Begin typing your search above and press return to search.
ഈ തിരിച്ചറിവ് നിങ്ങളെ സ്വതന്ത്രരാക്കും!
കുട്ടിക്കാലം മുതലേ ഞാന്‍ ആഗ്രഹിച്ചിരുന്ന ഒരു കാര്യം കോളേജില്‍ പഠിക്കുന്ന കാലത്ത് നിറവേറ്റി. മുടി വളര്‍ത്തുക എന്നതായിരുന്നു അത്. മുടി വളര്‍ന്നപ്പോള്‍ മിക്കയാളുകള്‍ക്കും അതേ കുറിച്ച് അഭിപ്രായം ഉണ്ടായിരുന്നുവെന്ന് മാത്രമല്ല അവര്‍ക്ക് അത് പ്രകടിപ്പിക്കണമെന്നും തോന്നി. കാര്യം, അത് എന്റെ മുടി മാത്രമായിരുന്നെങ്കിലും അത് കാഴ്ചയ്ക്ക് മറ്റുള്ളവരുടെ ശക്തമായ പ്രതികരണം ഉണ്ടാക്കാന്‍ പര്യാപ്തമായിരുന്നു.
മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതിനോ ശ്രദ്ധ നേടുന്നതിനോ ആയിരുന്നില്ല ഞാന്‍ മുടി വളര്‍ത്തിയിരുന്നത്. എന്തോ ചില കാരണങ്ങളാല്‍ അങ്ങനെയൊരു മോഹം കുട്ടിക്കാലം മുതലേ ഉണ്ടായിരുന്നതിനാലാണ് ഞാന്‍ അത് ചെയ്തത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്ക് മുടി വളര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ഭാഗ്യവശാല്‍ കോളേജില്‍ മുടി വളര്‍ത്തുന്നതിന് തടസം ഒന്നും ഉണ്ടായിരുന്നില്ലെന്നതിനാല്‍ അതിനുള്ള സ്വാതന്ത്ര്യം ലഭിച്ചു.
ഞാന്‍ ഇക്കാര്യങ്ങളൊക്കെ എന്തുകൊണ്ട് ഇപ്പോള്‍ പറയുന്നു എന്നല്ലേ ?
മറ്റുള്ളവരുടെ മുടി പോലുള്ള നിസാരമായ കാര്യങ്ങളെ കുറിച്ചും അത് എങ്ങനെയായിരിക്കണമെന്നുമൊക്കെ ആളുകള്‍ക്ക് ശക്തമായ അഭിപ്രായം ഉണ്ടെങ്കില്‍, മിക്കവാറും എല്ലാ കാര്യങ്ങളെ കുറിച്ചും അവര്‍ക്ക് അഭിപ്രായം പറയാനുണ്ടായിരിക്കും. എന്നാല്‍ ആളുകളെ എപ്പോഴും സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് നിങ്ങള്‍ക്ക് ജീവിക്കാനാവില്ല. ശ്രമിച്ചു നോക്കാം, പക്ഷേ ആത്യന്തികമായി നിങ്ങള്‍ക്ക് ജയിക്കാനാവാത്ത ഒരു ഗെയിം തന്നെയായിരിക്കുമത്. ഇംഗ്ലീഷ് കവിയായ ജോണ്‍ ലിഡ്ഗേറ്റ് പറഞ്ഞതു പോലെ,
'നിങ്ങള്‍ക്ക് കുറച്ചാളുകളെ എല്ലായ്പ്പോഴും സന്തോഷിപ്പിക്കാനാകും, നിങ്ങള്‍ക്ക് എല്ലാവരെയും കുറച്ചു നേരത്തേക്ക് സന്തോഷിപ്പിക്കാനാകും, പക്ഷേ എല്ലാവരെയും എല്ലായ്പ്പോഴും സന്തോഷിപ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല'.
600 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. ഇന്നേവരെ ഒരാള്‍ക്കു പോലും അത് ചെയ്യാനായിട്ടില്ല, ശ്രീ ബുദ്ധന്‍, യേശുക്രിസ്തു എന്നിവരെ പോലെ ഉന്നതമായ ജീവിതം നയിച്ചവര്‍ക്ക് പോലും. എന്നിരുന്നാലും, നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ മുതിര്‍ന്നാല്‍ അവസാനം നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ അമര്‍ഷം തോന്നിയേക്കാം.
പാലീയേറ്റീവ് കെയര്‍ നഴ്സായി നിരവധി വര്‍ഷം പ്രവര്‍ത്തിച്ച ബ്രോണി വെയര്‍ തന്റെ 'ദി ടോപ്പ് 5 റിഗ്രറ്റ്സ് ഓഫ് ഡയിംഗ്' എന്ന പുസ്തകത്തില്‍, മരിക്കാറാകുമ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കുണ്ടാകുന്ന ഖേദം എന്താണെന്ന് പറയുന്നുണ്ട്. 'മറ്റുള്ളവര്‍ എന്നില്‍ നിന്ന് ആഗ്രഹിച്ച പോലെയല്ല, എനിക്ക് ഞാന്‍ ആഗ്രഹിച്ചതു പോലെയുള്ള ജീവിതം നയിക്കാന്‍ ധൈര്യം ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു' എന്നാണത്.
നമുക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമല്ല അത്. നമ്മുടെ മനസ്സ് പ്രാഥമികമായി സന്തോഷം തേടാനും വേദന ഒഴിവാക്കാനുമാണ് പ്രേരിപ്പിക്കുക. അത് സമൂഹത്തിന്റെ നല്ല അഭിപ്രായം നേടുന്നതാണ് സന്തോഷകരം എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അതിനാല്‍ സ്വാഭാവികമായും മറ്റുള്ളവരുടെ അംഗീകാരം നേടാനുള്ള പ്രവണത നമ്മില്‍ വളര്‍ത്തുകയും ചെയ്യുന്നു.
മറുവശത്ത്, നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക എന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, അത് എല്ലായ്പ്പോഴും ജനപ്രിയമായ ഒരു ഓപ്ഷന്‍ ആയിരിക്കണമെന്നില്ല. എന്നാല്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കാനുള്ള യാതൊരു ബാധ്യതയും നിങ്ങള്‍ക്കില്ല എന്നതാണ് സത്യം. മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതും കൃത്രിമവുമായി മാറുന്നു. കാരണം മറ്റുള്ളവരെ പ്രീതിപ്പെടുത്താനുള്ള പ്രവണത അവരോടുള്ള സ്നേഹത്തില്‍നിന്ന് വരുന്നതല്ല, മറിച്ച് ഭയത്തില്‍നിന്ന് ഉടലെടുക്കുന്നതാണ്. എല്ലായ്പ്പോഴും എല്ലാവരെയും സന്തോഷിപ്പിക്കാനാവില്ല എന്ന വസ്തുത അംഗീകരിക്കുന്നത് നിങ്ങളെ സ്വതന്ത്രരാക്കി മാറ്റും. കാരണം, മറ്റുള്ളവരെ പ്രീതിപ്പെടുത്താന്‍ പറ്റാത്തപ്പോള്‍ നിങ്ങള്‍ സ്വയം പഴിക്കുകയില്ല. മാത്രമല്ല, അങ്ങനെ ചെയ്യണമെന്നത് നിങ്ങളുടെ കടമയായി കരുതുകയുമില്ല.
ഈ തിരിച്ചറിവ് നിങ്ങളെ നിങ്ങളായി തന്നെ ജീവിക്കാന്‍ സഹായിക്കും.
To read more articles from the author
Next Story
Videos