കാന്‍സര്‍ പരിചരണത്തില്‍ യോഗയുടെ സാധ്യത പഠിക്കാന്‍ ആര്‍.ജി.സി.ബി
കാന്‍സര്‍ പരിചരണത്തില്‍ യോഗയുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ട് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍.ജി.സി.ബി) റീജിയണല്‍ കാന്‍സര്‍ സെന്ററും (ആര്‍.സി.സി) സത്സംഘ് ഫൗണ്ടേഷനുമായി സഹകരിക്കാന്‍ ധാരണയായി. ആര്‍.ജി.സി.ബിയില്‍ നടന്ന അന്താരാഷ്ട്ര യോഗദിന പരിപാടിയിലായിരുന്നു ഇതു സംബന്ധിച്ച പ്രഖ്യാപനം.
ആര്‍.സി.സിയും സത്സംഘും
ആര്‍.സി.സി ഡയറക്ടര്‍ ഡോ. രേഖ എ. നായരുടെ നേതൃത്വത്തില്‍ പഠനത്തിന്റെ ക്ലിനിക്കല്‍ വശങ്ങള്‍ ആര്‍.സി.സി ഏകോപിപ്പിക്കും. സത്സംഘ് ഫൗണ്ടേഷന്‍ യോഗ പരിശീലനം നല്‍കും. ആര്‍.ജി.സി.ബി വ്യക്തിഗത തലത്തില്‍ കാന്‍സര്‍ പരിചരണത്തില്‍ യോഗയുടെ പ്രവര്‍ത്തന സാധ്യതകള്‍ പരിശോധിക്കുകയും ആര്‍.സി.സി തെരഞ്ഞെടുക്കുന്ന രോഗികളില്‍ സെല്ലുലാര്‍ മീഡിയേഷന്‍ നടത്തുകയും ചെയ്യും.
ഭാവിയില്‍ വലിയ സാധ്യതകളുള്ള സഹകരണമാണിതെന്ന് ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ പറഞ്ഞു.മാനസിക, ശാരീരികാരോഗ്യം ലക്ഷ്യമിട്ടുള്ള യോഗ സെഷനുകളും പ്രവര്‍ത്തനങ്ങളുമായിട്ടാണ് ആര്‍.ജി.സി.ബിയില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചത്. ആര്‍ജിസിബിയുടെ ജെന്‍ഡര്‍ അഡ്വാന്‍സ്‌മെന്റ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (ജി.എ.ടി.ഐ) പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.