കൂടുതല്‍ കാലം സന്തോഷത്തോടെ ജീവിക്കുന്നതിന്റെ രഹസ്യം


നമ്മളെല്ലാവരും കൂടുതല്‍ കാലം, അതും സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ കുറച്ചു പേര്‍ക്ക് മാത്രമേ അതിനു കഴിയാറുള്ളൂ. എന്താണ് ആളുകളെ സന്തോഷവാന്മാരാക്കുകയും കൂടുതല്‍ കാലം ജീവിപ്പിക്കുകയും ചെയ്യുന്നത്. അതിന് മാന്ത്രിക മരുന്നുകളൊന്നുമില്ല. ആളുകള്‍ സന്തോഷത്തോടെയും ദീര്‍ഘായുസോടെയും ജീവിക്കുന്ന, ലോകത്തെ അഞ്ചിടങ്ങളില്‍ താമസിച്ച് ഇതിനെക്കുറിച്ച് പഠിച്ച ഡാന്‍ ബ്യൂട്ട്നര്‍ക്കിന് ഇക്കാര്യത്തില്‍ പലതും പറയാനുണ്ട്.
അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയുടെ ഹിമാന്‍ഷി ധവാന് നല്‍കിയ അഭിമുഖത്തില്‍ ദീര്‍ഘായുസോടെ ജീവിക്കുന്നതിനുള്ള ചില രഹസ്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ദീര്‍ഘവും ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം ഉണ്ടാകുന്നതിനായി നമുക്ക് സ്വീകരിക്കാവുന്ന മാന്ത്രിക വഴികളൊന്നുമില്ല. ആരോഗ്യകരമായ ജീവിതത്തിനായുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായി ചെറിയ മാറ്റങ്ങള്‍ വരുത്തുകയെന്നതേ വേണ്ടൂ. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളിതാ...
* ജീവിതത്തിന്റെ ലക്ഷ്യബോധം തിരിച്ചറിയുക. നിങ്ങള്‍ എന്തിനാണ് രാവിലെ ഉണരുന്നതെന്ന് അറിഞ്ഞിരിക്കണം.
* ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച ആളുകള്‍ അവരുടെ പരിസരങ്ങളില്‍ സ്വാഭാവികമായി ഏറെ നടന്നിരുന്നവരാണ്. കൂടുതല്‍ നടക്കുക.
* ടി.വിക്ക് മുന്നിലിരുന്നല്ല, കുടുംബവുമൊത്ത് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് അത്താഴം കഴിക്കുക.
* നിങ്ങളുടെ കുടുംബം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സസ്യാധിഷ്ഠിത ഇനങ്ങള്‍ കണ്ടെത്തി അത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
* നിങ്ങളുടെ വയര്‍ 80 ശതമാനം നിറഞ്ഞിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുക. വൈകിട്ട് ഏറ്റവും കുറച്ച് ഭക്ഷണം കഴിക്കുക. അതിനു ശേഷം ആ ദിവസം ഭക്ഷണം കഴിക്കാതിരിക്കുക.
* ഉപ്പുള്ള സ്നാക്സും മധുരമുള്ള പാനീയങ്ങളും ഒഴിവാക്കുക. നട്ട്സ് ഉള്‍പ്പെടെ പഴങ്ങളും പച്ചക്കറികളും പകരം കഴിക്കുക.
* മാംസം കുറച്ചു കഴിക്കുക.
* നിങ്ങള്‍ മദ്യം കഴിക്കുകയാണെങ്കില്‍, സുഹൃത്തുക്കളോടൊപ്പം മിതമായ അളവില്‍ കഴിക്കുക. വൈനാണ് നല്ലത്.
* ആരോഗ്യകരമായ ശീലങ്ങളുള്ള സമൂഹത്തിനൊപ്പം ജീവിക്കുക.
* നിങ്ങളുടെ കുടുംബത്തിന് മുന്‍ഗണന നല്‍കുകയും നിങ്ങളുടെ പ്രായമായ മാതാപിതാക്കളെയും മുത്തശ്ശി-മുത്തച്ഛന്‍മാരെയും വീട്ടില്‍ താമസിപ്പിക്കുകയും വേണ്ട വിധത്തില്‍ പരിചരിക്കുകയും ചെയ്യുക.
അവര്‍ കുട്ടികള്‍ക്കുവേണ്ടി സ്‌നേഹവും സമയവും ചെലവഴിക്കും. നിങ്ങളെ ഭാവിയില്‍ നോക്കാന്‍ കുട്ടികള്‍ക്ക് ഇതൊരു പ്രേരണയാകും.
നിങ്ങളുടെ ജീവിതത്തില്‍ ക്രിയാത്മകമായ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിവുള്ള ചെറിയ ചുവടുകളാണിത്. സന്തോഷത്തോടെ കൂടുതല്‍ കാലം ജീവിക്കുന്നതിനായി ഇന്നുതന്നെ ഇവ ശീലമാക്കുക.
Related Articles
Next Story
Videos
Share it