കരളിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കാം, ഒഴിവാക്കാം ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍

ഒരു വ്യക്തിയുടെ പൂര്‍ണാരോഗ്യത്തിന് കരളിന്റെ ആരോഗ്യം അതിനിര്‍ണായകമാണ്. കാരണം ശരീരത്തിലെ നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങളില്‍ കരള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദോഷകരമായ പദാര്‍ത്ഥങ്ങളിലെ വിഷാംശം ഇല്ലാതാക്കുക, ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങള്‍ സംസ്‌കരിക്കുക, വിറ്റാമിനുകളും ധാതുക്കളും സംഭരിക്കുക, ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുക എന്നിവയാണ് കരള്‍ നിര്‍വഹിക്കുന്ന പ്രധാന ധര്‍മങ്ങള്‍. അമിതമായ അളവില്‍ മദ്യം കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മദ്യമുള്‍പ്പെടെ ഏത് ഭക്ഷണത്തെയും ഉപോല്‍പ്പന്നങ്ങളാക്കി വിഘടിപ്പിക്കാന്‍ സഹായിക്കുന്ന ജോലി നിര്‍വഹിക്കുന്നത് കരള്‍ ആയതിനാല്‍ അമിതമായ മദ്യപാനം വിഘടന പ്രക്രിയ തടസ്സപ്പെടുത്തുകയും അത് വിവിധ കരള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

മദ്യത്തോടൊപ്പം, കരളിന്റെ ആരോഗ്യത്തെ മോശമാക്കുന്ന മറ്റ് പല ഭക്ഷണപാനീയങ്ങളും ഉണ്ട്. ഇവ ഒഴിവാക്കുകയോ ഉപയോഗം കുറയ്ക്കുകയോ ചെയ്യുന്നത് കരളിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നു ചില ഭക്ഷണങ്ങള്‍:

1. ശീതളപാനീയങ്ങള്‍

ശീതള പാനീയങ്ങളില്‍ (Carbonated Drinks/tinned juices) ഉയര്‍ന്ന അളവില്‍ പഞ്ചസാരയോ കൃത്രിമ മധുരമോ അടങ്ങിയിട്ടുണ്ട്. ഇവയുടെ പതിവ് ഉപയോഗം ശരീരഭാരം, പ്രമേഹം, ഫാറ്റി ലിവര്‍ എന്നിവയ്ക്ക് കാരണമാകും. അധിക പഞ്ചസാര കരളില്‍ കൊഴുപ്പായി സംഭരിക്കപ്പെടുകയും ഇത് കരള്‍ വീക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

2. വറുത്ത ഭക്ഷണങ്ങള്‍

എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകുന്നു. ഈ കൊഴുപ്പുകള്‍ കരളില്‍ അടിഞ്ഞുകൂടുകയും കാലക്രമേണ വീക്കം സംഭവിക്കുന്നതിനും, കരള്‍ തകരാറിലാകാനും കാരണമാകുന്നു.

3. സംസ്‌കരിച്ച മാംസം

സോസേജ്, ഹോട്ട് ഡോഗ്, ഡെലി മീറ്റ് തുടങ്ങിയ സംസ്‌കരിച്ച മാംസങ്ങളില്‍ ഉയര്‍ന്ന അളവില്‍ അഡിറ്റീവുകള്‍, പ്രിസര്‍വേറ്റീവുകള്‍, അനാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പതിവ് ഉപഭോഗം NAFLD, കരള്‍ ക്യാന്‍സര്‍ എന്നിവയുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

4. ഉയര്‍ന്ന സോഡിയം അടങ്ങിയ ഭക്ഷണങ്ങള്‍

ടിന്നിലടച്ച സൂപ്പുകള്‍, സംസ്‌കരിച്ച ലഘുഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ പോലുള്ള സോഡിയം കൂടുതലുള്ള ഭക്ഷണങ്ങള്‍ കരള്‍ തകരാറിന് കാരണമാകും. അമിതമായ സോഡിയം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

5. ട്രാന്‍സ്ഫാറ്റുകള്‍

കുക്കീസ്, പേസ്ട്രീസ്, ഉരുളക്കിഴങ്ങ് ചിപ്സ് തുടങ്ങിയ പല ഭക്ഷണങ്ങളിലും കാണപ്പെടുന്ന കൃത്രിമമായി ഉല്‍പ്പാദിപ്പിക്കുന്ന കൊഴുപ്പുകളാണ് ട്രാന്‍സ് ഫാറ്റുകള്‍. ഈ കൊഴുപ്പുകള്‍ കരള്‍ വീക്കം ഉണ്ടാക്കുന്നു.

6. ഉയര്‍ന്ന ഫ്രക്ടോസ് കോണ്‍ സിറപ്പ്

പഞ്ചസാരയുടെ ഒരു രൂപമായ ഫ്രക്ടോസ് കോണ്‍ സിറപ്പ് അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കരള്‍ തകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതമായ ഫ്രക്ടോസ് ഉപഭോഗം കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനും NAFLD ഉണ്ടാകാനും കാരണമാകുന്നു.

കരള്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി മദ്യപാനം പൂര്‍ണമായും ഒഴിവാക്കുക.

ശരീരഭാരം നിയന്ത്രിക്കാന്‍ ശാരീരിക വ്യായാമത്തില്‍ ഏര്‍പ്പെടുക.

ഓരോ വര്‍ഷവും 20 ലക്ഷത്തോളം പേരാണ് കരള്‍രോഗം മൂലം മരണമടയുന്നത്. ഇന്ത്യയില്‍ അഞ്ചില്‍ ഒരാള്‍ എന്ന തോതില്‍ കരള്‍രോഗികള്‍ ഉണ്ട്. മിക്ക കരള്‍ രോഗങ്ങളും ഒഴിവാക്കാനാകുന്നതാണ് എന്നതാണ് വസ്തുത. ജീവിതശൈലിയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തുക വഴി കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും.

(ലേഖനം തയ്യാറാക്കിയത് ആലുവ രാജഗിരി ഹോസ്പിറ്റല്‍ ഹെപ്പറ്റോളജി ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് ഹെപ്പറ്റോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോണ്‍ മേനാച്ചേരിയാണ്)

)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it