മനസില്‍ സന്തോഷം ഇല്ലെങ്കിലും കിട്ടും ലീവ്; എടുക്കാം അണ്‍ഹാപ്പി അവധി!

മനുഷ്യരുടെ ഓരോ ദിവസത്തെയും മാനസികനില വ്യത്യസ്തമാണ്. ഇത്തരത്തില്‍ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളും സമ്മര്‍ദങ്ങളും പലപ്പോഴും ജോലിയിലും അസ്വസ്ഥത സൃഷ്ടിക്കുന്നത് പതിവാണ്. ഇതിനൊരു മാറ്റം വരുത്താന്‍ ചൈനീസ് കമ്പനിയുടെ ഉടമ കൊണ്ടുവന്ന പരിഷ്‌കാരമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ റീറ്റെയ്ല്‍ ശൃംഖലയായ പാങ് ഡോങ് ലായിയുടെ സ്ഥാപകനും ചെയര്‍മാനുമായ യു ഡോംഗ്ലായ് ആണ് തന്റെ ജീവനക്കാര്‍ക്ക് അണ്‍ഹാപ്പി ലീവ് എടുക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരു വര്‍ഷം ഇത്തരത്തില്‍ 10 അവധി വരെ എടുക്കാമെന്ന് കമ്പനി ഉത്തരവില്‍ പറയുന്നു. അണ്‍ഹാപ്പി ലീവ് നിരസിക്കാന്‍ മേലുദ്യോഗസ്ഥര്‍ക്കും അനുവാദമില്ല.

ചൈനയിലെ മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി പാങ് ഡോങ് ലായി കമ്പനിയില്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ കൂടുതലാണ്. ദിവസവും 7 മണിക്കൂര്‍ മാത്രമാണ് ജോലി സമയം. ആഴ്ചയിലെ ഓഫിനൊപ്പം വര്‍ഷത്തില്‍ 30-40 ദിവസം വാര്‍ഷിക അവധിയും ലഭിക്കും. ചൈനീസ് പുതുവര്‍ഷ സമയത്ത് ജീവനക്കാര്‍ക്ക് 5 ദിവസത്തെ അധിക അവധിയും കമ്പനി നല്‍കുന്നുണ്ട്.
ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്ഡേറ്റുകളും ലഭിക്കാന്‍ അംഗമാകൂ: വാട്സ്ആപ്പ്, ടെലഗ്രാം

ജീവനക്കാര്‍ക്ക് അവരുടേതായ വ്യക്തി സ്വാതന്ത്ര്യം ലഭിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതെന്ന് യു ഡോംഗ്ലായ് വ്യക്തമാക്കുന്നു. എല്ലാവര്‍ക്കും ചില വിഷമ സമയങ്ങളുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥമായി മനസു കൊടുക്കാന്‍ ആര്‍ക്കും കഴിയില്ല. അതിനാല്‍ ഇത്തരം ഘട്ടങ്ങളില്‍ വിശ്രമിക്കുന്നതാണ് നല്ലതെന്ന് ഡോംഗ്ലായ് പറയുന്നു.

ചൈനീസ് കമ്പനിയുടെ അണ്‍ഹാപ്പി ലീവിന്റെ വാര്‍ത്തയ്ക്ക് സോഷ്യല്‍മീഡിയയിലും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എല്ലാ കമ്പനികളും ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. 2021ല്‍ നടത്തിയ സര്‍വേ പ്രകാരം ചൈനയില്‍ 65 ശതമാനത്തിലധികം ജീവനക്കാരും തങ്ങളുടെ ജോലിയില്‍ സന്തുഷ്ടരല്ലെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ ശമ്പളം, ജോലിഭാരം, ജോലിസ്ഥലത്തെ മാനസിക പീഡനം തുടങ്ങിയ കാര്യങ്ങളെല്ലാം ജീവനക്കാരുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it