കുട്ടികളിലെ ബുദ്ധിവികാസത്തിന് നല്‍കണം ഈ ഭക്ഷണങ്ങള്‍

കുട്ടികളുടെ ബുദ്ധിവികാസത്തില്‍ ഭക്ഷണങ്ങള്‍ക്ക് മുഖ്യ പങ്കുണ്ട്. കുട്ടിക്കാലത്ത് നന്നായി ഭക്ഷണം കഴിച്ചില്ലെങ്കില്‍, ചിന്താശേഷി, പഠനശേഷി, സ്വഭാവം എന്നിവയെ ബാധിക്കും. കുട്ടിക്കാലം എന്നു പറയുന്നത് വളര്‍ച്ചയുടെ കാലം കൂടിയാണ്. ഈ സമയത്ത് കഴിക്കുന്ന പോഷകസമ്പന്നമായ ആഹാരത്തിലൂടെ മാത്രമാണ് ശരീരികവും മാനസികവുമായ വളര്‍ച്ച ഉറപ്പാക്കാനാകുക.

കുട്ടികളുടെ വളർച്ചയ്ക്കായി 'ഒരു സൂപ്പര്‍ ഫുഡ്' അല്ലെങ്കില്‍ ഏതെങ്കിലും ഒരു ആഹാരം ഉണ്ടോ എന്നു ചോദിച്ചാല്‍ഇല്ല എന്നാണ് ഉത്തരം. പലതരം ഭക്ഷണങ്ങളിലൂടെയാണ് ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പോഷണം ലഭിക്കുന്നത്. അത്തരത്തില്‍ ബുദ്ധിവികാസത്തിനും മസ്തികഷ്‌കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
യോഗര്‍ട്ട്
അയഡിന്റെ കലവറയായ യോഗര്‍ട്ട് ബുദ്ധി വളര്‍ച്ചയ്ക്കും ചിന്താശേഷി ഉയര്‍ത്താനും ഉത്തമമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രോട്ടീന്‍, സിങ്ക്, ബി 12, സെലേനിയം എന്നിവയും യോഗര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്.
ഇലക്കറികള്‍
ചീര, കാബേജ്, ലെറ്റുസ് തുടങ്ങിയ ഇലവര്‍ഗത്തില്‍ പെട്ട പച്ചക്കറികളില്‍ തലച്ചോറിനെ സംരക്ഷിക്കുന്ന ഫോളേറ്റ്, ഫ്‌ളവനോയ്ഡ്, കരോട്ടിനോയ്ഡ്, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. കരോട്ടിനോയ്ഡ് അടങ്ങിയിട്ടുള്ള ഇലവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുട്ടികളിലെ ചിന്താശേഷിയും വര്‍ധിപ്പിക്കും.
പയറുവര്‍ഗങ്ങള്‍
മഗ്നീഷ്യം, സിങ്ക്, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, ഫോളേറ്റ് തുടങ്ങിയ തലച്ചോറിന് ഗുണകരമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നവയാണ് പയറുവര്‍ഗങ്ങള്‍. തലച്ചോറിന്റെ ആരോഗ്യവും കുട്ടികളുടെ മാനസികാവസ്ഥയും മെച്ചപ്പെടുത്താനും ഇവ സഹായിക്കും.
മുഴുധാന്യങ്ങള്‍
ഗോതമ്പ്, ബാര്‍ലി, അരി, ഓട്ട്‌സ് തുടങ്ങിയ തോടു കളയാത്ത ധാന്യങ്ങളില്‍ വിറ്റാമിന്‍ ബി ധാരാളമായി അടങ്ങിയിട്ടുണ്ട്. തലച്ചോറിനെ സംരക്ഷിക്കുന്നതിലും ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിലും വിറ്റാമിന്‍ ബി മുഖ്യ പങ്കുവഹിക്കുന്നുണ്ട്.
നട്‌സുകളും വിത്തുകളും
അപൂരിത കൊഴുപ്പുകളും(monounsaturated fat) ഒമേഗ-3യും കൊണ്ട് സമ്പുഷ്ടമാണ് നട്‌സുകളും വിത്തുകളും. ഇത് ബുദ്ധിവികാസത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. പിസ്ത പോലുള്ള നട്‌സുകളില്‍ ല്യൂട്ടിന്‍ എന്നറിയപ്പെടുന്ന ഫൈറ്റോകെമിക്കലുകള്‍ ധാരാളമുണ്ട്. ഇത് ചിന്താശേഷി ഉള്‍പ്പെടെയുള്ള ആരോഗ്യ വളര്‍ച്ചയ്ക്ക് സഹായകമാണ്. മത്തങ്ങാകുരുവില്‍ തലച്ചോറിനേയും ശരീരത്തേയും സംരക്ഷിക്കുന്ന കരുത്തുറ്റ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായുണ്ട്.
Related Articles
Next Story
Videos
Share it