ആര്‍ടിപിസിആര്‍, ആന്റിജന്‍, ആന്റിബോഡി ടെസ്റ്റ്: കോവിഡ് കണ്ടെത്താനുള്ള വിവിധ ടെസ്റ്റുകള്‍ അറിയാം
കോവിഡ് രോഗനിര്‍ണയത്തിനായി നടത്തുന്ന വിവിധ ടെസ്റ്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ പലര്‍ക്കും ഇപ്പോഴും അപരിചിതമാണ്. സ്രവം എടുത്തുള്ള ടെസ്റ്റ് ആണ് ആര്‍ടിപിസിആര്‍. അതേസമയം ആര്‍ടിപിസിആറിനെക്കാളും ചെലവ് കുറഞ്ഞ മാര്‍ഗമാണ് ആന്റിജന്‍ ടെസ്റ്റ്. എന്നാല്‍ ഇവ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. അണുബാധയ്ക്ക് എതിരേ പ്രവര്‍ത്തിക്കുന്ന ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തുന്നതാണ് സീറോളജി അഥവാ ആന്റി ബോഡി ടെസ്റ്റ്. ഇതും രോഗ നിര്‍ണയത്തില്‍ പ്രധാനം തന്നെ. കോവിഡ് ടെസ്റ്റുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ അറിയാം.
ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റ്
കോവിഡ് 19 സ്ഥിരീകരിക്കാന്‍ പൊതുവായി ഉപയോഗിക്കുന്ന പരിശോധനയാണ് ആര്‍.ടി. പി.സി.ആര്‍. തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ നിന്നും എടുക്കുന്ന മ്യൂക്കസ് സ്രവത്തില്‍ വൈറസിന്റെ ആര്‍.എന്‍.എയുടെ സാന്നിധ്യം നിര്‍ണയിക്കുകയാണ് ഈ ടെസ്റ്റില്‍ പ്രധാനമായും ചെയ്യുന്നത്. വൈറസ് ശരീരത്തില്‍ ഉണ്ടെന്ന് കണ്ടെത്തുന്നത് ഈ RNA യുടെ സാന്നിധ്യം വഴിയായതിനാല്‍ ഭൂരിപക്ഷം പേരിലും ഈ ടെസ്റ്റ് കൃത്യമായ ഫലം നല്‍കുന്നു. വൈറസിന്റെ ആര്‍.എന്‍.എയുടെ ചിതറിക്കിടക്കുന്ന കഷണങ്ങളുടെ സാന്നിധ്യം പോലും ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റിലൂടെ കണ്ടെത്താനാകും. ആക്റ്റീവ് ആയ വൈറസ് ശരീരത്തില്‍ ഇല്ലെങ്കിലും പരിശോധനാ ഫലം ചിലപ്പോള്‍ പോസിറ്റീവ് കാണിക്കുമെന്നാണ് ഇതിനര്‍ഥം. രോഗം വന്നു പോയവരിലും ആര്‍ടിപിസിആര്‍ ഫലം പോസിറ്റീവ് ആയേക്കാം.
ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റിന് പല ഘട്ടങ്ങള്‍ ഉള്ളതിനാല്‍ കൃത്യതയില്‍ ചിലപ്പോള്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവാനും സാധ്യതയുണ്ട്.ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന്റെ അല്പം കൂടി എളുപ്പമുള്ള വേര്‍ഷനുകള്‍ ആണ്് CB-NAAT, True NAT എന്നിവ.
റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ്
ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിനെക്കാള്‍ ചെലവ് കുറഞ്ഞ രീതിയാണ് ആന്റിജന്‍ ടെസ്റ്റ്. തുല്യമല്ലെങ്കിലും ഏകദേശം പകരം ഉപയോഗിക്കാവുന്ന ഒന്നാണ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ്. പെട്ടെന്നുള്ള രോഗം നിര്‍ണയത്തിന് ആന്റിജന്‍ ടെസ്റ്റാണ് ഉപയോഗിക്കുന്നത്. ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ ലഭ്യമാവുന്നതുമായ ടെസ്റ്റ് ആണിത്. ഈ ടെസ്റ്റ് പോസിറ്റീവായാല്‍ ആ വ്യക്തിയ്ക്ക് ഉറപ്പായും രോഗമുണ്ടായിരിക്കും. അതായത് false positive സാധ്യത തീരെ ഇല്ല. രോഗമുണ്ടായിട്ടും ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ട് തരുന്നതിനാണ് false negative എന്നു പറയുന്നത്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ്, ആര്‍.ടി.പി.സി.ആര്‍. പോലെ സെന്‍സിറ്റീവ് അല്ല. അതിനാല്‍ തന്നെ പരിശോധനാഫലം നെഗറ്റീവ് കാണിച്ചാല്‍ ആ വ്യക്തിയ്ക്ക് അണുബാധ ഇല്ല എന്ന് നൂറു ശതമാനം ഉറപ്പിക്കാനാവില്ല. രോഗ ലക്ഷണങ്ങളില്ലാത്ത കോവിഡ് സ്ശയിക്കുന്ന രോഗികള്‍ക്ക് ആര്‍ടിപിസിആര്‍ തന്നെ പലപ്പോഴും ഫലപ്രദം.
