കിടിലന്‍ ഉല്‍പ്പന്നമാണോ നിങ്ങളുടേത്? എന്നിട്ടും വിപണനം തലവേദയാണോ? ഇങ്ങനെയൊരു വഴി നോക്കാം

നിങ്ങള്‍ക്കൊരു സദ്യ ഒരുക്കണം. നിങ്ങള്‍ വിഭവങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ്. പായസത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സില്‍ പാലട പ്രഥമന്‍ കടന്നു വരുന്നു. നാവില്‍ കൊതിയൂറുന്നു. പാലട പ്രഥമന്‍ ഉണ്ടാക്കുവാനുള്ള കൂട്ട് റെഡിമെയ്ഡായി ലഭ്യമായതു കൊണ്ട് ഒട്ടും ബുദ്ധിമുട്ടില്ലാതെ അത് പാചകം ചെയ്യുവാന്‍ സാധിക്കും. നിങ്ങള്‍ പാലട പ്രഥമന്റെ പാക്കറ്റ് വാങ്ങിക്കുവാന്‍ ഷോപ്പിലെത്തുന്നു.

കടയില്‍ പാലട പ്രഥമന്റെ വ്യത്യസ്ത ബ്രാന്‍ഡുകള്‍ നിരത്തിവെച്ചിരിക്കുന്നു. വിവിധ കമ്പനികളുടെ പാലട പ്രഥമനുകള്‍. നിങ്ങള്‍ ഓരോന്നും എടുത്തു നോക്കുന്നു. നല്ലത് എന്നു തോന്നുന്ന ഒരു ബ്രാന്‍ഡ് തിരഞ്ഞെടുക്കുന്നു. അവിടെയിരിക്കുന്ന ഓരോ ബ്രാന്‍ഡും രുചിയിലും മേന്മയിലും വ്യത്യസ്തങ്ങളാണെന്ന് നിങ്ങള്‍ കരുതുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങിനെ തന്നെയാവണമെന്ന് നിര്‍ബന്ധമുണ്ടോ?

ഒരു ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനി പാലട പ്രഥമന്‍ കൂട്ട് ഉല്‍പ്പാദിപ്പിക്കുകയും മറ്റ് കമ്പനികള്‍ക്ക് ആ കമ്പനികളുടെ ബ്രാന്‍ഡില്‍ വില്‍ക്കുവാനായി നല്‍കുകയും ചെയ്യുന്നു എന്ന് സങ്കല്‍പ്പിച്ചു നോക്കുക. അതായത് ഒരു ഉല്‍പ്പാദകന്റെ കയ്യില്‍ നിന്നും ഒരേ ഉല്‍പ്പന്നം തന്നെ വിവിധ കമ്പനികള്‍ വാങ്ങുകയും സ്വന്തമായി ബ്രാന്‍ഡ് ചെയ്യുകയും ചെയ്യുന്നു. ഒരേ രുചിയും മേന്മയുമുള്ള ഉല്‍പ്പന്നം വ്യത്യസ്ത ബ്രാന്‍ഡുകളില്‍ ഇങ്ങിനെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നു. നിങ്ങള്‍ കടയില്‍ കണ്ട വിവിധ ബ്രാന്‍ഡുകളിലെ ഉല്‍പ്പന്നം ഒരേ ഉല്‍പ്പാദകന്‍ നിര്‍മ്മിച്ചതാണെങ്കില്‍?

ഇത് അസംഭവ്യമല്ല. വൈറ്റ് ലേബലിംഗ് (White Labeling) എന്ന് വിളിക്കുന്ന തന്ത്രമാണിത്. ഒരു ഉല്‍പ്പാദകന്‍ തന്നെ വ്യത്യസ്ത ബ്രാന്‍ഡുകള്‍ക്കായി ഒരേ ഉല്‍പ്പന്നം നിര്‍മ്മിക്കുന്നു. ഇവിടെ ഉല്‍പ്പാദകന്റെ വൈദഗ്ദ്ധ്യം ഉല്‍പ്പന്ന നിര്‍മ്മാണത്തിലാണ്. അയാള്‍ക്ക് ഉല്‍പ്പന്നം വിപണനം ചെയ്യുവാനോ അത് വിജയിപ്പിക്കുവാനോ ഉള്ള നിപുണത ഉണ്ടാവണമെന്നില്ല. അയാള്‍ മറ്റ് കമ്പനികള്‍ക്കായി ഉല്‍പ്പന്നം നിര്‍മ്മിച്ചു നല്‍കുന്നു. ഒരേ ഉല്‍പ്പന്നം വ്യത്യസ്ത ബ്രാന്‍ഡുകള്‍ അവരുടെ പേരില്‍ വില്‍ക്കുന്നു.

