മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വസിക്കാന്‍ ഇതാ രണ്ട് കാര്യങ്ങള്‍

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയില്‍ അടുത്തിടെ വന്ന രണ്ട് പരിഷ്‌കാരങ്ങള്‍ മുതിര്‍ന്ന പൗരന്മാരുടെ ജീവിതത്തില്‍ പോസിറ്റീവ് സ്വാധീനം ചെലുത്താന്‍ പര്യാപ്തമായവയാണ്. ഉപഭോക്തൃ അനുകൂല സമീപനത്തിന്റെ ഭാഗമെന്നോണം രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയുടെ റെഗുലേറ്ററായ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) ഇന്‍ഷുറന്‍സ് കമ്പനികളോട് ഉല്‍പ്പന്നങ്ങളില്‍ രണ്ട് സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ പറഞ്ഞിരിക്കുകയാണ്.
ഏത് പ്രായത്തിലും ഇന്‍ഷ്വറന്‍സ്
എല്ലാ പ്രായക്കാര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കണമെന്നതാണ് ആദ്യത്തെ കാര്യം. ഇതോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറ്റവും അത്യാവശ്യമുള്ള സമയത്ത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിഷേധിക്കപ്പെടില്ല. നിലവില്‍ 65 വയസ് വരെയുള്ളവര്‍ക്ക് മാത്രമാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാന്‍ സാധിക്കുക.
നിലവിലുള്ള അസുഖങ്ങള്‍ക്ക് ക്ലെയിം ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് കാലാവധി 48 മാസത്തില്‍ നിന്ന് 36 ആയി ചുരുക്കണമെന്നാണ് രണ്ടാമത്തെ കാര്യം.
മുതിര്‍ന്ന പൗരന്മാരെ എത്രമാത്രം ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍ച്ചേര്‍ക്കുമെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി. എന്തുതന്നെയായാലും ഉയര്‍ന്ന റിസ്‌ക് പരിഗണിച്ച് ഏറെ ഉയര്‍ന്ന പ്രീമിയം തന്നെയാകും ഇത്തരം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുണ്ടാവുക.
പോളിസികള്‍ക്ക് ഉയര്‍ന്ന പ്രീമിയം നിശ്ചയിക്കപ്പെട്ടാല്‍ രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിന് കനത്ത തിരിച്ചടിയാകാനുള്ള എല്ലാ സാധ്യതയുമുണ്ട്.
വിപണിയുടെ സാധ്യതകള്‍
ജനസംഖ്യയില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം കൂടുന്നതും അവരുടെ അസുഖങ്ങള്‍ വര്‍ധിക്കുന്നതും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇന്‍ഷുറന്‍സ് വിപണിയുടെ സാധ്യതകള്‍ വിപുലമാക്കുന്നുണ്ട്. എല്ലാവര്‍ക്കും താങ്ങാവുന്ന നിരക്കിലുള്ള ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കണമെന്ന് മാത്രം. അത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സര്‍ക്കാരിനും ഗുണമാകും. മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുയോജ്യമായ, അവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വാങ്ങാവുന്ന ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ കമ്പനികള്‍ വൈകാതെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.
(ധനം ബിസിനസ് മാഗസിന്റെ മേയ് 31 ലക്കത്തില്‍ നിന്ന്)
Related Articles
Next Story
Videos
Share it