വില്‍പ്പനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ പരീക്ഷിക്കൂ 'ന്യൂറോസെല്ലിംഗ്'

നിങ്ങള്‍ ഷോപ്പിലേക്ക് കടന്നുചെല്ലുന്നു. ഒരേയൊരു ഐറ്റം മാത്രമാണ് നിങ്ങള്‍ക്ക് വാങ്ങേണ്ടത്. നിങ്ങള്‍ ഷോപ്പിലൂടെ കറങ്ങി നടക്കുമ്പോള്‍ നിരത്തി വെച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങളിലൂടെ നിങ്ങളുടെ കണ്ണുകള്‍ സഞ്ചരിക്കുന്നു. ഒരു ഐറ്റം മാത്രം വാങ്ങാന്‍ ഷോപ്പില്‍ കയറിയ നിങ്ങള്‍ തിരിച്ചിറങ്ങുമ്പോള്‍ അതാ ബാസ്‌ക്കറ്റ് നിറയെ ഉല്‍പ്പന്നങ്ങള്‍.

നിങ്ങളൊരു മൊബൈല്‍ ഷോപ്പില്‍ കയറുന്നു. മൊബൈലിന്റെ ആവശ്യം നിങ്ങള്‍ക്കപ്പോള്‍ ഇല്ല. വാങ്ങാനും ഉദ്ദേശിച്ചിട്ടില്ല. പുതിയ മോഡലുകള്‍ കാണാനും അറിയാനും ഒരു കൊതി. നിങ്ങള്‍ മൊബൈലുകള്‍ നോക്കി നില്‍ക്കെ ഒരു സെയില്‍സ്മാന്‍ അരികിലെത്തുന്നു. പുതിയ മൊബൈലിന്റെ ഫീച്ചറുകളും പ്രത്യേകതകളും അയാള്‍ നിങ്ങള്‍ക്ക് ഒരു പുഞ്ചിരിയോടെ പതിഞ്ഞ വാക്കുകളില്‍ പറഞ്ഞു തരുന്നു. അയാളുടെ വാക്കുകള്‍ നിങ്ങളുടെ മനസ്സില്‍ പുതിയ മൊബൈല്‍ വേണമെന്ന ആഗ്രഹം ജനിപ്പിക്കുന്നു. ചുമ്മാ മൊബൈലുകള്‍ കാണാന്‍ പോയ നിങ്ങള്‍ തിരികെ വരുമ്പോള്‍ കയ്യിലതാ പുതുപുത്തന്‍ മൊബൈല്‍.

ഇതെല്ലാം സ്വാഭാവികമായി തന്നെ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതാണ്. കാഴ്ചകള്‍, മറ്റുള്ളവരുടെ വാക്കുകള്‍, പ്രവൃത്തികള്‍ എല്ലാം തന്നെ നമ്മളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. മുകളില്‍ നിങ്ങള്‍ കണ്ടത് ന്യൂറോസെല്ലിംഗിന്റെ (Neuroselling) അപാരമായ ശക്തിയാണ്. വില്‍പ്പനയില്‍ ഉപഭോക്താവിന്റെ മനശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങളുടെ തലച്ചോര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നിങ്ങളുടെ വാങ്ങല്‍ (Buying) തീരുമാനത്തെ അതെങ്ങനെയാണ് സ്വാധീനിക്കുന്നതെന്നും മനസ്സിലാക്കുന്നതാണ് ന്യൂറോസെല്ലിംഗ് (Neuroselling). ന്യൂറോസെല്ലിംഗ് വില്‍പ്പനയുടെ രഹസ്യ ആയുധമാണ്. ഉപഭോക്താക്കളുടെ അബോധമനസ്സിലേക്കുള്ള വാതില്‍ അത് തുറന്നു തരുന്നു.

ന്യൂറോസെല്ലിംഗ് (Neuroselling)

ഉപഭോക്താക്കളുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്ന രീതി മനസ്സിലാക്കിയാല്‍ അവരെ കയ്യിലെടുക്കാന്‍ വളരെ എളുപ്പമാണ്. കസ്റ്റമര്‍ക്ക് തിരിച്ചറിയാനാവാത്ത രൂപത്തില്‍ അവരെ സ്വാധീനിക്കാന്‍ ന്യൂറോസെല്ലിംഗിന് സഹായകമാകുന്നു. ചില ന്യൂറോസെല്ലിംഗ് ടെക്‌നിക്കുകള്‍ നമുക്ക് കാണാം.

