വിപാസന ധ്യാനത്തില്‍ നിന്ന് ഞാന്‍ പഠിച്ച മൂന്ന് പാഠങ്ങള്‍

പത്തു ദിവസത്തെ വിപാസന മെഡിറ്റേഷനിൽ പങ്കെടുക്കാൻ ഞാന്‍ പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഏതാനും വര്‍ഷം മുമ്പ് ഒരു സുഹൃത്തുമായി വിപാസനയെ കുറിച്ച് സംസാരിച്ചത് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. വളരെ കര്‍ക്കശമായ ചിട്ടയുള്ള ഒന്നായതിനാല്‍ അത് എനിക്ക് പറ്റിയതല്ല എന്നായിരുന്നു ഞാന്‍ അവനോട് പറഞ്ഞത്. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ്, ഞാന്‍ ഇന്ത്യയില്‍ മൂന്നുമാസക്കാലം യാത്ര ചെയ്തപ്പോള്‍ വിപാസന കോഴ്സ് പൂര്‍ത്തിയാക്കിയ പല ആളുകളെയും കണ്ടുമുട്ടി. അവര്‍ക്കെല്ലാവര്‍ക്കും അതേകുറിച്ച് വളരെ മികച്ച അഭിപ്രായമായിരുന്നു.

ആറുമാസത്തിനുള്ളില്‍ തന്നെ രണ്ടാമത്തേ കോഴ്സിനായി പോകുന്ന ഒരാളെയും ഞാന്‍ കണ്ടു. അതോടെ വിപാസന കോഴ്സ് ചെയ്യണമെന്നും അതെന്താണെന്ന് അറിയണമെന്നും ഞാന്‍ തീരുമാനിച്ചു.
അപ്പോഴേക്കും ഞാന്‍ 3-4 വര്‍ഷമായി, പതിവായിട്ടല്ലെങ്കിലും മെഡിറ്റേഷന്‍ ചെയ്തു വരുന്നുണ്ടായിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ വിപാസനാ അനുഭവങ്ങളെ കുറിച്ച് കേട്ടപ്പോള്‍ എനിക്കും അതൊന്ന് പരീക്ഷിക്കണമെന്ന് തോന്നി.
എന്താണ് വിപാസന മെഡിറ്റേഷന്‍ റിട്രീറ്റ്?
പൂര്‍ണ നിശബ്ദത പാലിക്കുകയും ഓരോ ദിവസവും പത്തു മണിക്കൂര്‍ മെഡിറ്റേഷന്‍ പരിശീലിക്കുകയും ചെയ്യേണ്ട പത്തു ദിവസത്തെ മെഡിറ്റേഷന്‍ ആണ് വിപാസന. നിങ്ങള്‍ക്ക് വായിക്കാനോ, എഴുതാനോ, ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാനോ മറ്റുള്ളവരുടെ കണ്ണില്‍ നോക്കാനോ വരെ അനുവാദമില്ല. കോഴ്സിന്റെ അവസാന ദിവസം വരെ ഗൈഡുമായോ സേവകരുമായോ അല്ലാതെ ആശയവിനിമയവും അനുവദനീയമല്ല.
ഈ ധ്യാന പദ്ധതി സ്ഥാപിച്ച പരേതനായ എസ് എന്‍ ഗോയങ്കയാണ് ഈ മെഡിറ്റേഷന്‍ രീതിയുടെ പ്രധാന അധ്യാപകന്‍. അദ്ദേഹം മുമ്പ് നടത്തിയ റിട്രീറ്റില്‍ നിന്നുള്ള നിരവധി ഓഡിയോ, വീഡിയോ റെക്കോര്‍ഡിംഗുകള്‍ വഴിയാണ് പരിശീലനം. അദ്ദേഹം നടത്തിയ ഒരു സായാഹ്ന പ്രഭാഷണത്തിന്റെ ലിങ്ക് ഇവിടെ നല്‍കുന്നു. (അത് രസകരവും ഉള്‍ക്കാഴ്ച നല്‍കുന്നതുമാണ്).
പത്തു ദിവസത്തെ മൗന വിപാസന ധ്യാന കോഴ്സ് ലോകമെമ്പാടും വളരെ ജനപ്രിയമാണ്. ആറ് ഭൂഖണ്ഡങ്ങളിലായി 200 ലേറെ വിപാസന മെഡിറ്റേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള വിപാസന മെഡിറ്റേഷന്‍ കോഴ്സുകള്‍ താഴെ കൊടുത്തിരിക്കുന്ന ടൈം ടേബിള്‍ പ്രകാരമാണ് നടക്കുന്നത.
