ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നെസ് എക്സ്പോ ഒക്ടോബര്‍ 21 മുതല്‍

ഹോട്ടല്‍ടെക്, ഫുഡ്ടെക്, ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ തുടങ്ങിയ പ്രമുഖ ബി2ബി മേളകളുടെ സംഘാടകരായ ക്രൂസ് എക്സ്പോസ് കേരളത്തിലെ ആയുര്‍വേദ, ആയുഷ് മേഖലയ്ക്കായി സംഘടിപ്പിക്കുന്ന ഹെല്‍ത്ത്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ് 2021 എക്സ്പോ സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 21 മുതല്‍ 23 വരെ ഓണ്‍ലൈനില്‍ നടക്കുന്ന എക്‌സ്‌പോയില്‍ കേരളത്തിലെ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് പങ്കെടുക്കാം. ഈ മേഖലയില്‍ ചികിത്സാസേവനങ്ങളൊരുക്കുന്നവര്‍, പ്രകൃതിദത്തമായ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍, വെല്‍നസ് സേവനദാതാക്കള്‍, ഉല്‍പ്പാദകര്‍ തുടങ്ങിയ 32-ലേറെ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് അറിയിച്ചു.
കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡ്, ആയുര്‍വേദ ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയോഷന്‍ (എഡിഎംഎ), ഇന്തോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് (ഐഎസിസി) തുടങ്ങിയ സ്ഥാപനങ്ങളും അംഗീകാരവും പിന്തുണയും എക്സ്പോയ്ക്കുണ്ട്.
സംസ്ഥാനത്തെ ചെറുകിട-ഇടത്തരം മേഖലകളില്‍ നിന്നുള്ള 20 യൂണിറ്റുകളും എസ് സി/എസ്ടി മേഖലയില്‍ നിന്നുള്ള 3 യൂണിറ്റുകളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അണിനിരക്കുന്നതും സംസ്ഥാന വ്യവസായ വകുപ്പ് സ്പോണ്‍സര്‍ ചെയ്യുന്നതുമായ കേരള ഇന്‍ഡസ്ട്രിയല്‍ പവലിയനാകും മേളയുടെ മുഖ്യആകര്‍ഷണം. ഇവയ്ക്കു പുറമെ നാളികേരം അടിസ്ഥാനമായ ഹെല്‍ത്ത്, ബ്യൂട്ടി, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളെ അവതരിപ്പിക്കുന്ന സിഡിബി പവലിയനുമായി കോക്കനട്ട് ഡെവലപ്മെന്റ് ബോര്‍ഡും മേളയില്‍ പങ്കെടുക്കും.
ഇവയ്ക്കു പുറമെ സ്വകാര്യമേഖലയില്‍ നിന്ന് ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍, ഔഷധനിര്‍മാതാക്കള്‍, വെല്‍നസ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ തുടങ്ങിയവയും മേളയില്‍ പങ്കെടുക്കും. മുന്‍ മേളകളിലേതുപോലെ ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ്, റഷ്യ ഉള്‍പ്പെടുന്ന സിഐഎസ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ബിസിനസ് സന്ദര്‍ശകര്‍ മേളയ്ക്കെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാവിലെ 10-30 മുതല്‍ വൈകീട്ട് 6-30 വരെയാകും പ്രദര്‍ശന സമയം.
ആയുര്‍വേദം, യോഗ, ധ്യാനം, അക്യുപങ്ചര്‍, നാച്വറോപ്പതി, പഞ്ചകര്‍മ, ഹോളിസ്റ്റിക് ചികിത്സകള്‍ തുടങ്ങിയ മേഖലകളിലുള്ള കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ഇവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും മേള ഏറെ ഗുണകരമാകും.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്: https://healthbeautyexp.floor.bz/cast/login


Related Articles

Next Story

Videos

Share it