വണ്ണം കുറയ്ക്കാന്‍ ഹോളിവുഡിന്റെ പ്രിയ മരുന്ന് വാങ്ങിക്കൂട്ടി ഇന്ത്യന്‍ സമ്പന്നര്‍

ഒസെംപിക്, മോണ്‍ജാരോ, വീഗോവി - സ്ഥലപ്പേരുകളല്ല, വിലയേറിയ മൂന്ന് മരുന്നുകളാണ്. ഹോളിവുഡിലെ സൂപ്പര്‍താരങ്ങളും ലോകത്തെ ഏറ്റവും സമ്പന്നനും ടെസ്‌ല മേധാവിയുമായ എലോണ്‍ മസ്‌കും മറ്റും ഉപയോഗിക്കുന്ന മരുന്നുകള്‍. ലക്ഷ്യം ഒന്നേയുള്ളൂ, ശരീരഭാരവും വണ്ണവും കുറച്ച് നല്ല 'ഫിറ്റ് ബോഡി' ഉറപ്പാക്കുക. കുത്തിവയ്പ്പിലൂടെ (ഇന്‍ജക്ഷന്‍) ഉപയോഗിക്കുന്ന മരുന്നുകളാണിവ.

ഇപ്പോഴിതാ, ഇന്ത്യയിലെ സമ്പന്നരും ഇവരെ മാതൃകയാക്കി ഈ മരുന്നുകള്‍ വാങ്ങിക്കൂട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മരുന്നുകളില്‍ പലതും ഇന്ത്യയില്‍ കിട്ടാത്തതാണ്; വിദേശത്ത് നിന്ന് വാങ്ങിയാണ് ഉപയോഗം. നിരവധി പേരാണ് ഈ മരുന്നുകളുടെ ഗുണവും ദോഷവും അന്വേഷിച്ചെത്തുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒസെംപിക് ഇന്‍ജക്ഷനാണ് ഏറ്റവും പ്രിയം; ശരീരഭാരം അതിവേഗം കുറയുമെന്നതാണ് കാരണം. അമേരിക്കയില്‍ ഒറ്റ ഡോസിന് 900 ഡോളര്‍ (ഏകദേശം 75,000 രൂപ) വിലവരുന്ന മരുന്നാണിത്.
പ്രമേഹത്തിന്റെ മരുന്ന്!
ഈ മരുന്നുകളുടെ യഥാര്‍ത്ഥ ഉദ്ദേശ്യം ഉപയോക്താക്കള്‍ മനസ്സിലാക്കിയിട്ടുണ്ടോയെന്ന് സംശയമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒസെംപിക് (Ozempic), വീഗോവി (Wegovy) എന്നിവ അമേരിക്കയില്‍ നിന്നും മോണ്‍ജാരോ (Mounjaro) ദുബൈയില്‍ നിന്നുമാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
ഇതില്‍ ശരീരഭാരം കുറയ്ക്കുന്നതിന് ഉപയോഗിക്കാന്‍ അമേരിക്കന്‍ ഔഷധ നിയന്ത്രണ അതോറിറ്റിയായ യു.എസ് എഫ്.ഡി.എയുടെ അംഗീകാരമുള്ളത് വീഗോവിക്ക് മാത്രമാണ്. ഒസെംപിക്കും മോണ്‍ജാരോയും പ്രമേഹത്തിനുള്ള (ടൈപ്പ്-2 ഡയബീറ്റിസ്) മരുന്നുകളാണ്. ഇന്ത്യയിലെ ഡോക്ടര്‍മാര്‍ പ്രമേഹത്തിന് ഈ മരുന്നുകള്‍ നിര്‍ദേശിക്കാറില്ല; അതിനാല്‍ ഇന്ത്യയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ ഇവ ലഭ്യവുമല്ല. ഒസെംപിക്കും വീഗോവിയും 15 ശതമാനം വരെ ഭാരം കുറയാന്‍ സഹായിക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍.
ഇവരാണ് ഈ മരുന്ന് പ്രിയര്‍
ക്യാമറയ്ക്ക് മുന്നില്‍ 'നല്ല അസ്സല്‍ ലുക്ക്' വേണമെന്ന് ആഗ്രഹിക്കുന്ന സെലബ്രിറ്റികള്‍, ശരീരഭാരം കുറയ്ക്കാനുള്ള സ്വാഭാവിക ശ്രമങ്ങള്‍ പരാജയപ്പെട്ടവര്‍, വിവാഹ ജീവിതത്തിലേക്ക് ഉടന്‍ കടക്കാന്‍ ശ്രമിക്കുന്നവര്‍ - ഇവരാണ് പ്രധാനമായും ഈ മരുന്നുകളുടെ പ്രിയ ഉപയോക്താക്കള്‍.
ഒസെംപിക്കും വീഗോവിയും ഡാനിഷ് (ഡെന്മാര്‍ക്ക്) ഫാര്‍മ കമ്പനിയായ നോവോ നോര്‍ഡിസ്‌ക് (Novo Nordisk) നിര്‍മ്മിക്കുന്നതാണ്. അമേരിക്കയിലെ ഇന്ത്യാനയിലുള്ള ഏലി ലില്ലി (Eli Lilly) കമ്പനിയാണ് മോണ്‍ജാരോയുടെ നിര്‍മ്മാതാക്കള്‍.
ഉപയോഗം നിറുത്താനാവില്ല
ഈ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ പെപ്‌റ്റൈഡ്-1 എന്ന പ്രത്യേക ഹോര്‍മോണ്‍ സൃഷ്ടിക്കപ്പെടും. വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകളാണിവ.
അതേസമയം, ഈ മരുന്നുകളുടെ ഉപയോഗം നിറുത്തിയാല്‍ അതിവേഗം ശരീരഭാരം കൂടുകയും ചെയ്യും. ആയതിനാല്‍, മരുന്നുകള്‍ ഉപയോഗിച്ച് കൊണ്ടേയിരിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവയുടെ ഉപയോഗം വൃക്കരോഗം ഉള്‍പ്പെടെ ദീര്‍ഘകാല പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയില്‍ 'ഭക്ഷണച്ചെലവ്' കുറയുന്നു
വിശപ്പ് നിയന്ത്രിച്ച് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒസെംപിക്, വീഗോവി മരുന്നുകളുടെ പ്രിയം ഏറിയതോടെ അമേരിക്കക്കാര്‍ ഭക്ഷ്യോത്പന്നങ്ങള്‍ വാങ്ങാന്‍ ചെലവിടുന്ന തുക വന്‍തോതില്‍ കുറയുകയാണെന്ന് ഏറ്റവും വലിയ റീട്ടെയിലര്‍മാരായ വോള്‍മാര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉപയോക്താക്കളുടെ വാര്‍ഷിക ഷോപ്പിംഗ് ലിസ്റ്റുകള്‍ വിലയിരുത്തിയാണ് വോള്‍മാര്‍ട്ട് ഇത് കണ്ടെത്തിയത്‌.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it