'ബിസിനസ് പിച്ചിംഗി'ല്‍ തുടക്കക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒരു ബിസിനസ് ആശയം നിക്ഷേപകരുടെ മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ അവര്‍ പ്രധാനമായും ശ്രദ്ധിക്കുന്നത് നിങ്ങളുടെ ബിസിനസ് ആശയമോ മാര്‍ക്കറ്റ് സാധ്യതയോ മാത്രമല്ല, നിങ്ങളുടെ അവതരണം കൂടിയായിരിക്കും. എത്രത്തോളം നിങ്ങള്‍ക്ക് ആ ബിസിനസ് മുന്നോട്ടു നയിക്കാന്‍ സാധിക്കും, പ്രശ്‌നങ്ങളെ നേരിടാനുള്ള കരുത്തുണ്ടോ, എത്രത്തോളം ആത്മവിശ്വാസമുണ്ട് തുടങ്ങിയവ നിക്ഷേപകര്‍ ശ്രദ്ധിക്കുന്ന പ്രധാന കാര്യങ്ങളാണ്. നിക്ഷേപം നേടുക എന്ന ലക്ഷ്യത്തോടു കൂടി ഒരു ബിസിനസ് പ്രസന്റേഷന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
1. Pitch Deck: ബിസിനസ് പിച്ചിംഗ് (pitching) ചെയ്യുമ്പോള്‍ നിങ്ങളെ ഏറ്റവുമധികം സഹായിക്കുന്ന ഒരു ഡോക്യൂമെന്റാണ് പിച്ച് ഡെക്ക് (pitch deck). ഒരു ബിസിനസ് ആശയത്തിന്റെയോ സ്റ്റാര്‍ട്ടപ്പിന്റെയോ അവലോകനം നല്‍കുന്ന ഒരു സംക്ഷിപ്ത അവതരണമാണ് പിച്ച് ഡെക്ക്, സാധാരണയായി പ്രധാന വിവരങ്ങളും ദൃശ്യങ്ങളും അടങ്ങിയ സ്ലൈഡുകള്‍ ഉള്‍പ്പെടുന്നതാണിത്. ആദ്യത്തെ മൂന്നോ നാലോ സ്ലൈഡുകളില്‍ തന്നെ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുന്നതാവണം ഒരു പിച്ച് ഡെക്ക്. അതിനാല്‍ മികച്ച രീതിയില്‍ ഒരു പിച്ച് ഡെക്ക് തയ്യാറാക്കിയതിനുശേഷം മാത്രം നിക്ഷേപകരെ സമീപിക്കുക.
2. വസ്ത്ര ധാരണം: തുടക്കത്തില്‍ ബിസിനസ് ആശയമല്ല വില്‍ക്കേണ്ടത്, പകരം നിങ്ങള്‍ നിങ്ങളെ മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കണം. എങ്കില്‍ മാത്രമേ നിങ്ങളുടെ ബിസിനസ് ആശയത്തില്‍ നിക്ഷേപകര്‍ക്ക് വിശ്വാസം വരികയുള്ളു. ഫസ്റ്റ് ഇംപ്രന്‍ ഉണ്ടാക്കിയെടുക്കേണ്ടത് ബിസിനസ് പിച്ചിംഗില്‍ അനിവാര്യമാണ്. അതിനായി പ്രൊഫഷണല്‍ രീതിയില്‍ വസ്ത്ര ധാരണവും ഗ്രൂമിംഗും ചെയ്യേണ്ടത് അനിവാര്യമാണ്. സ്ഥാപകന്‍ മികച്ചതാണെങ്കിലേ സ്ഥാപനം മികച്ചതാവുകയുള്ളു എന്ന പൊതുതത്വം നിക്ഷേപകര്‍ എന്നും വിശ്വസിക്കാറുണ്ട്.
3. ആശയ വിനിമയം: വസ്ത്രധാരണവും ഗ്രൂമിംഗും മാത്രം മികച്ചതായതുകൊണ്ട് കാര്യമില്ല; കാര്യങ്ങള്‍ നല്ല രീതിയില്‍ അവതരിപ്പിക്കാനുള്ള കഴിവും സംരംഭകന് ഉണ്ടായിരിക്കണം. ഒരു ടീമിനെ മാനേജ് ചെയ്യേണ്ടതും ഉപഭോക്താക്കള്‍ക്ക് ഉത്പന്നം വില്‍ക്കേണ്ടതും ഈ സ്ഥാപകനായതിനാല്‍, എത്രത്തോളം ആത്മവിശ്വാസവും ആശയ വിനിമയ ശേഷിയുമുണ്ട് എന്നത് നിക്ഷേപകര്‍ പ്രത്യേകം ശ്രദ്ധിക്കും.
