കോവിഡും വൈറസ് ഭീതിയും പലയിടങ്ങളിലും പടരുന്നു!

കോവിഡ് കുറവായതിനാല്‍ സാധാരണ ജീവിതത്തിലേക്ക് കടക്കുന്നുവെന്ന് ആശ്വസിക്കാനായിട്ടില്ല. ലോകത്ത് ചൈന ഉള്‍പ്പെടെ പലയിടങ്ങളിലും കോവിഡ് ലോക്ഡൗണ്‍ സ്ഥിരീകരിച്ചു. കോവിഡ് ഡെല്‍റ്റാ വകഭേദം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ചൈനയുടെ ഉള്‍പ്രദേശമായ, മംഗോളിയ റീജ്യനില്‍ പെടുന്ന എജിന്‍ ആണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

35,700 ഓളം പേര്‍ മാത്രം ഉള്‍പ്പെടുന്ന പ്രദേശമെങ്കില്‍ കൂടിയും കമ്യൂണിറ്റി സ്‌പ്രെഡ് ഭയന്നാണ് ഈ ലോക്ഡൗണ്‍ നടപ്പിലാക്കുന്നത്. നാഷണല്‍ ഹെല്‍ത്തിന്റെ മുന്നറിയിപ്പിന് ഒരു ദിവസത്തിന് ശേഷമാണ് ലോക്ക്ഡൗണ്‍ വരുന്നത്. സിസിടിവി സര്‍വെയ്‌ലന്‍സ് ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെ. പ്രദേശത്ത് 32 ഓളം പേരി ഡെല്‍റ്റ വകഭേദം ഒറ്റദിവസം റിപ്പേര്‍ട്ട് ചെയ്തതിനുശേഷമാണ് ഈ നിര്‍ദേശം.
യൂറോപ്യന്‍ രാജ്യമായ ലാത്വിയയിലും നവംബര്‍ 15 വരെ ലോക്ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
100,000 നിവാസികളിലെ 14 ദിവസത്തെ ക്യുമുലേറ്റീവ് അണുബാധാ നിരക്ക് ബുധനാഴ്ച 1,400 കേസുകളില്‍ നിന്ന് 1463 ആയി ഉയര്‍ന്നു, ഇത് കോവിഡ് വന്നതിനുശേഷമുള്ള ഏറ്റവും വലിയ കണക്കാണ്. സ്‌കൂളുകള്‍ക്കടക്കം ലാത്വിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡ് വാക്‌സിന്‍ എടുത്തവരിലും വൈറസ് പകരുന്നതാണ് ഭീതി ജനിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ പുതിയ വകഭേദം
യുകെയില്‍ നിരീക്ഷിച്ച് പോരുകയും അതീവ ഗുരുതരമായി വിലയിരുത്തുകയും ചെയ്യുന്ന കോവിഡ് ഡെല്‍റ്റ വേരിയന്റിന്റെ ഒരു പുതിയ മ്യൂട്ടേഷന്‍ ഇന്ത്യയില്‍ 'വളരെ കുറഞ്ഞ സംഖ്യകളില്‍' കണ്ടെത്തിയതായാണ് ദേശീയ റിപ്പോര്‍ട്ടുകള്‍. നാഷണല്‍ സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോളില്‍ (എന്‍സിഡിസി) നിന്ന് പുറത്തുവന്ന ഒരു ജീനോം സീക്വന്‍സിംഗ് റിപ്പോര്‍ട്ടില്‍ ഇന്‍ഡോറില്‍ പുതിയ കോവിഡ് വേരിയന്റിന്റെ ഏഴ് കേസുകള്‍ കണ്ടെത്തി.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,306 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം രാജ്യത്ത് 443 മരണങ്ങളും കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. നിലവില്‍ 1,67,695 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് അധികരിക്കുന്ന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതായി വരുമെന്ന നിലയ്ക്കാണ് സ്ഥിതിഗതികള്‍ മുന്നോട്ട് പോകുന്നത്. കേരളത്തിലും പുതിയ വേരിയന്റ് സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it