പാഴ്‌ചെലവുകള്‍ കണ്ടെത്താം, ഒഴിവാക്കാം; ഈ തന്ത്രത്തിലൂടെ

സ്വന്തം ബിസിനസിനെ ഈ കാര്യം മനസ്സില്‍ വെച്ചുകൊണ്ട് ഒന്നു കൂടി ചൂഴ്ന്നു നോക്കൂ. തീര്‍ച്ചയായും മാറ്റമുണ്ടാകും
Backward Invention and Reverse Innovation by Dr Sudheer Babu
Published on

നിങ്ങള്‍ ഓഫീസില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. ധാരാളം പ്രിന്റ് ഔട്ടുകള്‍ എടുക്കേണ്ട ആവശ്യമുണ്ട്. പേപ്പര്‍ സൂക്ഷിച്ചിരിക്കുന്നത് അല്‍പ്പം ദൂരെയുള്ള കബോര്‍ഡിലാണ്. പ്രിന്ററില്‍ പേപ്പര്‍ തീരുമ്പോള്‍ ഓരോ തവണയും നിങ്ങള്‍ എഴുന്നേല്‍ക്കുന്നു. കബോര്‍ഡില്‍ നിന്നും പേപ്പര്‍ എടുക്കുന്നു, തിരികെ വരുന്നു. ഒരു ദിവസത്തില്‍ പലതവണ ഇത് ആവര്‍ത്തിക്കുന്നു.

വര്‍ക്ക്ഷോപ്പില്‍ മെക്കാനിക് പണി ചെയ്തു കൊണ്ടിരിക്കുന്നു. ഓരോ തവണയും ടൂള്‍ ആവശ്യം വരുമ്പോള്‍ അയാള്‍ നടന്ന് മതിലില്‍ തൂക്കിയിട്ടിരിക്കുന്ന ടൂളുകള്‍ തിരയുന്നു, എടുക്കുന്നു, തിരികെ വരുന്നു. ആവശ്യം കഴിയുമ്പോള്‍ വീണ്ടും നടന്ന് മതിലിനരികിലെത്തി ടൂള്‍ അവിടെ തൂക്കിയിടുന്നു. ദിവസത്തില്‍ ധാരാളം തവണ അയാള്‍ക്കിത് ചെയ്യേണ്ടി വരുന്നു.

മുകളില്‍ കണ്ട രണ്ട് പ്രവൃത്തികളിലും എന്താണ് സംഭവിക്കുന്നത്? പേപ്പര്‍ എടുക്കുവാന്‍ നിങ്ങള്‍ ചെലവഴിക്കുന്ന സമയം യഥാര്‍ത്ഥത്തില്‍ പാഴ്‌ച്ചെലവാണ് (Waste). അതുപോലെ തന്നെയാണ് മെക്കാനിക് ടൂള്‍സ് കണ്ടെത്തുവാനും എടുക്കുവാനും ചെലവഴിക്കുന്ന സമയവും. ഇതില്‍ നിന്നും യാതൊരു മൂല്യവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. പേപ്പര്‍ നിങ്ങള്‍ക്കരികില്‍ സൂക്ഷിക്കുവാന്‍ കഴിഞ്ഞാല്‍ എഴുന്നേറ്റു പോയി പേപ്പര്‍ എടുക്കുന്ന സമയം ലാഭിക്കുവാന്‍ സാധിക്കും. മെക്കാനിക് ടൂളുകള്‍ ഒരു ടൂള്‍ ബോക്‌സില്‍ തനിക്കരികെ കരുതിയാല്‍ ധാരാളം സമയം ലാഭിക്കുവാന്‍ കഴിയും.

ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം കാര്യങ്ങളില്‍ നാം ശ്രദ്ധ ചെലുത്താറുണ്ടോ? പലപ്പോഴും ഇല്ല എന്നതാവും ഉത്തരം. ബിസിനസിലെ ദൈനംദിന പ്രക്രിയകള്‍ ശ്രദ്ധിക്കൂ. സമയവും, വസ്തുക്കളും, ധനവും യാതൊരു ഉപയോഗവുമില്ലാതെ, ഉപഭോക്താക്കള്‍ക്ക് ഒരു മൂല്യവും കൂട്ടിച്ചേര്‍ക്കാനാവാതെ പാഴായിപ്പോകുന്ന നിരവധി പ്രവൃത്തികള്‍ കാണുവാന്‍ സാധിക്കും. ഉല്‍പ്പാദനത്തിനായി അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കാനെടുക്കുന്ന അനാവശ്യ സമയം, ജീവനക്കാരുടെ ഷിഫ്റ്റുകള്‍ക്കിടയില്‍ നഷ്ടപ്പെടുന്ന സമയം, അമിതമായ ഉല്‍പ്പാദനം മൂലമുണ്ടാകുന്ന നഷ്ടം, അനാവശ്യമായി സ്റ്റോക്ക് സൂക്ഷിക്കുന്നതു മൂലമുണ്ടാകുന്ന നഷ്ടം, വികലമായ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം കൊണ്ട് സംഭവിക്കുന്ന നഷ്ടം. അങ്ങിനെ നോക്കിയാല്‍ പാഴ്‌ച്ചെലവുകളുടെ ഒരു ഘോഷയാത്ര തന്നെ ബിസിനസില്‍ കണ്ടെത്താന്‍ കഴിയും.

