ഇനി ബിസിനസ് ചെയ്യണോ? ഇതൊക്കെ വേണ്ടി വരും

നിങ്ങള്‍ക്ക് മഴക്കാലത്ത് ധരിക്കാന്‍ ഒരു ഷൂസ് വേണം. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മനസ്സിലുള്ള ഷൂസ് നിങ്ങള്‍ തിരയുകയാണ്. അതാ ഉദ്ദേശിച്ച പോലുള്ള ഒരെണ്ണം നിങ്ങള്‍ കാണുകയും ഓര്‍ഡര്‍ ചെയ്യുകയും ചെയ്യുന്നു. ലോഗ്ഔട്ട് ചെയ്യുന്നതിന് മുന്‍പേ നിങ്ങളൊരു ജാക്കറ്റിന്റെ ചിത്രം കൂടി വെബ്‌സൈറ്റില്‍ കാണുന്നു. ഇത്തരം ഷൂസ് ഓര്‍ഡര്‍ ചെയ്തവര്‍ ഈ ജാക്കറ്റും കൂടി വാങ്ങിയിട്ടുണ്ട് എന്ന് ആ പോര്‍ട്ടല്‍ ഓര്‍മ്മപ്പെടുത്തുന്നു.

എത്ര പെട്ടെന്നാണ് ഈ ഒരു ശുപാര്‍ശ (Recommendation) ആ വെബ്‌സൈറ്റ് നിങ്ങള്‍ക്ക് നല്‍കിയത്. നിങ്ങള്‍ക്കറിയാം അത് മനുഷ്യസാധ്യമേ ആയ ഒരു സംഭവമേയല്ലെന്ന്. ഓരോ നിമിഷവും ലക്ഷക്കണക്കിന് ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന ആ വെബ്‌സൈറ്റില്‍ ഓരോ ഉപഭോക്താവിനും ഇത്തരം ശുപാര്‍ശകള്‍ മനുഷ്യരാല്‍ നല്‍കുന്നത് ചിന്തിക്കാന്‍ പോലും കഴിയുകയില്ല. ഉപയോഗിച്ചാല്‍ തന്നെ അതൊരിക്കലും കുറ്റമറ്റ രീതിയില്‍ പ്രായോഗികമായി നടപ്പില്‍ വരുത്തുകയും സാധ്യമല്ല. പിന്നെയെങ്ങിനെ ഇവര്‍ക്കിത് സാധിക്കുന്നു.

നിര്‍മ്മിത ബുദ്ധി (Artificial Intelligence) ഇത്തരം ജോലികള്‍ വളരെ എളുപ്പത്തിലാക്കുന്നു. മനുഷ്യരുടെ യാതൊരു ഇടപെടലുകളില്ലാതെ മെഷീന്‍ ഇത് കൈകാര്യം ചെയ്യുന്നു. കോടിക്കണക്കിന് എണ്ണം വരുന്ന ഇടപാടുകള്‍ നിരീക്ഷിച്ച് ഓരോന്നിനും യോജിച്ച ശുപാര്‍ശകള്‍ നല്‍കുന്നത് ചിന്തിക്കുന്നതിനും അപ്പുറമാണ്. നിര്‍മ്മിത ബുദ്ധിയും (AI) മെഷീന്‍ ലേണിംഗും (ML) കൂടി ഇത് പ്രാവര്‍ത്തികമാക്കുന്നു. ഇടപാടുകളുടെ സ്വഭാവമനുസരിച്ച് അല്‍ഗോരിതം (Algorithm) വീണ്ടും വീണ്ടും പരിഷ്‌ക്കരിക്കപ്പെടുന്നു. കൂടുതല്‍ കുറ്റമറ്റ രീതിയിലേക്ക് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ഓരോ നിമിഷവും ലക്ഷക്കണക്കിന് ഇടപാടുകള്‍ നടക്കുന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ എന്തൊക്കെയായിരിക്കും? ഓണ്‍ലൈന്‍ റീറ്റെയ്ല്‍ ഭീമന്മാരായ ആമസോണ്‍ ഇ -കോമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയായി കണ്ടത് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വേഗതയില്‍ എത്തിച്ചു നല്‍കുക എന്നതായിരുന്നു. നിങ്ങള്‍ തൊട്ടടുത്ത സ്റ്റോറില്‍ നിന്നും ഉല്‍പ്പന്നം വാങ്ങുന്നു. പണം നല്‍കുന്ന ആ നിമിഷം തന്നെ ഉല്‍പ്പന്നം നിങ്ങളുടെ കയ്യില്‍ കിട്ടുന്നു. എന്നാല്‍ ഇ -കോമേഴ്‌സില്‍ നിങ്ങള്‍ കാത്തിരിക്കണം. എത്ര വേഗം ഉല്‍പ്പന്നം നിങ്ങളുടെ കയ്യില്‍ കിട്ടും? ആരാണ് ഈ വെല്ലുവിളി ഏറ്റെടുത്ത് അതിവേഗം ഉല്‍പ്പന്നം ഉപഭോക്താവിന് നല്‍കുന്നത് അവര്‍ക്ക് മത്സരത്തില്‍ മുന്‍തൂക്കം ലഭിക്കും.