1.കഥയിലൂടെ കാര്യവും

നിങ്ങളൊരു മുറിയില്‍ ഇരിക്കുകയാണ്. അവിടെ ധാരാളം പേരുണ്ട്. അപരിചിതരായ ആളുകള്‍ക്കൊപ്പം നിങ്ങളവിടെ ഇരിക്കുന്നു. പെട്ടെന്ന് കൂട്ടത്തില്‍ നിന്നൊരാള്‍ കഥ പറയാന്‍ ആരംഭിക്കുന്നു. മുറിയില്‍ കൂടിയിരിക്കുന്ന എല്ലാവരും ഇപ്പോള്‍ ആ വ്യക്തിയുടെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കുന്നു. രസകരമായ രീതിയില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തില്‍ അയാള്‍ കഥ അവതരിപ്പിക്കുന്നു. നിങ്ങള്‍ അയാളുടെ വാക്കുകളില്‍ ലയിക്കുന്നു. അതില്‍ ആകൃഷ്ടനാകുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. അയാള്‍ വില്‍ക്കുന്ന ഉല്‍പ്പന്നം നിങ്ങള്‍ വാങ്ങുന്നു. അറിയാതെ നിങ്ങളുടെ മനസ്സ് അയാളുടെ വാക്കുകളില്‍ കുടുങ്ങിപ്പോകുന്നു.

2.മറ്റുള്ളവര്‍ ചെലുത്തുന്ന സ്വാധീനം

ഏതുനേരവും നല്ല തിരക്കുള്ള ഒരു റെസ്റ്റോറന്റ് നോക്കുക. അവിടെ തിരക്കൊഴിഞ്ഞ നേരമുണ്ടാവില്ല. ആളുകള്‍ ഏതുനേരവും ക്യൂവിലായിരിക്കും. ഇത് ഭക്ഷണത്തിന്റെ രുചിയോ മേന്മയോ കൊണ്ടാവണമെന്നില്ല. ആളുകള്‍ക്കൊരു സ്വഭാവമുണ്ട് മറ്റുള്ളവര്‍ ഇടിച്ചുകയറുന്നിടത്ത് ചെല്ലുക. ആട്ടിന്‍കൂട്ടങ്ങളുടെ സ്വഭാവം. തിരക്കുണ്ടോ അവിടെ എന്തെങ്കിലും പ്രത്യേകതയുണ്ടാകും. ആളുകള്‍ അങ്ങനെ കരുതുന്നു. ഒരു FOMO (Fear Of Missing Out) സൃഷ്ടിക്കാന്‍ ഇതിന് സാധിക്കുന്നു.

3.ഇനി കിട്ടാന്‍ വഴിയില്ല

ഉല്‍പ്പന്നം വിറ്റു തീരാന്‍ പോകുന്നു. ഇനി അത് ലഭിക്കാന്‍ വഴിയില്ല. ഈ ചിന്ത നിങ്ങളെ ആ ഉല്‍പ്പന്നം വാങ്ങാന്‍ പ്രേരിപ്പിക്കും. വളരെ കുറച്ചു സ്റ്റോക്ക് മാത്രമേ ബാക്കിയുള്ളൂ. തീര്‍ന്നു പോയാല്‍ പിന്നീട് കിട്ടില്ലെന്ന ഭയം എത്ര പണം മുടക്കിയും അത് വാങ്ങാന്‍ നിര്‍ബന്ധിതനാക്കുന്നു. ന്യൂറോസെല്ലര്‍മാര്‍ എത്ര വിദഗ്ദമായാണ് ഈ മാനസികാവസ്ഥയെ വില്‍പ്പനക്കായി ഉപയോഗിക്കുന്നത്. കസ്റ്റമറില്‍ സൃഷ്ടിക്കുന്ന ഭീതി ഉല്‍പ്പന്നത്തിന്റെ വില്‍പ്പനയെ ഉയര്‍ത്തുന്നു.

