ദിവസം മുഴുവനും ഉന്മേഷത്തോടെ ജോലി ചെയ്യാന്‍ നിങ്ങളെ സഹായിക്കും ഈ ശീലങ്ങള്‍

രാവിലെ മുതല്‍ വൈകുന്നേരം വരെ സ്‌ട്രെസ് തരുന്ന ജോലിയാണ് എന്നു പരാതി പറയുന്നവര്‍ നിരവധിയാണ്. ജോലിയിലെ മടുപ്പിനെക്കുറിച്ചും ടെന്‍ഷനെക്കുറിച്ചും ചിലര്‍ ദിവസം മുഴുവന്‍ പറഞ്ഞു കൊണ്ടേ ഇരിക്കും. നിങ്ങളുടെ ചിന്തകളാണ് മാറ്റേണ്ടത്. നിങ്ങളുടെ ബുദ്ധി കേന്ദ്രത്തിലെ ഓരോ ചിന്തകളും നിങ്ങളുടെ ആന്തരിക അവയവങ്ങളിലേക്ക് പോലും സന്ദേശമായി എത്തുമെന്നാണ് യോഗാചാര്യന്മാര്‍ പറയുന്നത്. അതിനാല്‍ ചെയ്യുന്ന ജോലികള്‍ സ്‌നേഹത്തോടെ ഉന്മേഷത്തോടെ ചെയ്യണമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഉന്മേഷം നില നിര്‍ത്താന്‍ എന്താണ് ചെയ്യേണ്ടത്. ഇതാ ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്താന്‍ ചില പൊടിക്കൈകള്‍.


നേരത്തെ ആരംഭിക്കാം

ഒരു ദിവസം നേരത്തെ ആരംഭിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് നിരവധി പ്രശസ്തര്‍ തങ്ങളുടെ ജീവിതോദാഹരണങ്ങള്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ എഴുന്നേറ്റ് പ്രഭാതത്തിലെ ശാന്തത അനുഭവിക്കുകയും വ്യയാമങ്ങളും നടത്തവും പോലുള്ളവ ശീലമാക്കുന്നതോടൊപ്പം അന്നേ ദിവസത്തേക്കുള്ള പ്ലാനിംഗും നടത്താമെന്നതാണ് സത്യം. നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്നത് ശീലമാക്കണം.

വ്യായാമം പുറത്ത്

ശരീരത്തിലെ എന്‍ഡോര്‍ഫിനുകളെ ഉത്തേജിപ്പിക്കാനും രോഗ പ്രതിരോധ ശേഷിക്കും ഉന്മേഷത്തിനും ഇളം വെയിലും കാറ്റും കൊണ്ടുള്ള നടത്തം സഹായിക്കും. അത് പോലെ വീടിന് പുറമെ ഉള്ള വ്യായാമങ്ങളിലേര്‍പ്പെടുന്നവര്‍ വീടിനുള്ളില്‍ വ്യായാമം ചെയ്യുന്നവരെക്കാള്‍ സന്തോഷവാന്മാരാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

കഫീന്‍ ഉപയോഗം

കഫീന്‍ അടങ്ങിയ കോഫിയോ മറ്റ് പാനീയങ്ങളോ നിങ്ങളെ ഫ്രഷ് ആക്കുമെന്നതാണ് പൊതുവെയുള്ള വിശ്വാസമെങ്കിലും ഇത് നിങ്ങളെ മടിയനാക്കും. സ്റ്റിമുലന്റ് ആയി പ്രവര്‍ത്തിക്കുന്ന അതേ കഫീന്‍ തന്നെ നിങ്ങളുടെ ശരീരത്തെ കൂടുതല്‍ കഫീന്‍ കഴിക്കാന്‍ പ്രേരിപ്പിക്കുമെന്നും ഇത് സ്‌ട്രെസ് കൂട്ടുമെന്നും തലവേദന വരുത്തുമെന്നും രക്ത സമ്മര്‍ദ്ദം പോലും ഉയര്‍ത്തുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. രാത്രിയില്‍ സുഗമമായ ഉറക്കം കിട്ടാനും ഇത് തടസ്സമാകും.

