Begin typing your search above and press return to search.
നിങ്ങള്‍ നല്ല കേള്‍വിക്കാരനാകൂ,അതിന്റെ നേട്ടങ്ങള്‍ പലതാണ്
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ യാത്രയിലായിരുന്നപ്പോള്‍ ഒരു ബാക്ക്പാക്കര്‍ ഹോസ്റ്റലില്‍ ഒരാളെ കണ്ടതും അവരുമായി സംവദിച്ചതും വ്യക്തമായി ഓര്‍ക്കുന്നു.
ഞങ്ങള്‍ ഹോസ്റ്റലിലെ പൊതുസ്ഥലത്ത് ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ മുറിയിലാകട്ടെ ആകെ ബഹളമായിരുന്നു, ചിലര്‍ പാട്ടുകേള്‍ക്കുന്നു, മറ്റു ചിലരാകട്ടെ പല കളികളിലും ഏര്‍പ്പെട്ടിരിക്കുന്നു.
ഞങ്ങളുടെ തൊട്ടടുത്തായി ഇത്രയൊക്കെ സംഭവിച്ചുകൊണ്ടിരുന്നിട്ടും എന്റെ മുമ്പിലിരുന്ന വ്യക്തി ഞാന്‍ പറയുന്നതെല്ലാം ഏറെ ശദ്ധയോടെ കേട്ടുകൊണ്ടിരുന്നതെങ്ങനെയെന്ന് ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഞാന്‍ കുറച്ചേറെ സമയം സംസാരിച്ചു കൊണ്ടിരുന്നുവെങ്കിലും അവര്‍ ഒരിക്കല്‍ പോലും തടസപ്പെടുത്തുകയോ ശ്രദ്ധ മാറ്റുകയോ ചെയ്തിരുന്നില്ല.
ഞാന്‍ പറയുന്ന ഓരോ വാക്കും അവര്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നു എന്നത് എന്നില്‍ ആദരവ് ഉണ്ടാക്കി. കാരണം ആരോടെങ്കിലും സംസാരിക്കുമ്പോള്‍ ഇതിന് കടകവിരുദ്ധമായ സ്വഭാവമായിരുന്നു എന്റേത്. ആളുകള്‍ സംസാരിക്കുമ്പോള്‍ ഇടയ്ക്ക് കയറിപ്പറയുന്ന ശീലം. ചിലപ്പോഴൊക്കെ അവര്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് അനുമാനിച്ച് അവരുടെ വാചകം പൂര്‍ത്തീകരിക്കുകയും ചെയ്യും.
ഇത് എന്റെ മാത്രം കാര്യമായിരിക്കണമെന്നില്ല, മറ്റൊരാളെ കേള്‍ക്കുന്നതിന് പകരം സംസാരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് മനുഷ്യ സഹജമായ സ്വഭാവമാണ്.
കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍, മറ്റൊരാളുമായി സംസാരിച്ചുകൊണ്ടിരിക്കേ ഫോണില്‍ നോക്കിക്കൊണ്ടിരിക്കുകയോ മറ്റെന്തെങ്കിലുമോ ചെയ്യുന്നത് ഇപ്പോള്‍ സാധാരണമാണ്. മറ്റൊരാള്‍ക്ക് മൂല്യം കല്‍പ്പിക്കാത്തതായും ബഹുമാനക്കുറവായും ഇത് അനുഭവപ്പെടാം.
നല്ല കേള്‍വിക്കാരനായിരിക്കുക എന്നത് സുപ്രധാനമായ ഒരു കഴിവാണ്. അത് ജീവിതത്തില്‍ ഏറെ നേട്ടങ്ങള്‍ നല്‍കും. പ്രത്യേകിച്ചും മറ്റുള്ളവരുമായി നമ്മുടെ ബന്ധത്തിന്റെ ആഴം കൂട്ടാന്‍ ഇത് സഹായിക്കും.
ശ്രദ്ധ വ്യതിചലിച്ചു പോകാന്‍ ഒട്ടേറെ കാരണങ്ങളുള്ള ഇക്കാലത്ത് മറ്റുള്ളവരെ ശ്രദ്ധയോടെ കേള്‍ക്കുന്നത് വലിയൊരു കാര്യമാണ്. തങ്ങള്‍ 'സ്‌പെഷല്‍' ആണെന്ന തോന്നല്‍ അത് അവരില്‍ ഉണ്ടാക്കും.