ഈ പാഴ്‌ച്ചെലവുകളെ ഇല്ലാതെയാക്കി പരമാവധി മൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കുവാന്‍ ലീന്‍ മാനേജ്മെന്റ് (Lean Management) എന്ന തന്ത്രം ഉപയോഗിക്കാം. ബിസിനസിലെ ഓരോ പ്രക്രിയകളിലും സൂക്ഷ്മ ശ്രദ്ധ ചെലുത്തി പാഴ്‌ച്ചെലവുകള്‍ ഇല്ലാതെയാക്കി ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ ലീന്‍ മാനേജ്മെന്റ് സഹായിക്കും. ബിസിനസിനെ അവിരാമമായ അഭിവൃദ്ധിയിലേക്ക് (Continuous Improvement) നയിക്കുവാന്‍ ഈ തന്ത്രം നിങ്ങളെ പ്രാപ്തരാക്കും. പാഴ്‌ച്ചെലവുകളുടെ ഉന്മൂലനമാണ് ലീന്‍ മാനേജ്മെന്റിന്റെ തത്വശാസ്ത്രം.

കോവിഡ് വാക്‌സിന്‍ കുത്തിവെക്കുവാനായി കുപ്പിയില്‍ (Vial) നിന്നും എടുക്കുമ്പോള്‍ ഒന്നോ രണ്ടോ തുള്ളി വാക്‌സിന്‍ പാഴായിപ്പോകുന്നുവെന്നു കരുതുക. കോടിക്കണക്കിന് കുപ്പികളില്‍ നിന്നും ഇങ്ങിനെ വാക്‌സിന്‍ പാഴായിപ്പോയാലുണ്ടാകുന്ന നഷ്ടം എത്ര ഭീമമായിരിക്കും. ചിലപ്പോള്‍ ചെറുതെന്ന് തോന്നുന്ന നഷ്ടം വലിയ തോതില്‍ ബിസിനസിനെ ബാധിക്കാം. ഓരോ പാഴ്‌ച്ചെലവും നിയന്ത്രിക്കുവാന്‍ ബിസിനസുകള്‍ ശ്രമിക്കണം. നിരന്തരമായ അഭ്യസനത്തിലൂടെ മാത്രമേ ഇതിനുള്ള പ്രാപ്തി ബിസിനസുകള്‍ക്ക് കരസ്ഥമാക്കുവാന്‍ സാധിക്കുകയുള്ളൂ.

ടൊയോട്ട പ്രോഡക്ഷന്‍ സിസ്റ്റം (TPS) ലീന്‍ മാനേജ്മെന്റിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. അമേരിക്കന്‍ വാഹന വിപണിയോട് കിടപിടിക്കാന്‍ ടൊയോട്ടയെ പ്രാപ്തമാക്കിയത് ലീന്‍ മാനേജ്മെന്റാണ്. ബിസിനസിലെ ഓരോ പ്രക്രിയയിലും കടന്നുവരുന്ന പാഴ്‌ച്ചെലവുകളെ ഉന്മൂലനം ചെയ്യുവാന്‍ സംരംഭകന് സാധിക്കണം. ഓരോ പ്രക്രിയയും സൂക്ഷ്മമായി നിരീക്ഷിച്ച്, പഠിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ബിസിനസുകള്‍ നിരന്തരം ശ്രമിക്കേണ്ടത് അനിവാര്യമാണ്. ലീന്‍ മാനേജ്മെന്റ് തന്ത്രം ബിസിനസില്‍ പുതിയൊരു സംസ്‌കാരം സൃഷ്ടിക്കും. ബിസിനസിലെ ലാഭം ഉയര്‍ത്തുകയും ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com