ഇന്ത്യയിലെ പകുതി പേരും ശാരീരികമായി ഫിറ്റല്ല; കാരണമെന്ത്?

പ്രായപൂര്‍ത്തിയായവരില്‍ പകുതി പേരും ശാരീരികമായി ഫിറ്റല്ല. വനിതകളില്‍ മിക്കവരും നിഷ്‌ക്രിയരായി നേരംകൊല്ലുന്നു. വെറുതെ പറയുന്നതല്ല. ആഗോള തലത്തിലുള്ള ആരോഗ്യ പ്രസിദ്ധീകരണമായ ലാന്‍സെറ്റ് പഠിച്ചു തയാറാക്കിയ റിപ്പോര്‍ട്ടാണ്.
ശാരീരികമായി അധ്വാനിക്കാന്‍ മടി. അതല്ലെങ്കില്‍ അധ്വാനിക്കാന്‍ കഴിയാത്ത സാഹചര്യം. അധ്വാനിക്കേണ്ടതില്ലാത്ത അവസ്ഥ. ഇതെല്ലാമാണ് പ്രായപൂര്‍ത്തിയായവരില്‍ പകുതിയും ആരോഗ്യപരമായി ഫിറ്റല്ലാത്ത സ്ഥിതിക്ക് കാരണം. വനിതകളില്‍ 57 ശതമാനവും ഈ സ്ഥിതിയിലാണ്. പുരുഷന്മാരുടെ കാര്യമെടുത്താല്‍ 42 ശതമാനം പേരുടെയും അവസ്ഥ ഇതു തന്നെ.
ഇന്ത്യയില്‍ മാത്രമല്ല, ദക്ഷണേഷ്യ ആകെത്തന്നെ എടുത്താല്‍ ഇതാണ് സാഹചര്യമെന്ന് പഠനം പറയുന്നു. ഇപ്പോഴത്തേക്കാള്‍ 15 ശതമാനം കൂടി ഉഷാറായാല്‍ മാത്രമാണ് ആരോഗ്യാവസ്ഥയില്‍ സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ഒപ്പമെത്തൂ.
പുരുഷന്മാരില 31.3 ശതമാനത്തിന്റെ അവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ആഴ്ചയില്‍ രണ്ടര മണിക്കൂറെങ്കിലും ചെറിയ വ്യയാമം നല്‍കുന്ന പ്രവൃത്തികളില്‍ പോലും ഇവര്‍ ഏര്‍പ്പെടുന്നില്ല. 75 മിനിട്ടെങ്കിലും വിയര്‍പ്പിക്കുന്ന പണിയെടുക്കുന്നില്ല. ഇത് ആഗോള ശരാശരിയേക്കാള്‍ കൂടിയ നിഷ്‌ക്രിയത്വമാണ് എന്നോര്‍ക്കണം. മുന്‍കാലങ്ങളേക്കാള്‍ സ്ഥിതി മോശമായി വരുന്നു. ഈ പോക്ക് പോയാല്‍ 2030 ആകുമ്പോള്‍ ശാരീരികാധ്വാനത്തില്‍ അപര്യാപ്തത നേരിടുന്നവരുടെ ശതമാനം 60ല്‍ എത്തുമെന്നും പഠനം വിലയിരുത്തുന്നു.
18 കഴിഞ്ഞവരെല്ലാം പ്രായപൂര്‍ത്തിയായവരുടെ ഗണത്തിലാണ്. യുവാക്കളില്‍ മടി കൂടുകയും അധ്വാനവും വ്യായാമവും കുറയുകയും ചെയ്യുന്നത് പൊണ്ണത്തടിയും പലവിധ രോഗങ്ങളും അടക്കം ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന പൊതുവായ നിരീക്ഷണത്തിനിടിയിലാണ് പുതിയ പഠന റിപ്പോര്‍ട്ട്. 60 കഴിഞ്ഞവര്‍ വെറുതെയിരുന്ന് നേരം കൊന്ന് രോഗം ഇരന്നു വാങ്ങുന്നവരത്രേ. പ്രമേഹവും ഹൃദയ രോഗങ്ങളും കൂടിവരുന്നു.

Related Articles

Next Story

Videos

Share it