ഡെല്‍റ്റ വകഭേദം; 'ലോകം വളരെയേറെ അപകടത്തിലെ'ന്ന് ലോകാരോഗ്യ സംഘടന മേധാവി

കോവിഡ് പാന്‍ഡെമിക്കിന്റെ ആക്കം കുറഞ്ഞിട്ടില്ലെന്നു മാത്രമല്ല, ലോകം''വളരെ അപകടകരമായ ഒരു കാലഘട്ടത്തിലാണ്'' എന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രേഷ്യസ്. ഡെല്‍റ്റ വേരിയന്റ് ഇപ്പോള്‍ നൂറോളം രാജ്യങ്ങളില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റ് വളരെ വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്നതും പരിവര്‍ത്തനം ചെയ്യുന്നതു തുടരുകയാണെന്നും ഇത് പല രാജ്യങ്ങളിലും പ്രബലമായ കോവിഡ് വൈറസായി മാറുകയാണെന്നും ഒരു പത്രസമ്മേളനത്തില്‍ ടെഡ്രോസ് അദാനോം ഗബ്രേഷ്യസ് പറഞ്ഞു.

അടുത്ത വര്‍ഷം ഈ സമയമാകുമ്പോഴേക്കും എല്ലാ രാജ്യങ്ങളിലെയും 70% ആളുകള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്ന് ഉറപ്പാക്കാന്‍ ലോകമെമ്പാടുമുള്ള നേതാക്കളോട് താന്‍ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് പാന്‍ഡെമിക്കിന്റെ ഈ അത്യാഹിത ഘട്ടം ഫലപ്രദമായി അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമായി മൂന്ന് ബില്യണ്‍ ഡോസ് വാക്‌സിന്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോളതലത്തില്‍ നല്‍കിയ വാക്‌സിന്‍ ഡോസുകളില്‍ രണ്ട് ശതമാനത്തില്‍ താഴെ ദരിദ്ര രാജ്യങ്ങളിലാണ്. ബ്രിട്ടന്‍, യുഎസ്, ഫ്രാന്‍സ്, കാനഡ എന്നിവയുള്‍പ്പെടെ സമ്പന്ന രാജ്യങ്ങള്‍ ഒരു ബില്യണ്‍ വാക്‌സിനുകള്‍ സംഭാവന ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ടെങ്കിലും, ലോകത്തെ പ്രതിരോധിക്കാന്‍ ഇനിയും 11 ബില്ല്യണ്‍ ഡോസുകള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലും അതിന്റെ മെട്രോപൊളിറ്റന്‍ പ്രദേശത്തും കോവിഡ് കേസുകള്‍ രണ്ടാഴ്ച മുമ്പ് ഇരട്ടിയിലധികമായി വര്‍ധിച്ചതായും അദ്ദേഹം കണക്കുകള്‍ നിരത്തി. സിയോളിലും മറ്റും ഇളവുകള്‍ നല്‍കിയത് രോഗവ്യാപനത്തിന് വഴി വെച്ചു. ഇന്‍ഡോര്‍ ഡൈനിംഗ് വിപുലീകരിക്കുന്നതിനും ഒത്തുചേരാന്‍ അനുമതിയുള്ള ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും റെസ്റ്റോറന്റുകളെയും ബാറുകളെയും അനുവദിക്കുന്ന നടപടികള്‍ ജൂലൈ തുടക്കത്തില്‍ രാജ്യവ്യാപകമായി അവതരിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും ഈ പ്രദേശത്തെ സമീപകാല കേസുകളുടെ വര്‍ധനവ് കാരണം സിയോള്‍, ഇഞ്ചിയോണ്‍, ജിയോംഗി പ്രവിശ്യാ ഗവണ്‍മെന്റുകള്‍ ഈ പദ്ധതികള്‍ നടപ്പാക്കുന്നത് കുറഞ്ഞത് ഒരാഴ്ചയെങ്കിലും നിര്‍ത്തിവച്ചിട്ടുണ്ട്.
രാജ്യത്ത് വര്‍ധിച്ച് ഡെല്‍റ്റ കേസുകള്‍
ഇന്ത്യയില്‍ 12 സംസ്ഥാനങ്ങളിലായി 56 ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ജൂണ്‍ 23നും 29നും ഇടയിലെ കണക്കുപ്രകാരം 71 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് 10ശതമാനത്തില്‍ കൂടുതലാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
രാജ്യം മൊത്തം സുരക്ഷതരാകുന്നതുവരെ ആര്‍ക്കും സുരക്ഷിതരായിരിക്കില്ല. സുരക്ഷയില്‍ വിട്ടുവീഴ്ച വരുത്താന്‍ കഴിയില്ല. വൈറസ് ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും വി.കെ. പോള്‍ പറഞ്ഞു. കേരളം, അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂര്‍ എന്നവിടങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ മള്‍ട്ടി ഡിസിപ്ലിനറി സംഘത്തെ ഇവിടങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമീണ മേഖലയില്‍ മൂന്നാം തരംഗം നേരിടുന്നതിനായി ഒരുക്കങ്ങള്‍ നടത്തണം. കുട്ടികള്‍ക്കായി പരിശോധനാ സംവിധാനങ്ങള്‍, വെന്റിലേറ്ററുകള്‍, മരുന്നുകള്‍, സുരക്ഷ മുന്‍കരുതലുകള്‍ തുടങ്ങിയവ സ്വീകരിക്കണം. കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണെങ്കില്‍ മൂന്നാംതരംഗത്തെ ഒഴിവാക്കാമെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it