4. സമയക്രമം: ഒരു മണിക്കൂറാണ് മീറ്റിംഗിനുള്ള സമയം അനുവദിച്ചിരിക്കുന്നത് എങ്കില്‍ കൂടിയത് 15 മിനിറ്റുകള്‍ മാത്രമാണ് നിങ്ങള്‍ ആശയം അവതരിപ്പിക്കേണ്ടത്. ഈ 15 മിനിറ്റില്‍ ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ വ്യക്തമായി പിച്ച് ഡെക്കിന്റെ സഹായത്തോടെ അവതരിപ്പിക്കണം. ദിവസങ്ങളോളം ഇത് പരിശീലിക്കേണ്ടതുണ്ട്. 15 മിനിറ്റിന് ശേഷമുള്ള സമയം നിക്ഷേപകന് ചോദ്യങ്ങള്‍ ചോദിക്കാനുള്ളതാണ്. ഇവിടെ പ്രധാനമായും നിങ്ങള്‍ക്ക് വിപണിയെക്കുറിച്ച് എത്രത്തോളം അറിയാം എന്നതായിരിക്കും പരിശോധിക്കുക. അതിനാല്‍ നിങ്ങള്‍ ഇടപെടുന്ന മാര്‍ക്കറ്റിനെ കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. നിക്ഷേപകന് ബിസിനസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാം എന്ന ധാരണ തെറ്റാണ്. അതിനാല്‍ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും മനസിലാക്കിക്കൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം.
5. ഉല്‍പ്പന്നം: പിച്ചിംഗ് സമയത്ത് നിങ്ങളുടെ ഉല്‍പ്പന്നം സാധിക്കുമെങ്കില്‍ ഉപയോഗിക്കാനായി നല്‍കുക. ബിസിനസിനെ കുറിച്ച് കൂടുതല്‍ നിക്ഷേപകന് മനസിലാക്കാന്‍ ഇതുവഴി സാധിക്കും. പിച്ചിംഗില്‍ ഉല്‍പ്പന്നത്തെക്കുറിച്ച് വിവരിക്കുന്നതിനേക്കാളും എത്രയോ മടങ്ങ് ഫലപ്രദമാണ് അത് അവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നത്. എന്നാല്‍ എല്ലായ്‌പോഴും അത് സാധ്യമാകണമെന്നും ഇല്ല.
6. കള്ളം പറയരുത്: സത്യമായ കാര്യങ്ങള്‍ മാത്രം നല്ലരീതിയില്‍ അവതരിപ്പിക്കുന്നതാണ് മികച്ച പിച്ചിംഗ്. നിക്ഷേപകര്‍ നിങ്ങള്‍ പറയുന്ന എല്ലാ കാര്യങ്ങളും പരിശോധിക്കും എന്നതിനാല്‍ കള്ളം പറഞ്ഞ് പിടിക്കപ്പെട്ടാല്‍ അത് നിങ്ങളുടെ മതിപ്പിനെ സാരമായി ബാധിക്കും. അതിനാല്‍ വസ്തുതകള്‍ പഠനത്തിന്റെ അടിസ്ഥാനത്തില്‍ അക്കമിട്ട് വിവരിക്കാന്‍ കഴിയണം.
പുതിയ സംരംഭകരുടെ പിച്ചിംഗ് പലപ്പോഴും മോശമാകാറുണ്ട്. എന്നാല്‍ ഈ സമയത്തെ പഠന കാലഘട്ടമായി (learning curve) കണക്കാക്കേണ്ടത് അത്യാവശ്യമാണ്. തുടക്കത്തിലേ കുറച്ച് പിച്ചിംഗുകള്‍ മോശമായെന്ന് വിചാരിച്ച് ആത്മവിശ്വാസം കളയേണ്ടതില്ല.
ലേഖകന്റെ വിവരങ്ങൾ :
Siju Rajan
Business Branding Strategist
BRANDisam LLP
+91 8281868299
www.sijurajan.com