മാത്രമല്ല, നമ്മള്‍ അവര്‍ക്ക് വലിയ മൂല്യം കല്‍പ്പിക്കുന്നുണ്ടെന്നും തോന്നും. കാരണം ഇപ്പോള്‍ അപൂര്‍വമായേ ഇത്തരത്തില്‍ പെരുമാറാന്‍ ആളുകള്‍ ശ്രമിക്കാറുള്ളൂ.
അതുകൊണ്ട്, ആളുകളെ ശ്രദ്ധയോടെ കേള്‍ക്കുന്നതിനുള്ള പ്രായോഗികമായ നാല് വിദ്യകളാണ് ഇവിടെ പറയുന്നത്.
ബോധവാനായിരിക്കുക
പലപ്പോഴും മറ്റൊരാളുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ പൂര്‍ണമായും അതില്‍ ശ്രദ്ധിക്കാത്ത സ്ഥിതിയുണ്ട്. അതുകൊണ്ടു തന്നെ സംസാരിക്കാനുള്ള നമ്മുടെ സഹജനമായ പ്രവണത കാരണം അവരെ ശ്രദ്ധിക്കാനും കേള്‍ക്കാനും കഴിയാതെ പോകുന്നു.
കേള്‍വിക്കാരനാകുന്നത് പലവിധത്തില്‍ ധ്യാനത്തിന് (meditation) തുല്യമാണ്. കാരണം അതു ചെയ്യുമ്പോള്‍ നിങ്ങള്‍ പൂര്‍ണ ബോധവാനായിരിക്കുകയും മനസില്‍ നിന്ന് മറ്റെല്ലാം കളയുകയും വേണം.
കണ്ണില്‍ നോക്കി സംസാരിക്കുന്നതും ആളുകളുടെ ശരീര ഭാഷ നിരീക്ഷിക്കുന്നതും വഴി ബോധവാന്മായിരിക്കാന്‍ സഹായിക്കും.
മികച്ച രീതിയില്‍ അഭിമുഖം നടത്തുന്നയാളെ പോലെ പെരുമാറുക
നല്ലൊരു അഭിമുഖം നടത്തുന്നയാളുടെ മുഖമുദ്ര മികച്ച കേള്‍വിക്കാരനായിരിക്കുക എന്നതാണ്. അവര്‍ അതിഥിയെ സംസാരിക്കാന്‍ അനുവദിക്കും. സംസാരത്തില്‍ ഇടപെടുകയോ അവരെന്താണ് ഇനി പറയാന്‍ പോകുന്നതെന്ന് അനുമാനിച്ച് സംസാരം തടസപ്പെടുത്തി സ്വന്തം നിലയ്ക്ക് സംഭാഷണം പൂര്‍ത്തിയാക്കുകയോ ചെയ്യില്ല. സംശയമുദിക്കുമ്പോള്‍ അതില്‍ വ്യക്തത വരുത്താന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും അവര്‍ പറയാനുദ്ദേശിക്കുന്നത് എന്തെന്ന് കൃത്യമായി മനസ്സിലാക്കുകയും ചെയ്യും.
കണ്ണില്‍ നോക്കി സംസാരിക്കുക, ശരീരഭാഷ ശ്രദ്ധിക്കുക
സംസാരിക്കുമ്പോള്‍ കണ്ണില്‍ നോക്കുന്നത് മറ്റുള്ളവര്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്. സംസാരിക്കുന്നതിനപ്പുറമുള്ള കൂറേ സൂചനകള്‍ അതിലൂടെ ലഭിക്കുകയും അവരെ കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുകയും ചെയ്യും.
എന്നാല്‍ സംസാരിച്ചുകൊണ്ടിരിക്കേ നിങ്ങള്‍ ഫോണില്‍ നോക്കിയിരിക്കുകയോ മറ്റെന്തെങ്കിലുമോ ചെയ്യുന്നതിലൂടെ അവരുടെ സംസാരത്തിനപ്പുറമുള്ള ശരീരഭാഷ നിങ്ങള്‍ക്ക് മനസ്സിലാക്കാനാകാതെ പോകുന്നു. എന്തുകൊണ്ടാണത് പ്രധാനമാകുന്നത്?
