പുതിയ ബിസിനസിനെ കുറിച്ച് ആലോചനയിലാണോ; ഇതുപോലൊരു വിപണി ലക്ഷ്യം വെച്ചാലോ?

നിങ്ങളുടെ ഗ്രാമത്തില്‍ വലിയൊരു എക്‌സിബിഷന്‍ നടക്കുന്നു. നാട്ടുകാര്‍ അത് കാണുവാന്‍ എത്തിക്കൊണ്ടിരിക്കുന്നു. വ്യത്യസ്തങ്ങളായ ധാരാളം കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറുന്നു. ഗ്രൗണ്ടില്‍ അനവധി സ്റ്റാളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവയില്‍ ധാരാളം ഉല്‍പ്പന്നങ്ങളുണ്ട്. ഭക്ഷണ വിഭവങ്ങളുണ്ട്. സന്ദര്‍ശകര്‍ കലാപരിപാടികള്‍ ആസ്വദിക്കുന്നു. സ്റ്റാളുകളില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുന്നു. ഭക്ഷണം കഴിക്കുന്നു. എക്‌സിബിഷന്‍ കാണുന്നു വലിയ തിക്കും തിരക്കും കച്ചവടവും കൂടി എക്‌സിബിഷന്‍ പൊടിപൊടിക്കുന്നു.

ഇത്തരമൊരു എക്‌സിബിഷന്‍ സന്ദര്‍ശകര്‍ക്ക് മാത്രമല്ല കച്ചവടക്കാര്‍ക്കു കൂടി ഗുണകരമാകുന്നു. പ്രാദേശിക കടകളുടെ കച്ചവടവും ഇതുമൂലം വര്‍ദ്ധിക്കുന്നു. ഇങ്ങിനെ രണ്ട് തരം ഗുണഭോക്താക്കളെ ഒരൊറ്റ പ്രോഗ്രാം സൃഷ്ടിക്കുന്നു. കച്ചവടക്കാരും ഉപഭോക്താക്കളും ഈ വിപണിയിലേക്ക് കടന്നു വരുന്നു. അതായത് ഒരു വിപണി രണ്ട് വ്യത്യസ്ത ഗുണഭോക്താക്കളെ സേവിക്കുന്നു, ഒരുമിച്ചു കൊണ്ടു വരുന്നു, രണ്ടു പേര്‍ക്കും ഗുണകരമായ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്നു.

നെറ്റ്ഫ്‌ളിക്‌സ് എന്ന ഒ ടി ടി പ്ലാറ്റ്‌ഫോം നോക്കുക. സിനിമാ നിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള വേദിയായി നെറ്റ്ഫ്‌ളിക്‌സിന്റെ സേവനം ഉപകാരപ്പെടുന്നു. അതേസമയം തന്നെ പ്രേക്ഷകര്‍ക്ക് ഈ ചിത്രങ്ങള്‍ കാണുവാനുള്ള അവസരം ഒരുക്കുകയും ചെയ്യുന്നു. സിനിമ നിര്‍മ്മാതാക്കളേയും പ്രേക്ഷകരേയും ഒരേ സമയം ഒരൊറ്റ വിപണി കൊണ്ട് കൂട്ടിയിണക്കുന്നു. ഇത്തരം വിപണിയെ രണ്ട് വശങ്ങളുള്ള വിപണി (Two Sided Market) എന്ന് പറയാം.

ഒരു ലേല ശാല (Auction House) ചെയ്യുന്നത് നോക്കൂ. അവര്‍ സാധനങ്ങള്‍ ലേലം ചെയ്യാന്‍ ഉടമസ്ഥരെ സഹായിക്കുന്നു. അതുപോലെതന്നെ അത്തരം സാധനങ്ങള്‍ ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് അവ നേടാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു. സാധനങ്ങള്‍ വില്‍ക്കുന്നവരേയും ആവശ്യക്കാരേയും ഒറ്റ വിപണി കൊണ്ട് തമ്മില്‍ ബന്ധിപ്പിക്കുന്നു. രണ്ടു കൂട്ടര്‍ക്കും ഒരേ സമയം സേവനം നല്‍കുന്നു. ആമസോണ്‍ ചെയ്യുന്ന പോലെ ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍, കച്ചവടക്കാര്‍, ഉപഭോക്താക്കള്‍ എല്ലാവരേയും ഒരൊറ്റ ചരടിനാല്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു വിപണിക്ക് തന്നെ രണ്ട് വശങ്ങള്‍.

എഴുത്തുകാര്‍ക്ക് തങ്ങളുടെ കൃതികള്‍ സ്വയം പ്രസിദ്ധീകരിക്കുവാന്‍ അവസരം ഒരുക്കുന്ന ഒരു പ്ലാറ്റ്‌ഫോം വായനക്കാര്‍ക്ക് ആ പുസ്തകങ്ങള്‍ വാങ്ങിക്കുവാനുള്ള സാഹചര്യം കൂടി സൃഷ്ടിക്കുന്നു. ഒരേ സമയം തന്നെ എഴുത്തുകാരും വായനക്കാരും ഈ സേവനം ഉപയോഗപ്പെടുത്തുന്നു. എഴുത്തുകാരന് തന്റെ ഉദ്ദേശം നിറവേറ്റുവാന്‍ കഴിയുന്നു. വായനക്കാരന് തന്റെ അഭിരുചിക്കിണങ്ങിയ പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കുകയും ചെയ്യാം.

രണ്ട് വശങ്ങളുള്ള വിപണിക്ക് (Two Sided Market) രണ്ട് വ്യത്യസ്ത തരം ഉപഭോക്താക്കളാണുള്ളത്. രണ്ടു കൂട്ടരുടേയും ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ഇത്തരമൊരു വിപണി സഹായിക്കുന്നു. ഒരു ക്രെഡിറ്റ് കാര്‍ഡ് കമ്പനി ബന്ധപ്പെടുത്തുന്നത് കച്ചവടക്കാരേയും (Merchants) അവരുടെ ഉപഭോക്താക്കളേയും തമ്മിലാണ്. ഒരു ന്യൂസ്പേപ്പര്‍ ബന്ധിപ്പിക്കുന്നത് പരസ്യം ചെയ്യുന്നവരേയും വായനക്കാരേയുമാണ്.

ഊബര്‍ ടാക്‌സിയുടെ (Uber Taxi) ബിസിനസ് ശ്രദ്ധിക്കുക. യാത്രക്കാരേയും ഡ്രൈവര്‍മാരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു. രണ്ടു കൂട്ടരുടേയും നടുവില്‍ അവര്‍ നിലകൊള്ളുന്നു. അവരുടെ സ്വന്തം വാഹനങ്ങളല്ല അവര്‍ ഇതിനായി ഉപയോഗിക്കുന്നത്. സേവനം നല്‍കുന്നവരും അത് ആവശ്യമുള്ളവരും അവര്‍ക്കു ചുറ്റും തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. വിപണിയില്‍ വിഭിന്നങ്ങളായ ബിസിനസ് മോഡലുകള്‍ ഉപയോഗിച്ചു കൊണ്ട് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ആധുനിക ബിസിനസ് ലോകത്ത് രണ്ട് വശങ്ങളുള്ള വിപണിയുടെ (Two Sided Market) സാദ്ധ്യതകള്‍ വളരെ വലുതാണ്. അതിനിയും വളര്‍ന്നുകൊണ്ടേയിരിക്കും.


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it