വെള്ളം കുടിയുടെ അനുപാതം

ശരീരത്തിന്റെ ഉന്മേഷത്തില്‍ വലിയ പങ്കുവഹിക്കുന്നതാണ് ജലാംശം എന്നത്. നിങ്ങളുടെ ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ ക്ഷീണമനുഭവപ്പെടുകയും ജോലി ചെയ്യാനുള്ള ഉന്മേഷം നഷ്ടപ്പെടുകയും ചെയ്യും. ശരിയായ അളവില്‍ വേണം വെള്ളം കുടിക്കാന്‍. ചായ, കാപ്പി, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് എന്നിവ കുറച്ച് വെള്ളം കുടി കൂട്ടാം. ജോലി ചെയ്യുന്നിടത്ത് തന്നെ വെള്ളം കുപ്പി വയ്ക്കുന്നതാണ് ഉചിതം. രണ്ട് ലിറ്ററിലധികം വെള്ളം കുടിക്കുന്നത് ചിലര്‍ക്ക് ബ്ലോട്ടിംഗിന് കാരണമാകാം. ശരീരം നീരു വയ്ക്കുന്ന ശീലമുള്ളവരും കിഡ്‌നി സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും ഡോക്ടറോട് ഉപദേശം തേടണം.

പവര്‍ നാപ്

ദിവസം മുഴുവന്‍ ജോലി ചെയ്യുന്ന പലരും ശീലിക്കുന്ന ഒന്നാണ് പവര്‍ നാപ് അഥവാ ഒരു കുഞ്ഞുറക്കം. ഉച്ചകഴിഞ്ഞ് 10 മുതല്‍ 30 മിനിട്ട് വരെ ചെറു ഉറക്കം കിട്ടുന്നത് നിങ്ങളെ ഉന്മേഷവാന്മാരാക്കുമെന്നാണ് പഠനം പറയുന്നത്. ഈ സമയം അധികമാകരുതെന്നു മാത്രം.

മള്‍ട്ടി വിറ്റാമിനുകള്‍

അയണ്‍ കുറവുള്ളവര്‍ക്കും അനീമിയാക് ആയവര്‍ക്കും ക്ഷീണം മാറാന്‍ ഡോക്ടറുടെ നിര്‍ദേശത്തോടെ മള്‍ട്ടി വിറ്റാമിനുകള്‍ എടുക്കാം.

പുകവലിയും മദ്യപാനവും

പുകവലിയും മദ്യപാനവും ശീലമാക്കിയവരില്‍ പ്രൊഡക്റ്റിവിറ്റി കുറവായതായാണ് പല ആരോഗ്യ സര്‍വേകളും കണ്ടെത്തിയിട്ടുള്ളത്. കഫീന്‍ പോലെ തന്നെ പുകവലിയില്‍ നിന്നുള്ള നിക്കോട്ടിന്‍ അല്‍പ്പ സമയത്തിനു ശേഷം ശരീരത്തില്‍ വിപരീതമായ പ്രവര്‍ത്തനം നല്‍കുന്നു. അതിനാല്‍ പുകവലി ഉപേക്ഷിക്കാന്‍ ശ്രമിക്കാം. മദ്യപാനം ശീലമാക്കിയവരും കഴിക്കുന്ന മദ്യത്തിന്റെ അളവ് ഏറ്റവും കുറഞ്ഞ അളവിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച് വ്യായാമം കൂട്ടുന്നത് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കും. ഇതിന് ഒരു ട്രെയ്‌നറുടെ സഹായം തേടാം.

ഉറക്കം ക്രമീകരിക്കല്‍

ഒരേ സമയത്ത് ഉറങ്ങാന്‍ പോകുന്നത് ഉന്മേഷം നിറയ്ക്കുന്ന ദിവസങ്ങള്‍ നല്‍കും. ഉറങ്ങുന്നതിനും ഉണരുന്നതിനും സ്വയം ഒരു ടൈം ടേബിള്‍ ഉണ്ടാക്കി നോക്കൂ. അത് പോലെ തന്നെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം. കിടക്കയിലേക്കെത്തും മുമ്പ് അകദേശം 30 മിനിട്ട് മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ പോലുള്ള ഗാഡ്ജറ്റുകളുടെ ഉപയോഗം നിര്‍ത്തണം. ഉറങ്ങാന്‍ വൃത്തിയുള്ള ശരീരത്തിന് ശരിയായ വിശ്രമം നല്‍കുന്ന കിടക്കയുപയോഗിക്കുക. മുറിയിലെ വെളിച്ചവും ക്രമീകരിക്കുക.


Related Articles
Next Story
Videos
Share it