ചെങ്കണ്ണിനെ പേടിക്കേണ്ട, പ്രതിരോധിക്കാം ഫലപ്രദമായി; ഡോ. അഞ്ജന ദേവി എഴുതുന്നു

കണ്ണിന്റെ പ്രതലത്തിലുള്ള ഒരു നേര്‍ത്ത പാടയാണ് കണ്‍ജങ്‌റ്റൈവ. കണ്ണിലെ കോര്‍ണിയയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും കണ്ണിനെ മുറിവില്‍ നിന്നും, അണുബാധയില്‍ നിന്നും സംരക്ഷിക്കുന്നതും കണ്‍ജങ്‌റ്റൈവയാണ്. കണ്‍ജങ്‌റ്റൈവയില്‍ വീക്കം വരുന്നതിനെയാണ് കണ്‍ജങ്റ്റിവൈറ്റിസ് അഥവാ ചെങ്കണ്ണ് എന്ന് പറയുന്നത്. കണ്‍ജങ്റ്റിവൈറ്റിസ് അണുബാധകൊണ്ടും, അല്ലാതെയും വരാം. അണുബാധയില്ലാതെയുള്ള കണ്‍ജങ്റ്റിവൈറ്റിസിനു പ്രധാനകാരണം അലര്‍ജിയാണ്.

  • അണുബാധകൊണ്ടുള്ള കണ്‍ജങ്റ്റിവൈറ്റിസിന് പ്രധാനമായും വൈറസും ബാക്ടീരിയയുമാണ് കാരണമാകുന്നത്. മുതിര്‍ന്നവരില്‍ കാണുന്ന കണ്‍ജങ്റ്റിവൈറ്റിസ് 80 ശതമാനവും വൈറസ് കാരണമാണ്. ഇത് വേനല്‍ കാലത്താണ് കൂടുതലായും കാണപ്പെടുന്നത്.
    കണ്‍ജങ്റ്റിവൈറ്റിസ് പകരുന്നത് ഒരു രോഗബാധയുള്ള വ്യക്തിയുടെ വിരലുകളില്‍ നിന്നോ, ആ വ്യക്തി ഉപയോഗിച്ച വസ്തുക്കളില്‍ നിന്നോ,നീന്തല്‍കുളത്തിലെ ജലത്തില്‍ നിന്നൊക്കെയാണ്.
    കണ്ണിന്റെ ആരോഗ്യം നല്ലതല്ലാത്തവര്‍ക്കും, കണ്ണില്‍ മുറിവ് പറ്റുന്നവര്‍ക്കും, ബാക്ടീരിയല്‍ കണ്‍ജങ്റ്റിവൈറ്റിസ് പിടിപെടാം. വൈറസ് കാരണം ഉള്ള കണ്‍ജങ്റ്റിവൈറ്റിസ് പ്രധാനമായും അഡിനോ വൈറസും ഹെര്‍പ്പസ് വൈറസും മൂലമാണ് ഉണ്ടാകുന്നത്. വൈറല്‍ കണ്‍ജങ്റ്റിവൈറ്റിസില്‍ 65 മുതല്‍ 90% വരെ അഡിനോ വൈറസ് കാരണമാണ് ഉണ്ടാകുന്നത്.അഡിനോ വൈറസ് കാരണമുള്ള കണ്‍ജങ്റ്റിവൈറ്റിസ് പടരാനുള്ള സാധ്യത 10 മുതല്‍ 50 ശതമാനമാണ്.10 മുതല്‍ 14 ദിവസം വരെ അത് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുണ്ട്.
    കണ്‍ജങ്റ്റിവൈറ്റിസിന്റെ ലക്ഷണങ്ങള്‍
    കണ്‍ജങ്‌റ്റൈവയില്‍ വീക്കം, കണ്ണ് ചുവന്നിരിക്കുക, കണ്ണില്‍ നിന്നും വെള്ളം വരിക, പീളയടിയുക, കണ്ണില്‍ രക്തം കാണപ്പെടുക, പാട ചൂടുക ഇവയോട് കൂടെ പനിയും തൊണ്ടവേദനയും, ലിംഫ് നോഡുകള്‍ക്ക് വീക്കവും കാണപ്പെടാം. കണ്‍ജങ്റ്റിവൈറ്റിസ് ഏകദേശം ഏഴ് തൊട്ട് പത്ത് ദിവസം വരെ നീണ്ടു നില്‍ക്കാം. നാലാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന കണ്‍ജങ്റ്റിവൈറ്റിസിനെ ക്രോണിക് കണ്‍ജങ്റ്റിവൈറ്റിസ് എന്ന് പറയുന്നു. കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവരില്‍ കണ്‍ജങ്റ്റിവൈറ്റിസ് വന്നാല്‍ കോര്‍ണിയയെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉടന്‍ തന്നെ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗം നിര്‍ത്തേണ്ടതാണ്.
    കണ്‍ജങ്റ്റിവൈറ്റിസ് പകരുന്നത് തടയാനായി ചെയ്യേണ്ട കാര്യങ്ങള്‍
    • ഇടയ്ക്കിടെ കൈ കഴുകുക
    • കണ്‍ജങ്റ്റിവൈറ്റിസ് ബാധിച്ച വ്യക്തി ഉപയോഗിച്ച വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക
    • കണ്‍ജങ്റ്റിവൈറ്റിസ് ബാധിച്ച വ്യക്തിയുടെ കണ്ണില്‍ സ്വയമോ , മറ്റുള്ളവരോ തൊടാതെ ഇരിക്കുക, അഥവാ സ്പര്‍ശിച്ചാല്‍ കൈ വൃത്തിയായി കഴുകുക
    • രോഗബാധയുള്ളയാള്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക

    (കണ്‍ജങ്റ്റിവൈറ്റിസ് ചികിത്സയ്ക്കായി നേത്രരോഗ വിദഗ്ദ്ധനെ കാണിച്ചു തുള്ളി മരുന്നുകള്‍ ഉപയോഗിക്കേണ്ടതാണ്)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it