ഇതത്ര നിസ്സാരമാണെന്ന് തോന്നുന്നുണ്ടോ? ലക്ഷക്കണക്കിന് ഓര്‍ഡറുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഓരോ ഉല്‍പ്പന്നവും വെയര്‍ഹൗസില്‍ നിന്നും കണ്ടെത്തണം എന്നിട്ടത് ഷിപ്പ് ചെയ്യണം. കാലതാമസം കൂടാതെ ഉല്‍പ്പന്നം ഉപഭോക്താവിന് ലഭിക്കണം. ഒന്നാലോചിക്കൂ എത്രമാത്രം മനുഷ്യ പ്രയത്‌നം ഉപയോഗിച്ചാല്‍ ഇത് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാം. ഒരിക്കലും സാധ്യമല്ല. അവിടെയാണ് ഇന്റലിജന്റ് ഓട്ടോമേഷന്‍ (Intelligent Automation) എന്ന തന്ത്രം വിജയിക്കുന്നത്.

നിര്‍മ്മിത ബുദ്ധിയും (AI) മെഷീന്‍ ലേണിംഗും (ML) റോബോട്ടിക്‌സും (Robotics) ഉള്‍പ്പെടെയുള്ള സാങ്കേതികതയുടെ ഒരു മിശ്രണമാണ് (Combination of Technologies) ഇന്റലിജന്റ് ഓട്ടോമേഷന്‍ (Intelligent Automation). ലോകത്തിലെ ഏറ്റവും വലിയ ഇ -കോമേര്‍ഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രം പഠിച്ചാല്‍ മതി ഇതിന്റെ ആഴവും പ്രായോഗികതയും പ്രയോജനങ്ങളും മനസ്സിലാകുവാന്‍.

ലക്ഷക്കണക്കിന് റോബോട്ടുകളാണ് ആമസോണ്‍ വെയര്‍ഹൗസില്‍ പണിയെടുക്കുന്നത്. ഉപഭോക്താവിന്റെ ഓര്‍ഡര്‍ സ്വീകരിക്കുന്നതു മുതല്‍ ഉല്‍പ്പന്നം ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നതു വരെയുള്ള മുഴുവന്‍ പ്രവൃത്തികളും ഓട്ടോമേറ്റ് ചെയ്തിരിക്കുന്നു. സാങ്കേതികതയുടെ വളര്‍ച്ച തിരിച്ചറിഞ്ഞ് ബിസിനസുകള്‍ അതിനെ ബുദ്ധിപരമായി ഉപയോഗിച്ചു തുടങ്ങണം. വെറും ഓട്ടോമേഷന്‍ നിന്നും ലോകം ഇന്റലിജന്റ് ഓട്ടോമേഷനിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു.


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it