കാന്‍സര്‍, പ്രമേഹം: ഈ കണക്കുകള്‍ നിങ്ങളെ ഞെട്ടിക്കും!

പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ കാന്‍സര്‍ രോഗത്തിന്റെ ആഗോള തലസ്ഥാനമെന്ന നിലയിലേക്ക് കൂടി ഇതാ ഉയരുന്നു! അപ്പോളോ ഹോസ്പിറ്റല്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയെ കാര്‍ന്നുതിന്നുന്ന ഈ രോഗങ്ങള്‍ സൃഷ്ടിക്കാനിടയുള്ള സാമ്പത്തിക പ്രത്യാഘാതത്തെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. കാന്‍സറും മറ്റ് പകരാത്ത രോഗങ്ങളായ പ്രമേഹം, കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍, അമിത രക്തസമ്മര്‍ദ്ദം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂടി 2030ഓടെ രാജ്യത്തിന്റെ സാമ്പത്തിക ഉത്പാദനത്തില്‍ 3.5 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ മൂന്നിലൊരു ഭാഗം ആളുകള്‍ പ്രമേഹ ബാധിതരാകാന്‍ സാധ്യതയുള്ളവരുടെ ഗണത്തിലും മൂന്നില്‍ രണ്ടുഭാഗം പേര്‍ അമിത രക്തസമ്മര്‍ദ്ദ ബാധിതരാകുന്നതിന്റെ തൊട്ടുമുന്നുള്ള ഘട്ടത്തിലുമാണുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യക്കാരില്‍ പത്തിലൊരാള്‍ക്ക് ഡിപ്രഷനുണ്ട്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യക്കാര്‍ കാന്‍സര്‍ രോഗബാധിതരുമാകുന്നു.
കേരളം ഒന്നാംസ്ഥാനത്ത്
കാന്‍സര്‍ രോഗബാധിതരുടെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ഒരു ലക്ഷം പേരില്‍ 135.3 പേര്‍ കാന്‍സര്‍ രോഗികളാണ്. മിസോറമും ഹരിയാനയുമാണ് കേരളത്തിന് തൊട്ടുപിന്നിലുള്ളത്.
രാജ്യത്തെ പ്രമേഹ രോഗ തലസ്ഥാനമാണ് കേരളം. ദേശീയതലത്തില്‍ പ്രമേഹ രോഗത്തിന്റെ ശരാശരി എട്ട് ശതമാനമാണെങ്കില്‍ കേരളത്തിലത് 20 ശതമാനമാണ്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും കാന്‍സര്‍ അതിവേഗം പടരുകയാണ്.
2020ല്‍ 39 ദശലക്ഷം കാന്‍സര്‍ കേസുകളാണ് ഇന്ത്യയിലുണ്ടായതെങ്കില്‍ 2025ല്‍ അത് 57 ദശലക്ഷമാകുമെന്നാണ് നിഗമനം. 2022ല്‍ മാത്രം പുതുതായി 14 ലക്ഷം കാന്‍സര്‍ രോഗികളാണുണ്ടായത്. അതേവര്‍ഷം കാന്‍സര്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം 9.1 ലക്ഷമാണ്.
മാത്രമല്ല മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പ്രായത്തില്‍ തന്നെ ഇന്ത്യക്കാര്‍ക്ക് കാന്‍സര്‍ രോഗം വരികയും ചെയ്യുന്നു. ഉദാഹരണത്തിന് ഇന്ത്യയില്‍ സ്തനാര്‍ബുദം ബാധിക്കുന്നതിന്റെ ശരാശരി പ്രായം 52 വയസാണ്. അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഇത് 63 വയസാണ്. ശ്വാസകോശാര്‍ബുദത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ശരാശരി പ്രായം 59 വയസാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ എഴുപതും.
