Begin typing your search above and press return to search.
ഇന്ത്യയില്‍ 21.2 കോടി പ്രമേഹ രോഗികള്‍! ഒരു വര്‍ഷത്തിനിടെ 10 കോടി വര്‍ധന; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്
ആഗോളതലത്തില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷന്റെ (ഐ.ഡി.എഫ്) പ്രതീക്ഷിത കണക്കുകളേക്കാള്‍ ഏറെ മുന്നിലാണ് ഇത്. 1990ന് ശേഷം പ്രമേഹ രോഗികളുടെ എണ്ണം നാലിരട്ടിയായി വര്‍ധിച്ചതായി ഡബ്ല്യു.എച്ച്.ഒ ലാന്‍സെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ 80 കോടി പേര്‍ ഇന്ന് പ്രമേഹ ബാധിതരാണ്. ഇതില്‍ 21.2 കോടി രോഗികളും ഇന്ത്യയിലാണെന്ന ഞെട്ടിക്കുന്ന കണക്കും ഇതിനൊപ്പമുണ്ട്. രണ്ടാം സ്ഥാനത്തുള്ള ചൈനയേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യ. 14.8 കോടി രോഗികളാണ് ചൈനയിലുള്ളത്.
പ്രമേഹ തലസ്ഥാനം
ഏറ്റവും കൂടുതല്‍ പ്രമേഹ ബാധിതരുള്ള ഇന്ത്യ ലോകത്തിന്റെ പ്രമേഹ തലസ്ഥാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ 10 കോടിയുടെ വര്‍ധനയുണ്ടായെന്ന റിപ്പോര്‍ട്ട് ആശങ്കാജനകമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പുറത്തുവന്ന കണക്കുകള്‍ ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമാണെന്നും ഐ.ഡി.എഫ് പ്രസിഡന്റ് പീറ്റര്‍ ഷ്വാര്‍സും പറയുന്നു. 2021ല്‍ 53.7 കോടി പ്രമേഹ രോഗികളാണ് ലോകത്തുണ്ടായിരുന്നത്. ഇത് 2045ല്‍ 78.3 കോടിയാകുമെന്നായിരുന്നു ഐ.ഡി.എഫിന്റെ കണക്കുകൂട്ടല്‍. പ്രമേഹ രോഗികളുടെ കണക്കെടുക്കുന്നതില്‍ ഡബ്ല്യു.എച്ച്.ഒയുടെ മാനദണ്ഡങ്ങളില്‍ വന്ന മാറ്റമാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.
ചികിത്സ തേടാതെ 40 ശതമാനം
കണക്കെടുപ്പിലെ മാനദണ്ഡങ്ങളില്‍ തര്‍ക്കമുണ്ടെങ്കിലും ഇന്ത്യയിലെ പ്രമേഹ രോഗം നിയന്ത്രിക്കുന്നതില്‍ കാര്യമായ നടപടിയെടുക്കണമെന്നും ഐ.ഡി.എഫ് ആവശ്യപ്പെടുന്നു. ഇന്ത്യയിലെ പ്രമേഹ രോഗികളില്‍ 40 ശതമാനവും മതിയായ ചികിത്സ തേടാത്തവരാണ്. പ്രമേഹ സാധ്യത കൂടുതലുള്ള (പ്രീ ഡയബറ്റിക്) ആളുകളുടെ എണ്ണത്തിലും ഇന്ത്യ ഏറെ മുന്നിലാണ്. യൂറോപ്പില്‍ 10-15 വരെ വര്‍ഷമെടുത്താണ് ഒരാള്‍ പൂര്‍ണമായും പ്രമേഹ രോഗിയായി മാറുന്നത്. ഇന്ത്യയില്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കൊണ്ട് ഒരാള്‍ പ്രമേഹ രോഗത്തിന് അടിമപ്പെടുന്നത് നിയന്ത്രിക്കപ്പെടേണ്ട വിഷയമാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
86 ശതമാനം പേര്‍ക്കും വിഷാദരോഗം
അതേസമയം, രാജ്യത്തെ പ്രമേഹ രോഗികളില്‍ 86 ശതമാനം പേര്‍ക്കും ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന ഐ.ഡി.എഫിന്റെ മറ്റൊരു റിപ്പോര്‍ട്ടും ചര്‍ച്ചയായി. പ്രമേഹാവസ്ഥ കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുമോയെന്ന ആശങ്കയാണ് ഇതിന് പ്രധാന കാരണം. പ്രമേഹം നിയന്ത്രിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍, ഭക്ഷണത്തിലെ നിയന്ത്രണം, ചികിത്സയുടെയും മരുന്നുകളുടെയും ലഭ്യത കുറവ് തുടങ്ങിയ കാരണങ്ങള്‍ രോഗികളെ വലക്കുന്നുണ്ട്. സ്ത്രീകളാണ് കൂടുതലും ഈ ബുദ്ധിമുട്ടുകള്‍ നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍.
Next Story
Videos