കോഴ്സിന്റെ ടൈംടേബ്ള്‍
പുലര്‍ച്ചെ 4 മണി: ഉറക്കം എഴുന്നേല്‍ക്കല്‍
4.30 -6.30 : നിങ്ങളുടെ മുറിയിലോ ഹാളിലോ മെഡിറ്റേഷന്‍
6.30- 8.00 : ബ്രേക്ക് ഫാസ്റ്റ്
8.00- 9.00 : ഹാളില്‍ ഗ്രൂപ്പ് മെഡിറ്റേഷന്‍
9.00- 11.00 : പരിശീലകന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഹാളിലോ നിങ്ങളുടെ മുറിയിലോ മെഡിറ്റേഷന്‍
11.00- 12.00 : ഉച്ചഭക്ഷണം
12.00- ഉച്ചതിരിഞ്ഞ് 1 മണി: വിശ്രമം, പരിശീലകനുമായി അഭിമുഖ സംഭാഷണം
1.00- 2.30 : ഹാളിലോ നിങ്ങളുടെ മുറിയിലോ മെഡിറ്റേഷന്‍
2.30- 3.30 : ഹാളില്‍ ഗ്രൂപ്പ് മെഡിറ്റേഷന്‍
3.30- 5.00 : പരിശീലകന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് ഹാളിലോ നിങ്ങളുടെ മുറിയിലോ മെഡിറ്റേഷന്‍
5.00 - 6.00: ചായയ്ക്കുള്ള ഇടവേള
6.00-7.00: ഹാളില്‍ ഗ്രൂപ്പ് മെഡിറ്റേഷന്‍
7.00-8.15: ഹാളില്‍ പരിശീലകന്‍ സംസാരിക്കുന്നു
8.15-9.00 : ഹാളില്‍ ഗ്രൂപ്പ് മെഡിറ്റേഷന്‍
9.00-9.30: ഹാളില്‍ ചോദ്യോത്തര വേള
9.30 : മുറിയിലേക്ക് മടക്കം
10 ദിവസത്തെ വിപാസന ധ്യാനത്തില്‍ നിന്ന് ഞാന്‍ പഠിച്ച മൂന്നു പാഠങ്ങള്‍
1. എല്ലാ വൈകാരികാനുഭവങ്ങളും (വികാരങ്ങള്‍/ആഗ്രഹങ്ങള്‍/പ്രേരണകള്‍) താല്‍ക്കാലികമാണ്
2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീബുദ്ധന്‍ പഠിപ്പിച്ച ധ്യാന വിദ്യ തന്നെയാണ് വിപാസന. നിങ്ങളുടെ ആപാദചൂഡം മനസ്സുകൊണ്ട് സ്‌കാന്‍ ചെയ്യുകയും ശരീരത്തിലെ സംവേദനങ്ങള്‍ സമചിത്തതയോടെ നിരീക്ഷിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്. നിങ്ങളുടെ ശരീരം സ്‌കാന്‍ ചെയ്യുന്നതിലൂടെ സുഖകരവും അസുഖകരവുമായ സംവേദനങ്ങള്‍ (Sensations) കാണാനാകും. സുഖകരമോ അസുഖകരമോ ആയ സംവേദനങ്ങളോട് മാനസികമായി പ്രതികരിക്കുന്നതിനു പകരം എല്ലാ സംവേദനങ്ങളും ശാശ്വതമല്ലെന്ന - അത് ഉയര്‍ന്നു വരികയും കടന്നു പോകുകയും ചെയ്യും- ധാരണയോടെ കാണണമെന്നാണ് പറയുന്നത്.
വിപാസന ധ്യാനത്തിനിടയില്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ച കാര്യം, അസുഖകരമായ വികാരങ്ങളുടേയോ സംവേദനങ്ങളുടേയോ തീവ്രത, അത് ഉയര്‍ന്നു വന്നതിന് ശേഷമുള്ള നിമിഷങ്ങളിലാണ് ഉച്ചസ്ഥായിയില്‍ ആകുന്നതെന്നാണ്.
