Begin typing your search above and press return to search.
നിങ്ങളുടെ സംരംഭം 'റീബ്രാന്‍ഡിംഗ്' ചെയ്യുമ്പോള്‍! സുധീര്‍ ബാബു എഴുതുന്നു
ഹിമാലയത്തിന്റെ മടിത്തട്ടിലെ അതിമനോഹരമായ ഒരു രാജ്യമാണ് ഭൂട്ടാന്‍. പ്രകൃതിസൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ശാന്തമായ പ്രദേശം. വിനോദസഞ്ചാരത്തിനായുള്ള അടിസ്ഥാനസൗകര്യങ്ങള്‍ തീരെകുറഞ്ഞ ഒരു വികസ്വര രാജ്യം. ചുറ്റിലും സ്ഥിതിചെയ്യുന്ന മറ്റ് രാജ്യങ്ങളുടെ വികസനമോ സാമ്പത്തിക ഉന്നമനമോ ഒരു കാലഘട്ടം വരെ ഭൂട്ടാനെ തേടിയെത്തിയിരുന്നില്ല.
ആ വിധം മുന്നോട്ടു പോകുക അസാധ്യം. ഭൂട്ടാന്റെ ഈ അവസ്ഥക്ക് മാറ്റം വരണം. രാജ്യത്തിന് പുതിയൊരു മുഖം നല്‍കേണ്ടത് അനിവാര്യമാണ്. ഭൂട്ടാന്‍ ഭരണകൂടം ഒരു നവതന്ത്രത്തിന് രൂപം നല്‍കി. രാജ്യത്തെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുവാന്‍ 'മെയ്ഡ് ഇന്‍ ഭൂട്ടാന്‍' എന്ന പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കി. അതിനൊപ്പം തന്നെ 'ദേശീയ സന്തോഷ സൂചിക' (National Happiness Index) എന്ന പുതിയൊരു തത്വശാസ്ത്രം (Philoosphy) കൂടി ഭൂട്ടാന്‍ കൂട്ടിച്ചേര്‍ത്തു.
തനതായ ആത്മീയ മൂല്യങ്ങളേയും പാരമ്പര്യത്തേയും വിഭവങ്ങളേയും പുരോഗതിക്കായി ഉപയോഗിക്കുകയും രാജ്യത്തിന് പുതിയൊരു പ്രതിച്ഛായ സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. അതെ അത്ഭുതം സംഭവിച്ചു. ജനത മുഴുവന്‍ ഒരുമിച്ചു നിന്നു. അവരുടെ ഓരോ പ്രവര്‍ത്തിയും ഈ തത്വശാസ്ത്രത്തെ പിന്തുടര്‍ന്നു . വര്‍ഷങ്ങള്‍ക്കിപ്പുറം ഭൂട്ടാന്‍ അറിയപ്പെടുന്നത് 'സന്തോഷത്തിന്റെ രാജ്യം' (Coutnry of Happiness) എന്നാണ്. വിനോദസഞ്ചാരികളുടെ പറുദീസയായി ഭൂട്ടാന്‍ മാറി.
റീബ്രാന്‍ഡിംഗ് എന്ന തന്ത്രമാണ് ഭൂട്ടാന്‍ നടപ്പിലാക്കിയത്. ഇന്നലെ വരെ നിലനിന്നിരുന്ന ധാരണകളെ പൊളിച്ചെഴുതി നവീനമായൊരു പ്രതിച്ഛായയെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. പേരോ ലോഗോയോ നിറങ്ങളോ പുനര്‍ നിര്‍വചിക്കുന്നതിലുപരിയായി രാജ്യത്തിന്റെ അടിസ്ഥാനപരമായ, പരമ്പരാഗത മൂല്യങ്ങളിലൂന്നി പുതിയൊരു സംസ്‌കാരത്തെ തന്നെയാണ് റീബ്രാന്‍ഡിംഗ് വഴി ഭൂട്ടാന്‍ രൂപപ്പെടുത്തിയത്.
വി ഗാര്‍ഡിന്റെ മാറ്റം ബിസിനസുകളില്‍ വളരെ വിജയകരമായി റീബ്രാന്‍ഡിംഗ് തന്ത്രം പലരും പ്രയോഗിക്കുന്നത് നാം കാണുന്നുണ്ട്. വ്യത്യസ്തങ്ങളായ റീബ്രാന്‍ഡിംഗ് രീതികളുണ്ട്. വി ഗാര്‍ഡിന്റെ ലോഗോയില്‍ വന്ന മാറ്റം ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.
