മറവിരോഗത്തിലേക്ക് നയിക്കുന്ന അപകടകരമായ ഘടകങ്ങള്‍ തിരിച്ചറിയാം: ഡോ സുനേഷ് ഇ ആര്‍ എഴുതുന്നു, 'മറവിക്കുള്ളിലെ പുഞ്ചിരി'

മറവിരോഗം അഥവാ മേധക്ഷയം, ഇന്ന് വയോജനങ്ങളെ ബാധിക്കുന്ന ഈ അവസ്ഥ എന്താണ്? എന്തൊക്കെയാണ് ലക്ഷണങ്ങള്‍, എന്തൊക്കെയാണ് മറവിരോഗത്തിലേക്ക് നയിക്കുന്ന അപകടകരമായ ഘടകങ്ങള്‍, മറവി രോഗത്തെ എങ്ങനെ പരിഹരിക്കാം, മറവിരോഗിയെ എങ്ങനെ പരിചരിക്കാം....തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് ലോക മറവിരോഗ ദിനത്തില്‍ നമ്മളിലേക്ക് കടന്നു വന്നേക്കാവുന്ന ചിലത്.

എന്താണ് മറവിരോഗം

മസ്തിഷ്‌കത്തിലെ കോശങ്ങള്‍ ജീര്‍ണിക്കുകയും അവ നശിക്കുകയും ചെയ്യുമ്പോള്‍ മസ്തിഷ്‌ക ചുരുക്കം ഉണ്ടാകുന്നു. ഇത്തരത്തില്‍ ഒരു വ്യക്തിക്ക് തന്റെ ബോധ തലത്തിലും ഓര്‍മകളിലും ഉണ്ടാകുന്ന അവസ്ഥയാണ് മറവിരോഗം അഥവാ മേധക്ഷയം എന്നു പറയുന്നത്. മസ്തിഷ്‌കത്തിന്റെ ഏതുഭാഗത്താണ് മസ്തിഷ്‌ക ചുരുക്കം സംഭവിക്കുന്നത് എന്നതിനനുസരിച്ചാണ് മേധക്ഷയം വ്യത്യാസപ്പെടുന്നത്. ഇതില്‍ പ്രധാനമാണ് അല്‍ഷീമേഴ്‌സ് ഡിസീസ്(Alzheimer's Disease).

ആര്‍ക്കൊക്കെ വരാം

മറവിരോഗത്തിന്റെ കാരണങ്ങള്‍ (reasons behind memory loss ) പലതും ഇന്നും അജ്ഞാതമാണ്. എന്നിരുന്നാലും മറവിരോഗത്തിന്റെ പ്രധാനകാരണം പ്രായം തന്നെയാണ്. ഇന്ത്യയില്‍ മറവി രോഗത്തിന്റെ വ്യാപ്തി ഏതാണ്ട് 2.7% ആണ്. പ്രായം കൂടുംതോറും ഇതിന്റെ വ്യാപ്തി കൂടുന്നതായാണ് കാണപ്പെടുന്നത്. അതായത്, 85 വയസ്സിനുമുകളില്‍ ഇതിന്റെ വ്യാപ്തി 20 ശതമാനം ആണ്.

പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് ഒരു പത്തുവര്‍ഷത്തോളം കുറഞ്ഞ പ്രായത്തിലാണ് ഇന്ത്യയില്‍ ഈ രോഗത്തിന്റെ തുടക്കം കണ്ടുവരുന്നത്. ഇന്ത്യയില്‍ ശരാശരി 66 വയസ്സാണ് ഈ രോഗത്തിന്റെ തുടക്കം കണ്ടുവരുന്നത്.

മറ്റുഘടകങ്ങള്‍

പ്രായമായിക്കഴിഞ്ഞാല്‍ മറവിരോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ് രക്തസമ്മര്‍ദ്ദം, പ്രമേഹം, തലച്ചോറിനേല്‍ക്കുന്ന ക്ഷതങ്ങള്‍, മസ്തിഷ്‌കാഘാതം, പുകവലി എന്നിവ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് മറവിരോഗം അധികമായി കാണപ്പെടുന്നത്.

