പാരസെറ്റാമോള്‍ അടക്കം നിരവധി മരുന്നുകള്‍ക്ക് വില കൂടും; ആന്റിബയോട്ടിക്കുകള്‍ക്കും പുതിയ വില

പാരസെറ്റാമോള്‍, അസിത്രോമൈസിന്‍ തുടങ്ങി നിരവധി അവശ്യമരുന്നുകള്‍ക്ക് ഇന്നുമുതല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവുമായി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (NPPA). പുതിയ സാമ്പത്തിക വര്‍ഷം (2024-25) ആരംഭിക്കുന്ന ഇന്നുമുതല്‍ മരുന്നുകളുടെ വിലയില്‍ (MRP) വിലവര്‍ധന പ്രതിഫലിക്കുമെന്നാണ് ഇന്ത്യയുടെ മരുന്നുവില നിര്‍ണയ അതോറിറ്റിയായ എന്‍.പി.പി.എ വ്യക്തമാക്കിയത്. എം.ആര്‍.പിയില്‍ 0.00551 ശതമാനം വര്‍ധനയാണുണ്ടാവുക.
പാരസെറ്റാമോള്‍ ഉള്‍പ്പെടെയുള്ള വേദനസംഹാരികള്‍, ആന്റിവൈറലുകള്‍, അന്റിബയോട്ടിക്കുകള്‍, ടൈപ്പ്-2 പ്രമേഹത്തിനുള്ള മരുന്നുകള്‍, കൊവിഡ്-19നുള്ള ചില മരുന്നുകള്‍, വൈറ്റമിനുകള്‍ തുടങ്ങി 800ലധികം അവശ്യ മരുന്നുകള്‍ക്കാണ് വില കൂടുന്നത്. 2022ല്‍ മരുന്നുകള്‍ക്ക് 10 ശതമാനവും 2023ല്‍ 12 ശതമാനവും വില കൂട്ടിയിരുന്നു. തുടര്‍ന്നാണ്, ഇപ്പോള്‍ വീണ്ടും വില വര്‍ധന. അതേസമയം, മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിലവിലെ സ്‌റ്റോക്ക് തീര്‍ന്നശേഷം വരുന്ന പുതിയ സ്റ്റോക്കിലായിരിക്കും പുതുക്കിയ വില പ്രതിഫലിക്കുക.
കമ്പനികള്‍ക്ക് ചോദിക്കാതെ വില കൂട്ടാം!
കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ മരുന്നുകളുടെ വില (MRP) കൂട്ടാന്‍ നിര്‍മ്മാണക്കമ്പനികള്‍ക്ക് ഇപ്പോള്‍ നിയമപ്രകാരം കഴിയും.
2022ലെ മൊത്തവില സൂചികയില്‍ നിന്ന് (Wholesale price index/WPI) 2023ലെ സൂചികയിലുണ്ടായ വര്‍ധനയ്ക്ക് ആനുപാതികമായി വില കൂട്ടാനാണ് കമ്പനികള്‍ക്ക് കഴിയുക. ഇത്, നിലവില്‍ 0.00551 ശതമാനമാണ്. ഈ വര്‍ധനയാണ് ഇന്നുമുതല്‍ വിലയില്‍ പ്രതിഫലിക്കുക. ഇങ്ങനെ വില വര്‍ധിപ്പിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടേണ്ടതില്ല.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it