ശരീരഭാഷയെ കുറിച്ചുള്ള ഗവേഷണത്തിന് തുടക്കമിട്ടവരിലൊരാളായ ആല്‍ബര്‍ട്ട് മെഹ്റേബിയന്‍ കണ്ടെത്തിയിരിക്കുന്നത്, സംസാരത്തില്‍ 7 ശതമാനം വാക്കുകളും 38 ശതമാനം ശബ്ദവും (ശബ്ദശൈലി, പ്രതിഫലനം, മറ്റു ശബ്ദങ്ങള്‍ തുടങ്ങിയവ) 55 ശതമാനം വാക്കിനപ്പുറമുള്ള കാര്യങ്ങളുമാണെന്നാണ്.
മുഖഭാവം, തലയുടെ ചലനം, കണ്ണുകള്‍, ആംഗ്യങ്ങള്‍, ഭാവങ്ങള്‍ എന്നിവയെല്ലാം ഒരുപാട് ആശയവിനിമയം നടത്തുന്നുണ്ട്. അതുകൊണ്ട് ചെവികൊണ്ട് മാത്രമല്ല, കണ്ണുകൊണ്ടു ശ്രദ്ധിക്കണം.
ഒന്നു നിര്‍ത്തി, നിശബ്ദനാകുക
ഞാന്‍ എന്നില്‍ തന്നെ കണ്ടെത്തിയ ഒരു ശീലമുണ്ട്, പ്രത്യേകിച്ചും പുതിയ ആളുകളുമായി സംസാരിക്കുമ്പോള്‍. അവര്‍ സംസാരിച്ചുകൊണ്ടിരിക്കേ തന്നെ സംഭാഷണത്തനിടയില്‍ 'ഗാപ്' വരാതിരിക്കാന്‍ അടുത്തതായി എന്തു സംസാരിക്കാം എന്ന് ആലോചിച്ചുകൊണ്ടിരിക്കും.
സംസാരത്തിനിടയിലെ ക്ഷണികമായൊരു നിശബ്ദത പോലും നമ്മളില്‍ പലരെയും അസ്വസ്ഥരും ഉത്കണ്ഠാകുലരുമാക്കുന്നു. പക്ഷേ ചെറിയൊരു നിശബ്ദത ഇടയില്‍ ഉണ്ടാകുന്നത് കൂടുതല്‍ അര്‍ത്ഥവത്തായ ആശയവിനിമയം സാധ്യമാക്കുന്നു.
പത്രപ്രവര്‍ത്തകനായ ആദം ബ്രയാന്തിന്റെ അഭിപ്രായത്തില്‍, 'അടുത്തതായി നിങ്ങള്‍ എന്തു പറയുന്നു എന്ന് അറിയാതെയിരിക്കുന്നതാണ് ഏറ്റവും മികച്ച ശ്രവണം. മറ്റെയാള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് അപ്പോള്‍ തന്നെ എന്തെങ്കിലും ചിന്തിക്കാനാവുമെന്ന് വിശ്വസിക്കുക.'
അടുത്തിടെയായി, ഞാന്‍ സംഭാഷണത്തിനിടയില്‍ ഒന്നു നിര്‍ത്തുകയും മറ്റെയാള്‍ പറയുന്നത് പൂര്‍ണമായി ഉള്‍ക്കൊള്ളുകയും അതിനു ശേഷം പ്രതികരിക്കുകയും ചെയ്യാന്‍ ശ്രമിക്കുന്നു. ഇത് ആദ്യം കുറച്ച് പ്രയാസകരമായി തോന്നുമെങ്കിലും ചെയ്യുന്തോറും എളുപ്പമാകും.
നല്ലൊരു കേള്‍വിക്കാരനാകാനും മറ്റുള്ളവരെ ശ്രദ്ധിക്കാനും സഹായിക്കുന്ന കാര്യങ്ങള്‍ ഇവയാണ്:
* ബോധവാനായിരിക്കുക
* * മികച്ച രീതിയില്‍ അഭിമുഖം ചെയ്യുന്നയാളെപോലെ പെരുമാറുക
* കണ്ണില്‍ നോക്കി സംസാരിക്കുക, ശരീരഭാഷ ശ്രദ്ധിക്കുക
* * ഒന്നു നിര്‍ത്തി, നിശബ്ദനാകുക
നിത്യജീവിതത്തില്‍ ഇത് പ്രയോഗിച്ചുനോക്കൂ, അത് നിങ്ങളുടെ മനസില്‍ പതിയുകയും പരിശീലനത്തിലൂടെ അത് സ്വാഭാവിക രീതിയായി മാറുകയും ചെയ്യും.
Read more Articles : https://www.thesouljam.com/best-articles
Next Story
Videos