ട്വിറ്ററിന്റെ പിറവിയും മിന്ത്രയുടെ വളര്‍ച്ചയും നല്‍കുന്ന പാഠം ഇതാണ്

ഒഡിയോ (Odeo) ബിസിനസ് ആരംഭിച്ചത് വലിയ പ്രതീക്ഷകളോടെയായിരുന്നു. ഉപഭോക്താക്കള്‍ക്ക് താല്‍പ്പര്യമുള്ള പോഡ്കാസ്റ്റുകള്‍ കണ്ടെത്താനും സബ്‌സ്‌ക്രൈബ് ചെയ്യാനും സാധ്യമായ ഒരു പ്ലാറ്റ്‌ഫോം ആയിരുന്നു ഒഡിയോ. എന്നാല്‍ ഐ ട്യൂണിന്റെ കടന്നുവരവ് ഒഡിയോയുടെ സ്ഥാപകരുടെ പ്രതീക്ഷകള്‍ തകര്‍ത്തു. പോഡ്കാസ്റ്റുകളുടെ ഇടം ഐട്യൂണ്‍ കീഴടക്കിത്തുടങ്ങി. ഇനി ഈ ബിസിനസുമായി മുന്നോട്ടു പോകുന്നത് ആത്മഹത്യാപരമാണെന്ന് അവര്‍ നിശ്ചയിച്ചു. തങ്ങളുടെ ജീവനക്കാര്‍ക്ക് പുതിയ ആശയങ്ങളുമായി വരാന്‍ രണ്ടാഴ്ചത്തെ സാവകാശം നല്‍കി. ലഭിച്ച ആശയങ്ങള്‍ വിശകലനം ചെയ്ത് അതിവേഗത്തില്‍ അവര്‍ പുതിയൊരു ബിസിനസിലേക്ക് തിരിഞ്ഞു. ഒരു മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോം ആയിരുന്നു പുതുതായി അവര്‍ തിരഞ്ഞെടുത്ത ആശയം. ലോകം കീഴടക്കിയ ട്വിറ്ററിന്റെ (twitter) ജനനം അങ്ങിനെയായിരുന്നു.

ബിസിനസില്‍ തങ്ങളുടെ ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം ഒരു പരാജയമായി മാറുന്നു എന്ന് കണ്ടാല്‍ സംരംഭകര്‍ എന്ത് ചെയ്യണം? അത്തരം ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി മുന്നോട്ട് പോയി വലിയൊരു തോല്‍വിയിലേക്ക് കൂപ്പുകുത്തണോ? അതോ ബുദ്ധിപരമായി പിന്തിരിഞ്ഞ് മറ്റൊന്നിലേക്ക് മാറണോ? തങ്ങള്‍ തോല്‍ക്കുകയാണ് എന്ന് ബോധ്യമായ നിമിഷം ഒഡിയോയുടെ സ്ഥാപകര്‍ തങ്ങളുടെ ബിസിനസിന്റെ ദിശ തിരിച്ചു. പുതിയൊരു ആശയം കണ്ടെത്തി അതിലേക്ക് ചുവടുമാറ്റി. തോല്‍ക്കും എന്ന ഘട്ടത്തില്‍ കൂടുതല്‍ ക്ഷതമേല്‍ക്കാന്‍ നില്‍ക്കാതെ അവര്‍ 'പിവെട്ട്' (Pivot) ചെയ്തു. പുതിയ ബിസിനസിലേക്ക് തിരിഞ്ഞു.