സീറോളജി ടെസ്റ്റ് അഥവാ ആന്റി ബോഡി ടെസ്റ്റ്
ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തുന്നതാണ് സീറോളജി ടെസ്റ്റിംഗ് (serology). അതായത് ബാക്ടീരിയയോ വൈറസോ മൂലം ശരീരത്തില്‍ എന്തെങ്കിലും അണുബാധകളുണ്ടായാല്‍ ശരീരം അതിനെതിരെ ആന്റിബോഡികളെ ഉത്പാദിപ്പിക്കും. എല്ലാ ആന്റിബോഡികളും ഭാവിയില്‍ വരാനുള്ള അണുബാധകളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്‍കില്ല. എങ്കിലും ഒരു വ്യക്തിയുടെ ശരീരത്തില്‍ കാണപ്പെടുന്ന ആന്റിബോഡികളുടെ സാന്നിധ്യം അടുത്തിടെ ആ വ്യക്തിയ്ക്ക് അണുബാധയേറ്റിരുന്നു എന്നതിന്റെ ഒരു സൂചനയായി കാണാം.
സജീവമായ അണുബാധയുള്ള കേസുകള്‍ കണ്ടത്താന്‍ സീറോളജി സാധാരണ പ്രയോഗിക്കുന്ന ഒരു ടെസ്റ്റ് അല്ല. കാരണം, അണുബാധയുടെ ആദ്യഘട്ടങ്ങളില്‍ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കും. ആന്റിബോഡികള്‍ ഉണ്ടാകാന്‍ ഏതാനും ദിവസങ്ങള്‍ വേണ്ടിവരുമെന്നതാണ് ഇതിന് കാരണം.
എന്നാല്‍ പലരിലും പലതരം അണുബാധകള്‍ പലതരത്തിലാണ് പ്രതികരിക്കുക. ദീര്‍ഘകാല പ്രതിരോധം നല്‍കുന്നവയല്ല പൊതുവേ കൊറോണ വൈറസിന് എതിരായ പ്രതിരോധശേഷി. സാധാരണയായി കാണപ്പെടുന്ന ജലദോഷ അണുബാധയ്ക്ക് കാരണമായ കൊറോണ വൈറസ് നാലുതരത്തിലുണ്ട്. HCOV, OC43,NL63,229E,HKU-1 എന്നിവയാണവ. ഇവ ഏതാനും മാസങ്ങളോ വര്‍ഷങ്ങളോ കൂടുമ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെടും. ഇത്തരം കൊറോണ വൈറസുകളില്‍ നിന്ന് നമുക്ക് സാധാരണ ജലദോഷ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അതിനര്‍ഥം നമുക്ക് അത് വീണ്ടും ഉണ്ടാവില്ല എന്നല്ല. പുതുതായി വന്ന SARS-coV-2 കൊറോണ വൈറസ് പഴയ വൈറസിന്റെ സമാന സ്വഭാവങ്ങള്‍ കാണിക്കാനിടയുണ്ട്.
വാക്‌സിന്‍ എടുത്തവര്‍ അറിയാന്‍
കോവിഡ് വാക്‌സിനുകള്‍ ആന്റിബോഡികളുടെ ഉത്പാദനം വഴി മനുഷ്യരില്‍ ഇമ്മ്യൂണ്‍ റെസ്‌പോണ്‍സിനെ ഉത്തേജിപ്പിക്കുന്നു. എന്നാല്‍ വാക്‌സിന്‍ എടുത്ത ശേഷം ആന്റിബോഡി ഉല്‍പാദിപ്പിച്ചു എന്നതു കൊണ്ടു മാത്രം ഭാവിയില്‍ സാര്‍സ് കോവ് 2 അണുബാധ ഉണ്ടാവില്ല എന്ന് 100 ശതമാനം ഉറപ്പു പറയാനാവില്ല. അതിനാല്‍ സുരക്ഷിതരായിരിക്കുക. വാക്‌സിനെടുത്തവരും രോഗബാധയുടെ സംശയം തോന്നിയാല്‍ ടെസ്റ്റുകള്‍ ഉറപ്പായും ചെയ്യുക.