അമിതവണ്ണമില്ലാതെ ആരോഗ്യത്തോടെയിരിക്കാം, നിങ്ങള്‍ക്കായി ഒരു സിംപിള്‍ ജീവിതശൈലി

അമിതവണ്ണം, 'ഒട്ടും ഓവര്‍ റേറ്റഡ്' പദമല്ല, കാരണം 10 പേരെടുത്താല്‍ അതില്‍ ആറു പേരും അമിതഭാരവും ജീവിത ശൈലീ രോഗങ്ങളുമുള്ളവരാണ്. തിരക്കുനിറഞ്ഞ ജീവിതചര്യകളും ഭക്ഷണശൈലിയുമാണ് അതിലേക്ക് നമ്മെ നയിക്കുന്നത്. എന്നാല്‍ ചിട്ടയായ വ്യായാമം ആണ് ഭാരം കൂടാതിരിക്കാന്‍ ചെയ്തിരിക്കേണ്ടത്. 45 മിനിട്ട് എങ്കിലും ആരോഗ്യമുള്ള ഒരാള്‍ ഒരുദിവസം വ്യായാമം ചെയ്യണം. ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വിദഗ്ധ ഉപദേശത്തോടെ 30-45 മിനിട്ട് ഇടവേളകളോടെയുള്ള വ്യായാമം ശ്രമിക്കണം. നടത്തം ശീലമാക്കാം. കഴിയുമെങ്കില്‍ പടികള്‍ കയറാം.

എപ്പോഴും ശ്രദ്ധിക്കേണ്ടത് വ്യായാമം തുടങ്ങി കുറച്ചുനാള്‍ കഴിഞ്ഞ് നിര്‍ത്തരുത് എന്നുള്ളതാണ്. അത് വീണ്ടും ഭാരം കൂട്ടാന്‍ വഴിയൊരുക്കും. അത്‌പോലെ കീറ്റോ ഡയറ്റ് പോലുള്ള ഭക്ഷണക്രമം എടുത്ത് വണ്ണം കുറയ്ക്കരുത്. ഭക്ഷണക്രമം ശരിയായിരിക്കണം. അതെങ്ങനെയെന്ന് നോക്കാം.
വണ്ണം വയ്ക്കരുതെന്നാഗ്രഹിക്കുന്നവര്‍ ഭക്ഷണത്തിന്റെ അളവ് കുറച്ച് ചെറിയ ചെറിയ ഇടവേളകളിലായി കഴിക്കണം. വിശന്നിരുന്ന് കഴിക്കുന്നത് അമിതവണ്ണത്തിലേക്ക് നയിക്കും. വലിയ ഗ്യാപ് ഇട്ട് കഴിക്കരുതെന്ന് ചുരുക്കം. മാത്രമല്ല ഇങ്ങനെ കഴിക്കുമ്പോള്‍ എന്ത് ഭക്ഷണവും കഴിക്കാമെന്ന മനോഭാവം പാടില്ല. സമീകൃതമായ ആഹാരം നിശ്ചിത ഇടവേളകളില്‍ കഴിക്കാനാണ് ശ്രമിക്കേണ്ടതാണ്.
അളവ് എങ്ങനെയായിരിക്കണം?
മലയാളികളുടെ പ്ലേറ്റിലേക്ക് നോക്കിയാല്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവായിരിക്കും കൂടുതല്‍. എന്നാല്‍ അതാണ് നമ്മള്‍ മാറ്റിമറിക്കേണ്ടത്. പ്ലേറ്റില്‍ പകുതിഭാഗം പച്ചക്കറിവേണം. ബാക്കി പകുതി ഭാഗത്തില്‍ കാല്‍ ഭാഗം കാര്‍ബോഹൈഡ്രേറ്റ് (ചോറ്, മറ്റ് ധാന്യങ്ങള്‍) നിറയ്ക്കുക, മറ്റേ കാല്‍ ഭാഗം പ്രൊട്ടീനും നിറയ്ക്കണം.
ആവശ്യമുള്ള പോഷകങ്ങള്‍ കിട്ടാതെ വന്നാല്‍ മുടികൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കടന്നുവരും. മൈക്രോന്യൂട്രിയന്റ്‌സ് ശരിയായ അളവില്‍ ലഭിക്കാന്‍ ധാരാളം പച്ചക്കറികള്‍, മധുരം കുറവുള്ള പഴങ്ങള്‍ എന്നിവ കഴിക്കണം. നാര് കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കണം.

