വില 10 ഡോളറില്‍ താഴെ: ഫൈസര്‍ ഇന്ത്യയിലെത്തിക്കുന്നത് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ജര്‍മന്‍ ബയോടെക്‌നോളജി കമ്പനിയായ ബയോടെക്കിനൊപ്പം ഫൈസര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനായ ഫൈസര്‍ - ബയോണ്‍ടെക് വാക്‌സിന്‍ ഇന്ത്യയിലെത്തിക്കുക ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. 10 ഡോളറില്‍ താഴെ അല്ലെങ്കില്‍ ഏകദേശം 730 രൂപയ്ക്കായിരിക്കും ഫൈസര്‍ ബയോണ്‍ടെക് ഇന്ത്യയില്‍ ലഭ്യമാക്കുകയെന്ന് കമ്പനിയുമായുള്ള അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പദ്ധതിക്ക് ലാഭച്ഛേയയില്ലാത്ത വിലയാണ് ഇന്ത്യയിലെ ഫൈസറിനെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ ഫൈസര്‍ വാക്‌സിന്‍ വിലയുടെ പകുതിയോളമായിരിക്കും ഇന്ത്യയില്‍ ഈടാക്കുക. എംആര്‍എന്‍എ അടിസ്ഥാനമാക്കിയുള്ള കോവിഡ് വാക്സിനുള്ള ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയായിരിക്കും ഇത്. നിലവില്‍ ആറ് മാസം പ്രായമുള്ള കുട്ടികളില്‍ അടക്കം ഉപയോഗിക്കാനാവുന്ന കോവിഡ് വാക്‌സിന്റെ പരീക്ഷണങ്ങള്‍ ഫൈസര്‍ നടത്തിവരുന്നുണ്ട്.

അമേരിക്കയില്‍ ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന് ഒരു ഡോസിന് 1,423 രൂപ (19.5 ഡോളര്‍) രൂപയാണ്. യുകെയില്‍ 1,532 രൂപയ്ക്കാണ് (21 ഡോളര്‍) വാക്‌സിന്‍ ലഭ്യമാക്കുന്നത്. യൂറോപ്യന്‍ യൂണിയനിലെ ഫൈസറിന്റെ വില നേരത്തെ ഒരു ഡോസിന് 18.9 ഡോളറായിരുന്നെങ്കിലും 23.2 ഡോളര്‍ (1,693 രൂപ) ആക്കി ഉയര്‍ത്താനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഫൈസര്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ മേജര്‍ ഇന്ത്യ സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്.

'ഞങ്ങളുടെ കോവിഡ് വാക്‌സിന്റെ ആവശ്യമായ ഡോസുകള്‍ ഇന്ത്യയ്ക്ക് ലാഭേച്ഛയില്ലാത്ത വിലയ്ക്ക് ലഭ്യമാക്കാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്, എല്ലാ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും, ആവശ്യമായ റെഗുലേറ്ററി ക്ലിയറന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ വാക്‌സിന്‍ ലഭ്യമാക്കും. നിലവില്‍, ഇന്ത്യാ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ല' ഒരു ഫൈസര്‍ വക്താവ് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it