വൈകരുത്, ഹെപ്പറ്റൈറ്റിസ് ടെസ്റ്റ് ചെയ്യാൻ

ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം. ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം, കരൾ വീക്കം എന്ന പേരിൽ അറിയപ്പെടുന്ന രോഗാവസ്ഥ പല കാരണങ്ങൾ കൊണ്ടുണ്ടാകാം. മദ്യപാനം കൊണ്ടോ ചില മരുന്നുകളോടുള്ള റിയാക്ഷൻ കൊണ്ടോ ഇത് പലരിലും വളരെ അപകടകരമായ അവസ്ഥയിൽ കാണപ്പെടാറുണ്ട്. അവയല്ലാത്ത കാരണങ്ങളുമുണ്ട്.

അമേരിക്കൻ വൈദ്യ ശാസ്ത്രജ്ഞനായ ഡോക്ടർ ബാരേജ് ബ്ലൂബെർഗാണ് ഹെപ്പറ്റൈറ്റിസ് ബി കണ്ടുപിടിച്ചത്. അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ്, അദ്ദേഹത്തിന്റെ ജന്മദിനം ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. ലോകാരോഗ്യ സംഘടന ഈ ദിനം ആചരിക്കുന്നത് വൈറൽ ഹെപ്പറ്റൈറ്റിസിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്.

കരൾ രോഗങ്ങൾ നേരത്തെ തിരിച്ചറിയേണ്ടതും ചികിത്സിക്കേണ്ടതും അത്യാവശ്യമാണ്. വൈറൽ ഹെപ്പറ്റൈറ്റിസ് പ്രധാനമായും അഞ്ചു തരത്തിലുണ്ട്, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഹെപ്പറ്റൈറ്റിസ് ഡി, ഹെപ്പറ്റൈറ്റിസ് ഇ. ഓരോ തരത്തിലുമുള്ള ഹെപ്പറ്റൈറ്റിസും വ്യക്തമാക്കുകയാണ്, രാജഗിരി ഹോസ്പിറ്റല്‍ ഹെപ്പറ്റോളജി& ട്രാന്‍സ്പ്ലാന്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ജോൺ മേനാച്ചേരി.

◆ഹെപ്പറ്റൈറ്റിസ് എ (Hepatitis A)

മലിനമായ വെള്ളം/ഭക്ഷണത്തിന്റെ ഉപയോഗം, വ്യക്തിഗത ശുചിത്വമില്ലായ്മ എന്നിവയുമായി ഈ രോഗം ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ മിതമായത് മുതൽ കഠിനമായത് വരെയാകാം. പനി, അസ്വാസ്ഥ്യം, വിശപ്പില്ലായ്മ, വയറിളക്കം, ഓക്കാനം, വയറിലെ അസ്വസ്ഥത, ഇരുണ്ട നിറത്തിലുള്ള മൂത്രം, കണ്ണുകൾക്കുള്ളിലെ മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങൾ. കുട്ടികളെ അപേക്ഷിച്ച് പലപ്പോഴും പ്രായമായവരിൽ രോഗത്തിന്റെ തീവ്രത കൂടുതലായിരിക്കും. ശുദ്ധ ജലത്തിന്റെ ഉപയോഗം കൂട്ടുക, ഭക്ഷണത്തിന് മുമ്പും ശേഷവും എന്നപോലെ ശുചിമുറിയിൽ പോയതിനു ശേഷവും പതിവായി സോപ്പിട്ടോ ഹാൻഡ് വാഷ് ലിക്വിഡ് ഉപയോഗിച്ചോ കൈ കഴുകുക തുടങ്ങിയ വ്യക്തിഗത ശുചിത്വ ശീലങ്ങൾ വഴി ഹെപ്പറ്റൈറ്റിസ് എ തടയാം.

◆ഹെപ്പറ്റൈറ്റിസ് ബി (Hepatitis B)

കരളിനെ ബാധിക്കുന്ന ഈ രോഗം വിട്ടുമാറാത്ത തരത്തിലുള്ള ഒരു വൈറൽ അണുബാധയാണ്. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ജനന സമയത്ത് ഈ വൈറസ് പകരാറുണ്ട്. അതുപോലെ രോഗബാധിതനായ പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തിലൂടെയോ, രക്തവുമായോ മറ്റ് ശരീര സ്രവങ്ങളുമായോ ഉള്ള സമ്പർക്കം വഴിയോ, സുരക്ഷിതമല്ലാത്ത കുത്തിവയ്പ്പുകൾ, മെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗം വഴിയോ ഒക്കെ രോഗം പകരാം. ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം, ഇരുണ്ട മൂത്രം, ക്ഷീണം, ഓക്കാനം, ഛർദ്ദി , അടിവയറ്റിലെ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