ബോധവത്കരണത്തില്‍ പിന്നില്‍
ഏറ്റവും അലോസരപ്പെടുത്തുന്ന മറ്റൊരു കാര്യം കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ബോധവത്കരണവും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും ഇന്ത്യയില്‍ തുലോം കുറഞ്ഞ നിരക്കിലാണെന്നതാണ്. ഇന്ത്യയില്‍ സ്തനാര്‍ബുദ സാധ്യത അറിയുന്നതിനുള്ള പരിശോധനകള്‍ക്ക് പോവുന്നത് 19 ശതമാനം പേരാണ്. അമേരിക്കയില്‍ ഇത് 82 ശതമാനവും യു.കെയില്‍ 70 ശതമാനവും ചൈനയില്‍ 23 ശതമാനവുമാണ്. ഗര്‍ഭാശയഗള കാന്‍സര്‍ പരിശോധനകള്‍ ഇന്ത്യയിലെ ഒമ്പത് ശതമാനം പേര്‍ മാത്രമാണ് ചെയ്യുന്നത്. അമേരിക്കയില്‍ 70 ശതമാനവും ചൈനയില്‍ 43 ശതമാനവും ഇത് ചെയ്യുന്നുണ്ട്.
വലിയൊരു ആരോഗ്യപ്രശ്നമായി ഇത് വളര്‍ന്ന സ്ഥിതിക്ക് ഈ രോഗങ്ങള്‍ പെരുകുന്നത് തടയാനുള്ള ഉപാധികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. ഇത്തരമൊരു ഭയാനകമായ രോഗസാഹചര്യത്തിന് കാരണമാകുന്ന ഘടകങ്ങള്‍ നിരവധിയാണ്.
മതിയായ ശാരീരിക വ്യായാമം ഇല്ലാത്തത്, ദീര്‍ഘനേരം ഒരേ ഇരുപ്പില്‍ ഇരുന്നുള്ള ജോലികള്‍, മതിയായ പോഷകഘടകങ്ങള്‍ ലഭിക്കാത്ത ഭക്ഷണ രീതി, ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥ, ഉയര്‍ന്നമലിനീകരണ തോത്, പുകവലിയും പുകയിലയുടെ കൂടിയ തോതിലുള്ള ഉപയോഗവും, നമ്മുടെ ഭക്ഷണത്തിലും കുടിവെള്ളത്തിലും കൂടുതലായി അടങ്ങിയിരിക്കുന്ന വിഷാംശം, വ്യാജമരുന്നുകള്‍ തുടങ്ങിയവയെല്ലാം തന്നെ ഇത്തരം രോഗങ്ങള്‍ വലിയതോതില്‍ ബാധിക്കാന്‍ ഇടയാക്കുന്നുണ്ട്.
ജനങ്ങള്‍ക്ക് ഇത്തരം രോഗങ്ങളെ കുറിച്ച് മതിയായ അറിവില്ലാത്തതും രോഗങ്ങള്‍ വളരെ വൈകി മാത്രം കണ്ടെത്തുന്നതുമാണ് ഭൂരിഭാഗം മരണങ്ങള്‍ക്ക് കാരണമാകുന്നതും. ജീവിതശൈലിയും ശീലങ്ങളുമാണ് കാന്‍സര്‍ രോഗത്തിന് കാരണമാകുന്നത്.
അതുകൊണ്ട് തന്നെ കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ അവയെ കുറിച്ച് നല്ല തോതില്‍ ബോധവത്കരണം അനിവാര്യമാണ്. ഇതോടൊപ്പം തന്നെ കൃത്യമായ ഇടവേളകളില്‍ പരിശോധനകളും ചികിത്സ വേണ്ടവര്‍ക്ക് അതിനുള്ള സഹായവും കാന്‍സറിനെതിരായുള്ള പോരാട്ടത്തിന് കരുത്ത് പകരും.
(ധനം ബിസിനസ് മാഗസിന്റെ ഏപ്രില്‍ 30ലെ ലക്കത്തില്‍ നിന്ന്)
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it