എന്റെ ചിന്തകള്‍ കൊണ്ട് ഈ വികാരങ്ങളെ ചെറുക്കാന്‍ ശ്രമിക്കുന്നതിനു പകരം ഞാന്‍ അത് നിരീക്ഷിച്ചു കൊണ്ടിരുന്നപ്പോള്‍ അതിന്റെ തീവ്രത കുറയുകയും പൂര്‍ണമായും അപ്രത്യക്ഷമാകുകയും ചെയ്തു. നമ്മള്‍ അനുഭവിക്കുന്ന എല്ലാ വികാരങ്ങളും സംവേദനങ്ങളും താല്‍ക്കാലികമാണെന്ന് നമുക്കറിയാം. എന്നാല്‍ അസുഖകരമായ അനുഭവങ്ങളിലൂടെ പോകുമ്പോള്‍ ഇത് നമ്മള്‍ ഓര്‍ക്കുന്നില്ല.
എല്ലാ സംവേദനങ്ങളുടെയും ക്ഷണികമായ സ്വഭാവത്തെ കുറിച്ച് കോഴ്സിലുടനീളം കേള്‍ക്കുകയും എന്റെ മെഡിറ്റേഷന്‍ അനുഭവങ്ങളിലൂടെ അത് യാഥാര്‍ത്ഥ്യമാണെന്ന് തിരിച്ചറിയുകയും ചെയ്തു. ആ സത്യം എന്റെ മനസ്സിന്റെ ആഴങ്ങളില്‍ പതിയാന്‍ അത് സഹായിച്ചു.
വിപാസന കോഴ്സിന് ശേഷം ഈ അറിവ് സ്വന്തം ജീവിതത്തില്‍ പ്രയോഗിച്ചപ്പോള്‍ അസുഖകരമായ വികാരങ്ങളും പ്രേരണകളും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാനും എടുത്ത് ചാടിയുള്ള പ്രതികരണം കുറയ്ക്കുന്നതിനും സഹായകമായി.
2.കാര്യങ്ങള്‍ ലളിതമായി എടുക്കുക
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ആദ്യമായി മെഡിറ്റേഷന്‍ തുടങ്ങിയപ്പോള്‍, ഒറ്റയ്ക്ക് ഇരിക്കുന്നത് എത്ര സുഖകരമാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഏതോ ലഹരിയിലെന്ന പോലെ തോന്നി, അതും യാതൊരു ചെലവുമില്ലാതെ.
എന്നാല്‍ ഏകദേശം ഒരു വര്‍ഷത്തിനു ശേഷം, ഞാന്‍ മെഡിറ്റേഷന്‍ ചെയ്യാനിരിക്കുമ്പോള്‍ പലപ്പോഴും മറ്റെന്തെങ്കിലും ചിന്തകളില്‍ മുഴുകുകയോ ഉറക്കം തൂങ്ങുകയോ ചെയ്യുമായിരുന്നു.
ഞാന്‍ നിരാശനായിത്തുടങ്ങുകയും ഏതിനേയും മുന്‍വിധി കൂടാതെ സ്വീകരിക്കുക എന്ന മെഡിറ്റേഷന്റെ അടിസ്ഥാന തത്വം പിന്തുടരുന്നതിന് പകരം മെഡിറ്റേഷന്‍ പഴയ സുഖകരമായ സ്ഥിതിയിലേക്ക് മടങ്ങുമെന്ന് ആശിക്കുകയും ചെയ്യുമായിരുന്നു.
വിപാസന കോഴ്സിന്റെ രണ്ടാം ദിവസത്തോടെ തന്നെ, ഇതേ മനോഭാവത്തോടെയാണ് മെഡിറ്റേഷനെ സമീപിക്കുന്നതെങ്കില്‍ ഭ്രാന്തമായ അസ്ഥയിലാകുമെന്ന് ഞാന്‍ മനസ്സിലാക്കി. അതുകൊണ്ട് മെഡിറ്റേഷന്‍ സെഷനുകള്‍ അവസാനിക്കുമ്പോള്‍ മികച്ച സെഷനുകള്‍ക്ക് സ്വയം അഭിനന്ദിക്കാന്‍ തുടങ്ങി. മെഡിറ്റേഷന്‍ സെഷനുകള്‍ വേദനാജനകവും കഠിനവും ആകുമ്പോള്‍ കാര്യങ്ങള്‍ അംഗീകരിക്കാനും തുടങ്ങി.
ഈ സമീപനം മെഡിറ്റേഷന്‍ കൂടുതല്‍ ഫലപ്രദമാകാന്‍ സഹായിച്ചു.