◆ഹെപ്പറ്റൈറ്റിസ് സി (Hepatitis C)

കരളിനെ ബാധിക്കുന്ന ഒരു വൈറൽ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് സി. ഇത് ദീർഘകാല രോഗമായതിനാൽ തന്നെ ജീവന് തന്നെ ഭീഷണി ആയേക്കാം.രോഗബാധിതരുടെ രക്തവുമായുള്ള സമ്പർക്കത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ് സി പകരുന്നത്. സൂചികൾ അല്ലെങ്കിൽ സിറിഞ്ചുകൾ പങ്കിടുന്നതിലൂടെയോ സുരക്ഷിതമല്ലാത്ത മെഡിക്കൽ നടപടിക്രമങ്ങളിലൂടെയോ ഇത് സംഭവിക്കാം. പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, വയറുവേദന, ഇരുണ്ട മൂത്രം, ചർമ്മത്തിലോ കണ്ണുകളിലോ മഞ്ഞനിറം എന്നിവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. രോഗം വന്നതിനു ശേഷം ഉപയോഗിക്കുന്ന 'സിക്ക്' വാക്സിൻ ഇതിനില്ല. പക്ഷേ ആൻറിവൈറൽ മരുന്നുകൾ ഉപയോഗിച്ച് ഇത് ചികിത്സിക്കാം.

◆ഹെപ്പറ്റൈറ്റിസ് ഡി (Hepatitis D)

"ഡെൽറ്റ ഹെപ്പറ്റൈറ്റിസ്" എന്നും അറിയപ്പെടുന്ന ഹെപ്പറ്റൈറ്റിസ് ഡി, ഹെപ്പറ്റൈറ്റിസ് ബി വൈറസ് ബാധിച്ചവർക്ക് മാത്രമേ വരികയുളളു.

◆ഹെപ്പറ്റൈറ്റിസ് ഇ (Hepatitis E)

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമേറിയതാണ് ഹെപ്പറ്റൈറ്റിസ് ഇ. കാരണം ഹെപ്പറ്റൈറ്റിസ് ഇ പിടിപെടുന്നത് കൂടുതലും ഇന്ത്യകാർക്കാണ്. ഇത് ആദ്യമായി കണ്ടെത്തിയതും ഇന്ത്യയിലാണ്. എഴുപതുകളിലും എൺപതുകളിലും കശ്മീരിൽ തുടർച്ചയായി അനേകം പേർക്ക് മഞ്ഞപ്പിത്തം വരുകയും, സാംക്രമിക രോഗം പോലെ ഇത് പടർന്നു പിടിക്കുകയും ചെയ്തു. ഗർഭിണികളിൽ ഇത് പ്രത്യേകിച്ചും രൂക്ഷമാവുകയും ഗർഭസ്ഥ ശിശുക്കൾക്കും അമ്മമാർക്കും മരണകാരണമായി തീരുകയും ചെയ്തു. അതേക്കുറിച്ച് തുടർ പഠനങ്ങൾ നടത്തി, അതിൽ നിന്നാണ് ഹെപ്പറ്റൈറ്റിസ് ഇ പകരുന്നത് വെള്ളത്തിൽ കൂടിയാണെന്ന് കണ്ടെത്തിയത്. ഇന്ത്യയിൽ ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. കേരളത്തിൽ കൂടുതലായി കാണുന്നത് ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി എന്നിവയാണ്.

മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് രോഗംഎം ഒരു ലിവർ ഫംഗ്ഷൻ ടെസ്റ്റ് നടത്തുന്നത് വഴി വളരെ എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയും. മഞ്ഞപ്പിത്തം ഉണ്ടെങ്കിൽ എന്ത് കാരണം കൊണ്ടാണ് അത് വന്നത് എന്ന് കണ്ടെത്തുക പ്രധാനമാണ്.

'We are not waiting...' എന്ന ഈ വര്‍ഷത്തെ ഹെപ്പറ്റൈറ്റിസ് ഡേ പ്രതിജ്ഞ പോലെ കാത്തിരിക്കുന്നതെന്തിന്, ഹെപ്പറ്റൈറ്റിസ് രോഗ നിര്‍ണയത്തിലൂടെ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കൂ!

Related Articles
Next Story
Videos
Share it