വിപണിയില്‍ ഇന്ന് ലഭ്യമാകുന്ന പല ഉല്‍പ്പന്നങ്ങളും ഇങ്ങിനെ നിര്‍മ്മിക്കപ്പെടുന്നവയാണ്. ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് മാത്രമേ വ്യത്യാസപ്പെട്ടിരിക്കുന്നുള്ളൂ. ഉല്‍പ്പന്നം ഒന്നു തന്നെയാകുന്നു. ഇത്തരം വൈറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ന് സര്‍വ്വസാധാരണയാണ്. ഉല്‍പ്പാദകന്‍ ഉല്‍പ്പന്നം നിര്‍മ്മിച്ചാല്‍ മതി. അത് വാങ്ങി തങ്ങളുടെ ബ്രാന്‍ഡില്‍ വിപണനം ചെയ്യാന്‍ മറ്റു കമ്പനികള്‍ തയ്യാറാണ്. വിപണനത്തില്‍ വൈദഗ്ദ്ധ്യമില്ലാത്ത എന്നാല്‍ വിപണിയില്‍ ആവശ്യകതയുള്ള, മികച്ച ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ കഴിവുള്ള കമ്പനികള്‍ക്ക് ഈ തന്ത്രം സ്വീകരിക്കാവുന്നതാണ്.

അതീവ സുന്ദരിയായ ഒരു സിനിമാ നടി ചുണ്ടില്‍ ലിപ്സ്റ്റിക് പുരട്ടുകയാണ്. അവളുടെ ചുണ്ടുകള്‍ ഇപ്പോള്‍ നിറത്താല്‍ തുടുത്തിരിക്കുന്നു. ചുണ്ടുകള്‍ക്ക് മാദകഭംഗി കൈവന്നിരിക്കുന്നു. അവള്‍ നിങ്ങളോടും ഈ ബ്രാന്‍ഡ് വാങ്ങാന്‍ ആവശ്യപ്പെടുന്നു. അതിന്റെ പ്രത്യേകതകളെക്കുറിച്ചും മേന്മയെക്കുറിച്ചും അവള്‍ നിങ്ങളോട് സംവദിക്കുന്നു. ടി വിയില്‍ നിങ്ങളിപ്പോള്‍ ഈ പരസ്യം കാണുകയാണ്.

അതാ മറ്റൊരു ബ്രാന്‍ഡിന്റെ പരസ്യം കൂടി തെളിയുന്നു. ഇതില്‍ വേറെ സിനിമാ നടിയാണ്. അവളും ലിപ്സ്റ്റിക് പുരട്ടുന്നു. അതിന്റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നു, ബ്രാന്‍ഡിന്റെ മേന്മയെ പുകഴ്ത്തുന്നു. രണ്ട് സൗന്ദര്യവര്‍ദ്ധക (Cosmetics) ഉല്‍പ്പന്നങ്ങളുടെ പരസ്യം നിങ്ങള്‍ കണ്ടു കഴിഞ്ഞു. പരസ്യത്തില്‍ രണ്ട് വ്യത്യസ്ത നടികള്‍, ഉല്‍പ്പന്നങ്ങള്‍ക്ക് വ്യത്യസ്ത വിലകള്‍, മേന്മയെക്കുറിച്ച് വ്യത്യസ്ത അവകാശ വാദങ്ങള്‍, വ്യത്യസ്ത ബ്രാന്‍ഡുകള്‍, ഉല്‍പ്പന്നങ്ങള്‍ക്കും പാക്കിങ്ങിനും വ്യത്യസ്ത രൂപകല്‍പ്പന, നിറങ്ങള്‍ എല്ലാം വ്യത്യസ്തം.

ചിലപ്പോള്‍ ഈ രണ്ട് ഉല്‍പ്പന്നങ്ങളും ഒരു കമ്പനി തന്നെ നിര്‍മ്മിച്ചതാകാം. ഉല്‍പ്പന്നം ഒന്നു തന്നെ. എന്നാല്‍ അതിന്റെ വിപണനം (Marketing) വ്യത്യസ്തം. ഒരേ ഉല്‍പ്പന്നം രണ്ട് വ്യത്യസ്ത ബ്രാന്‍ഡുകളില്‍, അത്ര മാത്രം. ഇതു പോലെ എത്രയോ ഉല്‍പ്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യം. നിങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ കഴിവുണ്ടോ? സൗകര്യങ്ങളുണ്ടോ? വിപണനം ഒരു തലവേദനയാണോ? എങ്കില്‍ വൈറ്റ് ലേബലിംഗ് (White Labeling) നിങ്ങള്‍ക്ക് തുണയാകും.


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it