നഷ്ടം നല്‍കുന്ന, ജയസാധ്യതകളില്ലാത്ത ബിസിനസുകള്‍ തള്ളിക്കൊണ്ട് പോകുന്നതിന് പകരം മറ്റൊന്നിലേക്കുള്ള ചുവടുമാറ്റത്തെ 'പിവെട്ടിംഗ്' (Pivoting) എന്ന് പറയാം. നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍/സേവനങ്ങള്‍ വിജയിക്കില്ല എന്ന് തോന്നിയാല്‍ മാറ്റത്തിന് സംരംഭകര്‍ മടിക്കേണ്ടതില്ല. കൂടുതല്‍ നഷ്ടം ഒഴിവാക്കുവാന്‍ അത് സഹായകരമാകും. ഇതൊരു പിന്‍വാങ്ങലല്ല. പകരം ബിസിനസ് തന്ത്രം തന്നെയാണ്. കൂടുതല്‍ സാധ്യതകളുള്ള ആശയങ്ങള്‍ കണ്ടെത്തുക, ബിസിനസിന്റെ ദിശ മാറ്റുക. എന്നാല്‍ ഇത്തരമൊരു ദിശാമാറ്റത്തിന് അന്തര്‍ലീനമായ റിസ്‌ക്കുകള്‍ ഉണ്ട്. അവയൊക്കെയും സംരംഭകന്‍ കണക്കിലെടുക്കേണ്ടതുണ്ട്. കൃത്യമായ ധാരണകളില്ലാതെ, തയ്യാറെടുപ്പുകളില്ലാതെ പിവെട്ടിംഗ് നടത്തിയാല്‍ പരാജയപ്പെടുവാനുള്ള സാധ്യത കൂടുതലാണ്. പിവെട്ടിംഗിന് മുന്‍പ് ആഴത്തിലുള്ള പഠനവും തയ്യാറെടുപ്പും ആവശ്യമാണ്.

ഫ്ലിപ്പ്കാർട്ട് ഏറ്റെടുത്ത മിന്ത്ര (Mytnra) തങ്ങളുടെ ബിസിനസ് ആരംഭിക്കുമ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് വ്യക്തിഗതമായ ഗിഫ്റ്റ് ഐറ്റങ്ങള്‍ക്കായിരുന്നു (Peronalised Gift Items). വ്യക്തിഗത ടീ ഷര്‍ട്ട്, മഗ്ഗുകള്‍ തുടങ്ങിയ സാധാരണ ഉല്‍പ്പന്നങ്ങളായിരുന്നു അവര്‍ വിറ്റിരുന്നത്. ഈ ബിസിനസ് വലിയൊരു വളര്‍ച്ച നേടാന്‍ അപര്യാപ്തമാണെന്ന് സ്ഥാപകര്‍ മനസിലാക്കി. ബിസിനസിന്റെ ദിശ മാറ്റുവാന്‍ അധികം താമസമുണ്ടായില്ല. അവര്‍ ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളിലേക്ക് തിരിഞ്ഞു. മിന്ത്ര വലിയൊരു വിജയഗാഥയായി മാറി.

ലാഭകരമല്ലാത്ത, വളര്‍ച്ചയില്ലാത്ത ബിസിനസില്‍ നിന്നുള്ള മാറ്റം ഒരു തോല്‍വിയായി സംരംഭകന്‍ ചിന്തിക്കേണ്ടതില്ല. ഇന്ന് ആഗോള തലത്തില്‍ വിജയിച്ചു നില്‍ക്കുന്ന പല വമ്പന്‍ ബിസിനസുകളും 'പിവെട്ടിംഗ്' തന്ത്രത്തിലൂടെ രക്ഷപ്പെട്ടവരാണ്. തുടര്‍ച്ചയായി നഷ്ടം നല്‍കിക്കൊണ്ടിരിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ / സേവനങ്ങളില്‍ ദീര്‍ഘകാലം തൂങ്ങി നില്‍ക്കുന്നത് ബുദ്ധിപരമല്ല. പുതിയ ആശയത്തെ കണ്ടെത്തുകയും അതിലേക്ക് മാറുകയും ചെയ്യുക. എത്രയും വേഗം ഇത് നടപ്പിലാക്കാമോ അത്ര വേഗത്തില്‍ ചെയ്യുകയാണ് ബുദ്ധി. ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്ന കനത്ത ആഘാതങ്ങളെ തടുക്കാന്‍ 'പിവെട്ടിംഗ്' എന്ന തന്ത്രത്തിന് കഴിയും. മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന് സംരംഭകന്‍ ഭയപ്പെടേണ്ടതില്ല.


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it