4.പ്രേരണ ചെലുത്താന്‍ കഴിയുന്ന വില്‍പ്പന ഭാഷ

വാക്കുകളുടെ ശക്തി കുറച്ചു കാണരുത്. കസ്റ്റമറുടെ മനസ്സിനെ പിടിച്ചെടുക്കാനും സ്വാധീനിക്കാനും വാക്കുകള്‍ക്ക് സാധിക്കും. നന്നായി ഭാഷ ഉപയോഗിക്കുന്നവര്‍ക്ക് വില്‍പ്പന സുഗമമായി നടത്താന്‍ കഴിയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. സെയില്‍സ്മാന്‍ ഉപയോഗിക്കുന്ന ചില പ്രത്യേക വാക്കുകള്‍ നോക്കൂ 'limited Time Offer', ''Exclusive Deal.' എന്തിനാണ് സെയില്‍സ്മാന്‍ ഈ വാക്കുകള്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നത്. ഇത്തരം വാക്കുകള്‍ക്ക് കസ്റ്റമറില്‍ പ്രേരണ ചെലുത്താന്‍ കഴിയും. ഉല്‍പ്പന്നം വാങ്ങാന്‍ ഇത് കേള്‍ക്കുന്ന കസ്റ്റമറുടെ മനസ്സ് വെമ്പല്‍ കൊള്ളും.

5.ഹാലോ എഫക്റ്റ് (Halo Effect)

ഉല്‍പ്പന്നത്തെയോ ബ്രാന്‍ഡിനെയോ നിങ്ങള്‍ക്കിഷ്ടപ്പെട്ട ആരെങ്കിലുമായും ബന്ധപ്പെടുത്തൂ. നിങ്ങളില്‍ അത് ചെലുത്തുന്ന പ്രേരണ വളരെ ശക്തമായിരിക്കും. നിങ്ങള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുകയും പ്രലോഭിതനാകുകയും ചെയ്യും. നിങ്ങള്‍ ആരാധിക്കുന്ന സിനിമാതാരം അല്ലെങ്കില്‍ സ്‌പോര്‍ട്‌സ് സ്റ്റാര്‍ ബ്രാന്‍ഡിന്റെ അംബാസഡര്‍ ആണങ്കില്‍ നിങ്ങള്‍ക്കുണ്ടാകുന്ന സന്തോഷത്തിന് അതിരില്ല. ഉപഭോക്താക്കള്‍ ആരാധിക്കുന്ന വ്യക്തിത്വങ്ങളെ ഉല്‍പ്പന്നങ്ങളുമായും ബ്രാന്‍ഡുമായും ബന്ധിപ്പിക്കുമ്പോള്‍ ഒരു ഹാലോ എഫക്റ്റ് (Halo Effect) ഉടലെടുക്കുന്നു. വില്‍പ്പനയില്‍ ഇതിന്റെ ഫലം ദൃശ്യമാകുന്നു.

6.ഭാവന ഉണര്‍ത്തുക

കണ്ണുകള്‍ അടച്ചു പിടിച്ച് നിങ്ങളുടെ ഏറ്റവും വന്യമായ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതായി ഭാവനയില്‍ കാണൂ. ആഹാ, എത്ര മനോഹരം. നിങ്ങള്‍ തീര്‍ച്ചയായും സന്തോഷവാനാകും. ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങള്‍ കസ്റ്റമര്‍ ഭാവനയില്‍ കാണുകയാണെങ്കില്‍ എങ്ങനെയുണ്ടാകും? കസ്റ്റമറുടെ മനസ്സില്‍ ഇത്തരമൊരു ചിത്രം ഉണര്‍ത്താന്‍ സാധിച്ചാല്‍ വില്‍പ്പന നടക്കും. ന്യൂറോസെല്ലിംഗിന്റെ ശക്തമായ ആയുധമായി ഭാവനയെ മാറ്റാം.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

ന്യൂറോസെല്ലിംഗിലെ മനശാസ്ത്ര തത്വങ്ങള്‍ വെറുതെ മനസ്സിലാക്കിയാല്‍ മാത്രം പോര അവയെ പ്രായോഗികമായി ഉപയോഗിക്കാന്‍ കൂടി പഠിക്കേണ്ടതുണ്ട്. കസ്റ്റമറുടെ മനസ്സും ഉല്‍പ്പന്നവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ന്യൂറോസയന്‍സിന് കഴിയും. ഉല്‍പ്പന്നത്തിന് ഒരു ഓഫര്‍ നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ഈ ഓഫര്‍ കസ്റ്റമറുടെ മനസ്സിനെ സ്വാധീനിക്കുന്ന രീതിയില്‍ വാക്കുകളിലൂടെയും, ചിത്രങ്ങളിലൂടെയും, ഭാവനയിലൂടെയും എങ്ങനെ അവതരിപ്പിക്കാമെന്നത് ന്യൂറോസെല്ലിംഗിന്റെ ജോലിയാണ്. നിങ്ങളുടെ വില്‍പ്പനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ ന്യൂറോസെല്ലിംഗിന് സാധിക്കും

Related Articles
Next Story
Videos
Share it