വ്യക്തമായ ഒരു ആവശ്യകതയും തത്വശാസ്ത്രവും ഇത്തരം മാറ്റങ്ങള്‍ക്കു പിന്നിലുണ്ടാകും. ഉപഭോക്താക്കളുടെ മനസില്‍ പതിഞ്ഞ ചിത്രങ്ങളും ചിഹ്നങ്ങളും നിറങ്ങളും മാറ്റുക അത്യന്തം സൂക്ഷ്മതയോടെ നിര്‍വഹിക്കേണ്ട കാര്യമാണ്. ആവശ്യകതയുടെ പാരമ്യത്തില്‍ മാത്രമേ റീബ്രാന്‍ഡിംഗ് എന്ന തന്ത്രം പ്രയോഗിക്കാവൂ.
അനവസരത്തിലുള്ളതോ, വ്യക്തമായ തയ്യാറെടുപ്പുകള്‍ കൂടാതെയോ ചെയ്യുന്ന റീബ്രാന്‍ഡിംഗ് പരാജയത്തിലേക്ക് പോകാം. ഠൃീുശരമിമ എന്ന ബ്രാന്‍ഡിന്റെ റീബ്രാന്‍ഡിംഗ് തന്ത്രത്തിന്റെ പരാജയം കൂടി നാം കാണേണ്ടതുണ്ട്. അവര്‍ പഴയ പാക്കേജ് ഡിസൈനില്‍ കാതലായ വ്യത്യാസങ്ങള്‍ വരുത്തി തികച്ചും നൂതനമായൊരു ഡിസൈനിന് രൂപം നല്‍കി. എന്നാല്‍ പുതിയ മുഖവുമായി എത്തിയ Tropicana ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത ഉണ്ടാക്കിയെടുക്കുവാന്‍ കഴിഞ്ഞില്ല.
വിറ്റുവരവില്‍ 20ശതമാനം ഇടിവാണ് ഇതുമൂലം സംഭവിച്ചത്. Topicana അതിവേഗം പഴയ രൂപത്തിലേക്ക് തിരിച്ചുവന്നു. ഉപഭോക്താക്കളുടെ മനസില്‍ ചിരകാലപ്രതിഷ്ഠ നേടിയ രൂപങ്ങള്‍ അവരുടെ മനസറിയാതെ മാറ്റിയാല്‍ എന്ത് സംഭവിക്കും എന്നതിന് പരാജയപ്പെട്ട ഈ റീബ്രാന്‍ഡിംഗ് പ്രക്രിയ തന്നെ ഉദാഹരണം.
നിങ്ങളുടെ ബ്രാന്‍ഡിന് പുതിയൊരു പ്രതിച്ഛായ നല്‍കാന്‍, പുതുമ തോന്നാന്‍, മേന്മ വര്‍ധിപ്പിക്കാന്‍ റീബ്രാന്‍ഡിംഗ് തന്ത്രം സഹായിക്കും. പക്ഷേ അത് ലളിതമായ കാര്യമായി ഒരിക്കലും കാണരുത്. നിങ്ങള്‍ മാറ്റിയെടുക്കാന്‍ പോകുന്നത് ബിസിനസിന്റെ വ്യക്തിത്വത്തെയാണ്. അതുകൊണ്ട് ആ പരിപാടിക്ക് ഇറങ്ങും മുമ്പ് പലവട്ടം ചിന്തിക്കുക. ആഴത്തിലുള്ള പഠനവും ഗവേഷണവും തയ്യാറെടുപ്പുമെല്ലാം ഇതിന് വേണം. മാറ്റം കേവലം തൊലിപ്പുറമെ ഉള്ളതുമാകരുത്. പല പ്രമുഖ ബ്രാന്‍ഡുകളും വര്‍ഷങ്ങളെടുത്താണ് റീബ്രാന്‍ഡിംഗ് നടത്തുന്നത്. ലോഗോ മാറ്റത്തിനുപരിയാണ് ഇത് എന്നതാണ് അതിന് കാരണം.
Next Story
Videos