ചേക്കുട്ടിയുടെ ഈ തന്ത്രം നിങ്ങള്‍ക്ക് വിജയമന്ത്രമാക്കാം

പ്രളയത്തിന്റെ ക്രോധം ആ കൈത്തറി ഗ്രാമത്തെ തകര്‍ത്തെറിഞ്ഞു. നെയ്ത്ത് തറികളും വില്‍ക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന വസ്ത്രങ്ങളും നെയ്യാന്‍ സംഭരിച്ചിരുന്ന തുണികളുമെല്ലാം വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഉപയോഗശൂന്യമായി. ചേറില്‍ പുതഞ്ഞ തുണികള്‍ നെയ്ത്തുകാരുടെ ഹൃദയം തകര്‍ത്തു . ആകപ്പാടെ അവര്‍ക്കുണ്ടായിരുന്ന ജീവനോപാധി ആര്‍ത്തലച്ചെത്തിയ പ്രളയം വിഴുങ്ങി. ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമം നിശബ്ദമായി. കണ്ണുനീര്‍ വറ്റിയ മിഴികളുമായി നെയ്ത്തുകാര്‍ ശൂന്യതയിലേക്ക് നോക്കിനിന്നു.

ലക്ഷി മേനോനും ഗോപി പാറയിലും കടന്നു ചെന്നത് സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ട ആ ഗ്രാമത്തിലേക്കായിരുന്നു. നശിച്ചു പോയ വസ്ത്രങ്ങളില്‍ ഒളിച്ചിരുന്ന തേങ്ങലുകള്‍ അവരുടെ മനസില്‍ വിഷാദം നിറച്ചു. ചേന്ദമംഗലം ഗ്രാമത്തിന്റെ ദുഃഖം അവരുടെ കൂടി ദുഃഖമായി മാറി. മണ്ണിലും ചേറിലും കുഴഞ്ഞ വസ്ത്രങ്ങള്‍ എന്തുചെയ്യണമെന്നറിയാതെ അവര്‍ ആദ്യം പകച്ചു നിന്നു. അപ്പോഴാണ് ലക്ഷ്മിയുടെ മനസില്‍ ആ ആശയം പൊട്ടിവിരിയുന്നത്.

അങ്ങിനെ കേരളത്തിന്റെ സ്വന്തം ചേക്കുട്ടി പിറന്നു. നശിച്ചുപോയി എന്ന് കരുതിയ വസ്ത്രങ്ങളില്‍ നിന്നും അവര്‍ ചേക്കുട്ടി എന്ന പാവക്കുട്ടിയെ നിര്‍മ്മിച്ചു. വളരെ വേഗത്തിലാണ് ്‌ചേക്കുട്ടി പൊരുതുന്ന ജനതയുടെ വികാരമായി മാറിയത്. ചേക്കുട്ടി പ്രളയത്തില്‍ മുങ്ങിപ്പോയ കേരളത്തിലെ ജനതയുടെ ആശയും ആവേശവുമായി. കേരളത്തിന്റെ അതിജീവന മന്ത്രമായി ചേക്കുട്ടി മാറി. ചേറില്‍ നിന്നും പിറന്ന ചേന്ദമംഗലത്തിന്റെ പാവക്കുട്ടി ആ ഗ്രാമത്തിന് പുതിയ ജീവന്‍ പകര്‍ന്നേകി.

സാധാരണ സാരിക്ക് വില 1300 രൂപയാണ്. അത്തരമൊരു സാരിയില്‍ നിന്നും ഏകദേശം 360 പാവക്കുട്ടികളെ ഉണ്ടാക്കാം. ഒരു പാവക്കുട്ടിക്ക് 25 രൂപ വില കിട്ടിയാല്‍ ഒരു സാരിയില്‍ നിന്നും 9000 രൂപ ലഭിക്കും. ഇവിടെ വസ്ത്രങ്ങള്‍ മറ്റൊരു ഉല്‍പ്പന്നമായി മാറുകയും മൂല്യവര്‍ദ്ധന സംഭവിക്കുകയും ചെയ്തു. ഇതിലൂടെ ചേന്ദമംഗലം തിരിച്ചു പിടിച്ചത് നഷ്ടപ്പെട്ട് പോയ ജീവിതങ്ങളായിരുന്നു.