3. നിങ്ങളുടെ അനുമാനങ്ങള്‍ (assumptions) സത്യമാണെന്ന് തെറ്റിദ്ധരിക്കരുത്
വിപാസനയില്‍ നിങ്ങളുടെ മനസ്സ് മറ്റുള്ളതില്‍ നിന്നെല്ലാം മാറ്റിനിര്‍ത്തി, ദിവസത്തില്‍ പത്തു മണിക്കൂര്‍ മെഡിറ്റേഷനായി ചെലവിടുമ്പോള്‍ സ്വാഭാവികമായും നിങ്ങളുടെ മനസ്സില്‍ ആഴത്തിലുള്ള ഉള്‍ക്കാഴ്ച ലഭ്യമാകും.
മറ്റു വിനോദങ്ങളും മനസ്സിന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന കാര്യങ്ങളും ഇല്ലാതിരിക്കുമ്പോള്‍ മനസ്സില്‍ ഉയരുന്ന ചിന്തകളെ കുറിച്ച് നമ്മള്‍ കൂടുതല്‍ ബോധവാന്മാരാകും.
എന്നോടൊപ്പം കോഴ്സില്‍ പങ്കെടുക്കുന്ന ആളുകളെ കുറിച്ച്, എന്റെ മനസ്സ് നിരവധി മുന്‍വിധികള്‍ നടത്തുന്നത് ഞാന്‍ ശ്രദ്ധിച്ചു.
എന്നാല്‍ അവസാന ദിവസം നിശബ്ദത അവസാനിച്ചതോടെ, മറ്റുള്ളവരെ കുറിച്ചുള്ള മുന്‍ധാരണകളൊന്നും ശരിയായിരുന്നില്ലെന്ന് ഞാന്‍ മനസ്സിലാക്കി. കോഴ്സ് സമയത്തെല്ലാം എന്റെ കൂടെതന്നെയായിരുന്ന ഒരാള്‍ പരുക്കനും മോശം മനോഭാവമുള്ളയാളും ആണെന്നായിരുന്നു എനിക്ക് തോന്നിയിരുന്നത്. എന്നാല്‍ അവസാനത്തെ ദിവസം അദ്ദേഹവുമായി(തവിട്ടു നിറമുള്ള മുടിയുള്ള ലുങ്കി ധരിച്ച ഒരാള്‍) സംസാരിച്ചതോടെ ആള്‍ നല്ലവനാണെന്നും ഞാന്‍ സങ്കല്‍പ്പിച്ചതു പോലെ അല്ലെന്നും മനസ്സിലായി.
വിപാസന കോഴ്സിനിടയിലെ എന്റെ അനുഭവം എന്നെ ഓര്‍മിപ്പിക്കുന്നത്, എന്തെങ്കിലും വെറുതെ അനുമാനിക്കുന്നത് നിർത്തണമെന്നും മനസ്സിന് ശരിയാണെന്ന് തോന്നുന്നതു കൊണ്ടു മാത്രം അത് വിശ്വസിക്കുന്നതിന് പകരം അതിനെ ചോദ്യം ചെയ്യുകയെങ്കിലും ചെയ്യണമെന്നാണ്.
അവസാനമായി....
വിപാസന ധ്യാനത്തിന് എത്ര ചെലവ് വരും എന്നാണെങ്കില്‍ അതിന് ഒന്നും വേണ്ട എന്നാണ് ഉത്തരം. അതെ,ഇത് ശരിയാണ്.
മുമ്പ് ധ്യാനത്തില്‍ പങ്കെടുത്തവര്‍ നല്‍കുന്ന സംഭാവനകളിലൂടെയാണ് കോഴ്സിനുള്ള ചെലവ് തുക കണ്ടെത്തുന്നത്. എന്നിരുന്നാലും കോഴ്സ് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള തുക സംഭാവനയായി നല്‍കാം.
വിപാസന കോഴ്സ് ചെയ്യാന്‍ താല്‍പ്പര്യമുള്ള പലരുടെയും ധാരണ 10 ദിവസം സംസാരിക്കാതെ കഴിച്ചുകൂട്ടാന്‍ കഴിയില്ലെന്നാണ്. എന്നാല്‍ അതിനായി ശ്രമിക്കാതെ ഒന്നും പറയാനാവില്ല എന്നതാണ് ശരി.
വിട്ടുവീഴ്ചയില്ലാത്ത കഠിനമായ സമയക്രമമുള്ള വിപാസന എനിക്ക് പറ്റിയതല്ല എന്ന് കരുതിയിരുന്നെങ്കിലും പിന്നീട് മനസ്സു മാറ്റി അതിന് പോയതില്‍ ഞാന്‍ സന്തോഷിക്കുന്ന


Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it