പോയ്ന്റിന് ഞാന്‍ വിജയിച്ചു. ആ 800 മീറ്റര്‍ ഓട്ടത്തില്‍ മത്സരത്തില്‍ ഒന്നാം സ്ഥാനത്തില്‍ കുറഞ്ഞതൊന്ന് ലഭിച്ചിരുന്നെങ്കില്‍ ഈ നേട്ടത്തിലെത്താന്‍ എനിക്ക് കഴിയുമായിരുന്നില്ല.

നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ചിലപ്പോള്‍ നിഗൂഡമായ ശക്തികള്‍, നിങ്ങള്‍ക്കതിനെ ദൈവമെന്നോ പ്രപഞ്ചമെന്നോ വിളിക്കാം, നിങ്ങളുടെ സഹായത്തിനെത്തുകയും നിങ്ങള്‍ തീരെ പ്രതീക്ഷിക്കാത്ത സമയത്ത്, അസാധാരണമാം വിധം സഹായിക്കുകയും ചെയ്യും.



അന്ന് ഞാൻ Individual Championship trophy നേടിയപ്പോൾ


For more simple and practical tips to live better and be happier visit anoop's website: https://www.thesouljam.com

Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles
Next Story
Videos
Share it