കോവിഡ് വാക്‌സിൻ; ഒരു ഡോസ് മരണം തടയാൻ 96.6%ഫലപ്രദമെന്ന് കേന്ദ്രം!

മരണത്തെ തടയുന്നതിൽ ഒരൊറ്റ ഡോസ് കൊറോണ പ്രതിരോധ കുത്തിവയ്പ്പിന്റെ ഫലപ്രാപ്തി 96.6 ശതമാനവും രണ്ടാമത്തെ ഡോസിന് ശേഷം 97.5 ശതമാനവും ആണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ദേശീയ വാക്സിനേഷൻ ഡ്രൈവിന്റെ നാല് മാസത്തെ കണക്കുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കോവിൻ പോർട്ടൽ, നാഷണൽ കോവിഡ് -19 ടെസ്റ്റിംഗ് ഡാറ്റാബേസ്, കോവിഡ് -19 ഇന്ത്യ പോർട്ടൽ, എന്നിവയിൽ നിന്നുള്ള കണക്കുകൾ സമന്വയിപ്പിച്ചുകൊണ്ട് വികസിപ്പിച്ചെടുത്ത 'കോവിഡ് -19 ട്രാക്കറിൽ' നിന്നാണ് റിപ്പോർട്ട് രൂപീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഐസിഎംആർ തിരിച്ചറിയൽ നമ്പറിന്റെയും മൊബൈൽ നമ്പറുകളുടെയും അടിസ്ഥാനത്തിലാണ് ഡാറ്റ സമന്വയിപ്പിച്ചതെന്ന് ഇന്ത്യൻ കൌൺസിലിന്റെ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു. കൊറോണ വൈറസ് അണുബാധയിൽ നിന്നുള്ള സംരക്ഷണത്തിനുള്ള ഒരു പ്രധാന കവചമാണ് വാക്സിൻ. പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനുശേഷവും മാസ്കുകൾ ഉപയോഗിക്കുന്നത് വളരെ പ്രധാനമാണ്, യാത്രകൾ കുറക്കണമെന്നും അദ്ദേഹം ജനങ്ങളോട് നിർദ്ദേശിച്ചു.

ഇന്ത്യയുടെ കോവിഡ് -19 ടാസ്ക് ഫോഴ്സ് മേധാവി ഡോ.വി.കെ. പോളും, ഇതേ അഭിപ്രായത്തെ ശരിവച്ചു.രണ്ട് ഡോസിന് ശേഷം, മരണങ്ങളിൽ നിന്നും പരിരക്ഷയുണ്ടന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വാക്‌സിൻ എടുക്കാൻ വിട്ടുപോയവർ മുന്നോട്ട് വന്ന് അവരുടെ ആദ്യ ഡോസ് എടുക്കണം.

100 ശതമാനം ആദ്യ ഡോസ് കവറേജ് നാം അതിവേഗം കൈവരിക്കേണ്ടതുണ്ട്, ഇത് മരണങ്ങളിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കും; അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച പുറത്തുവിട്ട ഡാറ്റയിൽ രാജ്യത്തെ പ്രായപൂർത്തിയായ ജനസംഖ്യയിൽ 58 ശതമാനത്തിനും ആദ്യ ഡോസ് ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്.

ഇതിനിടയിൽ കേരളത്തിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരിൽ 90% പേർ ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്തവരാണെന്ന് ആരോഗ്യവകുപ്പിന്റെ പഠനത്തിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ജില്ലാതലത്തിലെ റിപ്പോർട്ടിൽ ജൂൺ 18 മുതൽ സെപ്റ്റംബർ 3 വരെ കോവിഡ് ബാധിച്ച് മരിച്ച 9195 പേരിൽ വാക്സിൻ എടുത്തിരുന്നത് 905 പേർ (9.84%) മാത്രമാണെന്ന് വ്യക്തമാണ്.

വാക്‌സിൻ എടുത്ത ശേഷം കോവിഡ് വന്ന് മരിച്ചവരിൽ ഏതാണ്ട് 700പേർ ഒരു ഡോസ് മാത്രം എടുത്തവരാണ്. രണ്ട് ഡോസ് എടുത്ത് മരിച്ച 200 റോളം പേരിൽ ഭൂരിഭാഗത്തിനും മറ്റ് അസുഖങ്ങൾ ഉള്ളവരാണെന്നും കണക്കുകൾ.

Related Articles

Next Story

Videos

Share it