റീകൊമേഴ്‌സ് (Recommerce) എന്ന തന്ത്രം പ്രസക്തമാകുന്നത് ഇവിടെയാണ്. ഒരു വസ്തുവിനെ റീസൈക്കിള്‍ ചെയ്ത് മറ്റൊരു മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാക്കി മാറ്റാം. ഉപയോഗിച്ച് കഴിഞ്ഞ വസ്തുക്കള്‍ സെക്കന്‍ഡ് ഹാന്‍ഡായി വില്‍ക്കാം . പഴയ വസ്തുക്കള്‍ പങ്ക് വെക്കുകയോ വാടകയ്ക്ക് നല്‍കുകയോ ചെയ്യാം. ഒരു വസ്തുവിനെ മറ്റൊരു ഉപയോഗത്തിനായി രൂപവ്യത്യാസം വരുത്താം. ഇതെല്ലാം റീകൊമേഴ്‌സ് എന്ന തന്ത്രമാണ്.

ചേന്ദമംഗലത്തെ അഴുക്ക് കയറി നശിച്ചുപോയി എന്ന് കരുതിയ വസ്ത്രങ്ങളെ മറ്റൊരു ഉല്‍പ്പന്നമാക്കി പരിവര്‍ത്ത്‌നം ചെയ്തു. ഒന്നും വേസ്റ്റ് അല്ല. ഓരോ വസ്തുക്കളും വീണ്ടും വാണിജ്യത്തിനായി ഉപയോഗിക്കാം എന്ന് ചേക്കുട്ടിയുടെ കഥ നമ്മെ പഠിപ്പിക്കുന്നു. പഴയ വസ്തുക്കളില്‍ നിന്നും വീണ്ടും ബിസിനസ് സൃഷ്ടിക്കുന്ന മാജിക് റീകൊമേഴ്‌സ് കാണിച്ചു തരുന്നു. നമുക്ക് ചുറ്റുപാടും ഒന്ന് കണ്ണോടിക്കാം. ഇത്തരത്തിലുള്ള ധാരാളം അവസരങ്ങള്‍ നമ്മെ കാത്ത് ചുറ്റിലുമുണ്ട്.

ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ വീടുകളും ഷോപ്പുകളും പണിയാന്‍ ഉപയോഗിക്കുന്നു. പഴയ ഒരു കെട്ടിടം പൊളിച്ചു കളയാതെ നവീകരിച്ച് മറ്റൊരു ആവശ്യത്തിനായി തയ്യാറാക്കുന്നു. വായിച്ചു കഴിഞ്ഞ പുസ്തകങ്ങള്‍ പരസ്പരം പങ്ക് വെയ്ക്കുന്നു. ഉപയോഗിച്ച വസ്ത്രങ്ങള്‍ വീണ്ടും വില്‍ക്കുന്നു. ഒരു കെട്ടിടം പൊളിച്ച് അതിലെ ഓരോ വസ്തുവും മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നു. ഇത്തരം പുനരുപയോഗം പരിസ്ഥിതിക്ക് വളരെ അനുഗ്രഹമാണ്. റീകൊമേഴ്‌സ് വലിയൊരു സാമൂഹ്യ ഉത്തരവാദിത്തം കൂടിയാണ് നിര്‍വഹിക്കുന്നത്.

പഴയതെന്ന് പറഞ്ഞ് തള്ളിക്കളയാതെ അവയുടെ വാണിജ്യ സാധ്യത പരിശോധിക്കൂ. റീകൊമേഴ്‌സ് പുതിയ ബിസിനസ് അവസരങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കും.


Related Articles
Next Story
Videos
Share it