പല കാന്‍സറുകള്‍ക്കും കാരണം പൊണ്ണത്തടിയെന്ന് ഗവേഷകര്‍

അമിതവണ്ണം അഥവാ പൊണ്ണത്തടിയാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. എന്നാല്‍ ജീവനു തന്നെ അപകടകരമായേക്കാവുന്ന വിവിധ തരം കാന്‍സറിനും പൊണ്ണത്തടി കാരണമാകുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

41 ലക്ഷം പേരെ ഉള്‍പ്പെടുത്തി നാല് പതിറ്റാണ്ടിലേറെയായി നടത്തിയ ഒരു പുതിയ ഗവേഷണത്തില്‍ തെളിഞ്ഞത് അമിതവണ്ണം ഒരാളെ മുമ്പത്തേക്കാളും കൂടുതല്‍ കാന്‍സര്‍ സാധ്യതയിലേക്ക് നയിക്കുന്നുണ്ടെന്നാണ്. ഇപ്പോള്‍ പത്തില്‍ 4 പേരില്‍ അമിതവണ്ണവുമായി ബന്ധപ്പെട്ട കാന്‍സറുകള്‍ കണ്ടെത്താന്‍ കഴിയുമെന്നും പഠനം പറയുന്നു.
30 തരം കാന്‍സറുകളെ അമിതവണ്ണവുമായി ബന്ധിപ്പിച്ച് പഠനം നടത്തി. നേരത്തെ അമിതവണ്ണവുമായി ബന്ധപ്പെട്ട് 13 തരം കാന്‍സറുകളാണ് കണ്ടെത്തിയിരുന്നതെങ്കില്‍ പുതിയ പഠനത്തില്‍ അത് 32 ആയി.

ഭക്ഷണരീതി ആരോഗ്യകരമല്ല

സാമ്പത്തിക വളര്‍ച്ചയുടെയും പുതിയ അവസരങ്ങളുടെയും ഫലമായി സമൂഹം അഭിവൃദ്ധി പ്രാപിക്കുമ്പോഴും ലോകമെമ്പാടുമുള്ള വലിയൊരു വിഭാഗം ആളുകള്‍ക്കിടയിലും ഭക്ഷണരീതി ആരോഗ്യകരമാകുന്നില്ല. ഇത് അമിതവണ്ണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.
മോശം ഭക്ഷണക്രമം ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നതിനാല്‍, ദൈനംദിന ഭക്ഷണത്തില്‍ നിന്ന് ജങ്ക് ഫുഡ് ഒഴിവാക്കാനും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും അടുത്തിടെ രാജ്യത്ത് ആരോഗ്യ വകുപ്പ് ഉപദേശം നല്‍കിയിരുന്നു.
സ്വീഡനിലെ മാല്‍മോയിലെ ലുന്റ് യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. 122 തരം രോഗങ്ങളും ഉപരോഗങ്ങളും പഠിച്ചതില്‍ നിന്നാണ് 32 തരം കാന്‍സറുകള്‍ക്ക് അമിതവണ്ണം കാരണമാകുമെന്ന് കണ്ടെത്തിയത്. സ്തനാര്‍ബുദം, കുടല്‍, വൃക്ക, ഗര്‍ഭപാത്രം എന്നിവയുള്‍പ്പെടെയുള്ള 13 കാന്‍സറുകള്‍ക്ക് അമിതവണ്ണം കാരണമാകാമെന്ന് 2016ല്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറിന്റെ പഠനം കണ്ടെത്തിയിരുന്നു.

Related Articles
Next Story
Videos
Share it