മറവിരോഗത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഘടകങ്ങള്‍

വിദ്യാഭ്യാസം

മാനസികോല്ലാസങ്ങളുണ്ടാക്കുന്ന വിനോദങ്ങള്‍, വ്യായാമങ്ങള്‍

സമീകൃതാഹാരം

ലക്ഷണങ്ങള്‍

മറവിരോഗം സാവധാനമായിരിക്കും പലരിലും കടന്നുവരുന്നത്. പലപ്പോഴും പലരും പ്രായത്തെ പഴിചാരി അവയെ നിസ്സാരവല്‍ക്കരിക്കാറുണ്ട്. പ്രധാനമായും മറവിരോഗം ബാധിക്കുന്നത് നമ്മുടെ എപ്പിസോഡിക് മെമ്മറി അഥവാ സമയവുമായി ബന്ധപ്പെട്ട വിവരങ്ങളെയാണ്. രോഗം പുരോഗമിക്കുന്തോറും വ്യക്തിയുടെ സ്വഭാവത്തിലും പെരുമാറ്റങ്ങളിലും അത് കണ്ടുതുടങ്ങും. ചിലരില്‍ ശാന്തത പ്രകടമാകുമ്പോള്‍ ചിലര്‍ക്ക് അനിയന്ത്രിതമായ വികാരങ്ങളാകും.

മറവിരോഗത്തിന് ചികിത്സയുണ്ടോ?

മസ്തിഷ്‌ക കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കില്ലെന്നിരിക്കെ മറവിരോഗത്തിന് ചികിത്സ ഫലപ്രദമെന്ന് പറയാനാകില്ല. എന്നിരുന്നാലും എല്ലാമറവി രോഗങ്ങളും ചികിത്സ ഇല്ലാത്തവയല്ല. ഉദാഹരണമായി ചില ജീവകങ്ങളുടെ കുറവുകള്‍ (VitBiz, Thiamine) തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യങ്ങള്‍, വിഷാദരോഗം കൊണ്ടുണ്ടാകുന്ന മറവിരോഗം(pseudo dementia) എന്നിവ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം.

മറവിരോഗികളുടെ പരിചരണം

മറ്റേതൊരു രോഗികളെ പോലെയും മറവിരോഗികളും പ്രത്യേക പരിചരണം അര്‍ഹിക്കുന്നവരാണ്. അവരുടെ അവസ്ഥ മനസ്സിലാക്കി വിദഗ്ധ ചികിത്സയും പരിചരണവും നല്‍കണം.

മറവിരോഗ പരിചരണത്തിലെ വെല്ലുവിളികള്‍

ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളില്‍ മറവിരോഗത്തിന്റെ ഗൗരവം മനസ്സിലാക്കാത്തതും മറവിരോഗികള്‍ പരിഹാസപാത്രങ്ങളാകുന്നതും സര്‍വസാധാരണമാണ്. എന്നാല്‍ രോഗ പരിചരണത്തിലെ വെല്ലുവിളികള്‍ അറിയേണ്ടതുണ്ട്.

വ്യക്തമായ അവബോധമില്ലായ്മ

സാമ്പത്തിക ശേഷിയുടേയും മാനവശേഷിയുടെയും അഭാവം

Care giver burn out, അഥവാ പരിചാരകരുടെ മാനസികവും ശാരീരികവുമായ മടുപ്പ്.

മറവിരോഗികളുടെ പരിചരണം എങ്ങനെ യാഥാര്‍ത്ഥ്യമാക്കാം അഥവാ അവരില്‍ എങ്ങനെ പുഞ്ചിരി വിരിയിക്കാം, ഇതാ നോക്കാം:

2022 അല്‍ഷീമേഴ്‌സ് രോഗദിനത്തിന്റെ പ്രമേയം തന്നെ രോഗത്തെക്കുറിച്ച് അറിയുക, അഴബോധം സൃഷ്ടിക്കുക എന്നതാണ്. രോഗത്തെക്കുറിച്ച് അറിയുകയും രോഗികളെ എങ്ങനെ പരിചരിക്കണമെന്ന് പരിശീലനം നല്‍കുകയും വഴി നമുക്ക് ഒരു കൂട്ടായ്മ തന്നെ സൃഷ്ടിക്കാം.

ഈ കൂട്ടായമയിലൂടെ നമ്മുടെ സമൂഹത്തിലെ ഇത്തരം രോഗികളെ പരിചരിക്കാനുള്ള പ്രാവീണ്യം ആര്‍ജിക്കാം. മറവിരോഗികളുടെ പരിചാരകരെ Care taker burn out വരാതിരിക്കാനും ശ്രദ്ധിക്കാം.

കൃത്യമായ അവബോധത്തിലൂടെയും പരിശീലനത്തിലൂടെയും സാമൂഹിക കൂട്ടായ്മയിലൂടെയും മറവിരോഗികളുടെ പരിചരിണം നമുക്ക് ആയാസകരമാക്കിമാറ്റാം. മറവിക്കുള്ളില്‍ ഒരു പുഞ്ചിരി വിടര്‍ത്താന്‍ ഒരു വ്യക്തിയേക്കാളുപരി ഒരു സമൂഹത്തിനു കഴിയും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it