ആരോഗ്യത്തിലേക്ക് ഈ സിമ്പിൾ വഴികൾ
ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കണം. സ്‌നാക്‌സ് ശീലമാക്കിയവര്‍ അത് മാറ്റി ഒരു കൈനിറയെ നട്‌സ് അല്ലെങ്കില്‍ പഴങ്ങളേതെങ്കിലും കഴിക്കാം.
മധുരം അമിതമായി അടങ്ങിയ പഴങ്ങള്‍ കഴിക്കരുത്. മാമ്പഴം, പഴുത്ത ഏത്തപ്പഴം, സപ്പോട്ട, മധുരമുള്ള മുന്തിരി എന്നിവ ഒഴിവാക്കണം.
പായ്ക്കറ്റ് ചിപ്‌സ് കഴിക്കരുത്. ഒരു പായ്ക്കറ്റ് ചിപ്‌സ് ഒരു മനുഷ്യന് ഒരു ദിവസം വേണ്ടുന്ന കലോറിയും ഒപ്പം ഫാറ്റുമാണ് ശരീരത്തിലേക്ക് നിക്ഷേപിക്കുക. ഇത് അമിതഭാരത്തിലേക്ക് നയിക്കും.
പഞ്ചസാരയുടെ അനാവശ്യ ഉപയോഗം കുറയ്ക്കുക. പഴച്ചാറുകളിലും ചായയിലും കാപ്പിയിലുമൊക്കെ മധുരം തീരെ കുറച്ച് കഴിക്കുക. ജ്യൂസുകളില്‍ മധുരം തീരെ ചേര്‍ക്കാത്തതാണ് നല്ലത്.
അത് പോലെ തന്നെ കൊഴുപ്പുകുറഞ്ഞ ചിക്കന്‍, മീന്‍, മുട്ട എന്നിവ എണ്ണയില്ലാതെ ഒന്നിടവിട്ട ദിവസങ്ങളില്‍ കഴിക്കണം.
വെജിറ്റേറിയനെങ്കില്‍ പയര്‍ പരിപ്പ് വര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം
വെള്ളം ആവശ്യത്തിനുകുടിക്കണം. ഒരു വ്യക്തിക്ക് ശരിയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യത്തിന് വേണ്ട വെള്ളത്തിന്റെ അളവ് 35ml/kg ആണ്. അതായത് മറ്റ് അസുഖം ഇല്ലാത്തവര്‍ 2.5 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.
അത്താഴം അമിതമായി കഴിക്കരുത്. മാത്രമല്ല, ഉറങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പെങ്കിലും കഴിച്ചിരിക്കണം.
കാര്‍ബോഹൈഡ്രേറ്റ്‌സ് കുറഞ്ഞ അത്താഴമാണ് വേണ്ടത്. 7 മണിക്ക് ശേഷം കട്ടിയുള്ള ഭക്ഷണം വേണ്ട.
കഴിക്കുന്ന ഭക്ഷണം സമയമെടുത്ത് ചവച്ചരച്ച് ഭക്ഷണം കഴിക്കുക. പെട്ടെന്ന് പെട്ടെന്ന് കഴിക്കരുത്.
പ്രധാനഭക്ഷണത്തിന് 10 മിനിട്ട് മുമ്പ് ഒരു ഗ്ലാസ് നിറയെ വെള്ളം കുടിക്കാം.
ഇലക്കറികള്‍ എണ്ണ അധികമില്ലാതെ കറിവച്ചും സാലഡുകളില്‍ ചേര്‍ത്തും കഴിക്കാം.

(രാജഗിരി ഹോസ്പിറ്റല്‍, ആലുവ, ചീഫ് ഡയറ്റിഷ്യനാണ് ലേഖിക)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it